ഇറാന്‍റെ മിസൈലുകൾ തങ്ങളുടെ ആകാശത്തിന് മുകളിലൂടെ ഇസ്രയേല്‍ ലക്ഷ്യമാക്കി കുതിക്കുമ്പോൾ ലെബണനിലെ ഒരു ഹോട്ടലിന്‍റെ റൂഫ് ടോപ്പില്‍ സാക്സഫോണ്‍ വായിച്ച് കൊണ്ട് ഒരാൾ നില്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന്‍റെ പുനസ്ഥാപനം മുതല്‍ അതിന്‍റെ ചരിത്രം തുടങ്ങുന്നു. അതിന്‍റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം ലെബണനിന്‍റെ ആകാശത്ത് കൂടി ഇറാന്‍റെ മിസൈലുകൾ ഇസ്രയേല്‍ ലക്ഷ്യമാക്കി പറന്നപ്പോൾ, ലെബണനീസ് പൗരന്മാര്‍ റൂഫ് ടോപ്പ് പാര്‍ട്ടി നടത്തി സാക്സഫോണ്‍ വായിച്ചതും. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ മണിക്കൂറുകൾക്കകം ലോകമെങ്ങും പങ്കുവയ്ക്കപ്പെട്ടു.

ഒരു ഹോട്ടലിന്‍റെ റൂഫ് ടോപ്പില്‍ നിന്നും മിസൈലുകളുടെ ദൃശ്യങ്ങൾ ആളുകൾ തങ്ങളുടെ മൊബൈലില്‍ പകര്‍ത്തുമ്പോൾ ഒരാൾ സാക്സഫോണ്‍ വായിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. വീഡിയോ, എക്സ്, ഇന്‍സ്റ്റാഗ്രം, ഫേസ്ബുക്ക്, തുടങ്ങിയ ഏതാണ്ടെല്ലാ സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു. തങ്ങളുടെ ആകാശത്തിന് മുകളിലൂടെ രണ്ട് രാജ്യങ്ങൾ നടത്തുന്ന യുദ്ധത്തിനിടെയിലും ഒരാൾ സാക്സഫോണ്‍ വായിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ സമിശ്ര വികാരമാണ് സൃഷ്ടിച്ചത്. 'ഇതിനിടെയില്‍ ലെബണനില്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

Scroll to load tweet…

ടൈറ്റാനിക് തകര്‍ന്ന് വീഴുമ്പോഴും ബാന്‍റ് സംഘം സംഗീത വിരുന്നിലായിരുന്നുവെന്ന് ഒരു കാഴ്ചക്കാരന്‍ കുറിച്ചു. അവനവന്‍റെ മുഖത്തിന് നേരെ വരുന്നത് വരെ എല്ലാം ഒരു തമാശയെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇരുണ്ട സമയത്ത് ചുറ്റും മിസൈലുകൾ പറന്ന് വീഴുമ്പോൾ അവര്‍ പുറത്ത് സംഗീതം ആസ്വദിക്കുകയായിരുന്നു. എല്ലാം ഒരു ഷോ പോലെയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്.

'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍' എന്ന പേരില്‍ ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലടക്കം അപ്രതീക്ഷിതമായി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ വർഷം നടത്തിയത്. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ 128 പേര്‍ കൊല്ലപ്പെട്ടെന്നും 900 പേര്‍ക്ക് പരിക്കേറ്റെന്നും ഇറാന്‍റെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 'ഒപ്പറേഷന്‍ ട്രൂ പ്രോമിസ് 111' എന്ന പേരില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ 150 ഓളം ബാലസ്റ്റിക് മിസൈലുകളും 100 ഒളം ഡ്രോണുകളും ഉപയോഗിക്കപ്പെട്ടതായി കരുതുന്നു. 10 ഇസ്രയേലി പൗരന്മാര്‍ മരിച്ചപ്പോൾ 200 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.