റോഡ് തടസപ്പെടുത്തി, ആയുധങ്ങൾ കൈയിലേന്തി, ഉറക്കെ പാട്ട് വച്ചായിരുന്നു കേക്ക് മുറിയും ആഘോഷവും. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് കേസെടുത്തു. 

റോഡ് ബ്ലോക്ക് ചെയ്ത്, കേക്ക് മുറിച്ച്, കൈയില്‍ പല തരത്തിലുള്ള കത്തികളും പിടിച്ച് നൃത്തം ചവിട്ടിയ പിറന്നാളാഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറൽ. പിന്നാലെ യുവാക്കൾക്കെതിരെ കേസെടുത്ത് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ ഒരു തെരുവിൽ ഉച്ചത്തിൽ ഡിജെ പാട്ടും കൈയില്‍ വാളുകളും കത്തികളും പിടിച്ച് കൊണ്ടുള്ള ഒരു കൂട്ടം യുവാക്കളുടെ പിറന്നാൾ ആഘോഷമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ആസിഫ് നഗറിലെ സയ്യിദ് അലി ഗുഡയ്ക്കാണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിറന്നാൾ ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ റോഡുകൾ ഉപരോധിച്ച് കേക്ക് മുറിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. സയ്യിദ് അലി ഗുഡയുടെ ജന്മദിനാഘോഷമായിരുന്നു അത്. വീഡിയോയില്‍ ഉച്ചത്തിൽ ഡിജെ സംഗീതവും കേൾക്കാം. പാട്ടിനൊപ്പിച്ച് ചില യുവാക്കൾ കൈയില്‍ വാളും കത്തികളും വടികളും പിടിച്ച് അപകടകരമായ രീതിയില്‍ നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Scroll to load tweet…

പാർട്ടി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. പിന്നാലെ പോലീസ് സ്വമേധയാ കേസെടുക്കുകായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. റോഡ് തടഞ്ഞ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ച മുഹമ്മദ് ഫസലിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുജനത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നടപടികൾ അനുവദിക്കാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. ഇത് ആഘോഷമല്ല, ഭ്രാന്ത്രണെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. നമ്മുടെ തെരുവുകളില്‍ സമാധാനമാണ് വേണ്ടത്. അല്ലാതെ ഇത്തരം അരാജകത്വമല്ല, പോലീസ് ഇത്തരം പ്രവര്‍ത്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നവെന്നും ചിലരെഴുതി.