600 പെട്ടി മാമ്പഴവുമായി പോയ ട്രക്ക് നഗരമധ്യത്തില്‍ മറിഞ്ഞു. നിമിഷ നേരം കൊണ്ട് ട്രക്ക് കാലി.
കൊള്ളയടിക്കുന്നത് തെറ്റാണ്, തെറ്റ് ചെയ്തവർക്ക് നിയമപരമായ ശിക്ഷകളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, ഒരു വലിയ ജനക്കൂട്ടം ഒന്നിച്ചു ചേർന്ന് കൊള്ളയടിച്ചാൽ ആർക്കെതിരെ നടപടിയെടുക്കും? യഥാർത്ഥത്തിൽ അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഡെറാഡൂണിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിറയെ മാമ്പഴവുമായി എത്തിയ ഒരു ട്രക്ക് ഡെറാഡൂണിലെ റിസ്പാന പാലത്തിൽ വെച്ച് അപകടത്തിൽപ്പെട്ടു. ട്രക്ക് മറിഞ്ഞതും അതിൽ ഉണ്ടായിരുന്ന മാമ്പഴ പെട്ടികൾ മുഴുവൻ റോഡിലേക്ക് തെറിച്ചു വീണു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പിന്നെ ഒന്നും ആലോചിച്ചില്ല കൈയിലെടുക്കാന്‍ പറ്റുന്നത്രയും മാമ്പഴവുമായി ഓടി. നിമിഷങ്ങൾക്കുള്ളില്‍ ട്രക്കിനുള്ളിൽ ഉണ്ടായിരുന്ന മാമ്പഴത്തിൽ ഭൂരിഭാഗവും നാട്ടുകാർ കൊള്ളയടിച്ചു.
ജൂലൈ 16 ബുധനാഴ്ച പുലർച്ചെ 3. 30 ഓടെയാണ് സംഭവം. ഏകദേശം 600 പെട്ടി മാമ്പഴം ട്രക്കിൽ നിറച്ചിരുന്നതായാണ് പറയപ്പെടുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പക്ഷേ, ആളുകൾ മാമ്പഴം കൊള്ളയടിക്കാൻ മറിഞ്ഞ ട്രക്കിലേക്ക് ഇരച്ചുകയറി. വഴിയേ പോയ ചിലര്‍ വണ്ടി നിര്‍ത്തി മാമ്പഴം എടുത്ത് പോകുന്നതും കാണാം. ഒട്ടും മര്യാദ ഇല്ലാതെ ആളുകൾ നടത്തിയ ഈ കൊള്ളയടിക്കലിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അപരിഷ്കൃതമായ നാട്ടുകാരുടെ പെരുമാറ്റത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം വിമർശിച്ചു.
X-ൽ @TrueStoryUP എന്ന പേരിൽ അറിയപ്പെടുന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, "ഡെറാഡൂണിലെ റിസ്പാന പാലത്തിൽ, മാമ്പഴം നിറച്ച ഒരു ട്രക്ക് മറിഞ്ഞു. ട്രക്ക് മറിഞ്ഞയുടനെ, ഒരു ജനക്കൂട്ടം അവിടെ തടിച്ചുകൂടി. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനായിരുന്നില്ല അവർ എത്തിയത്. ട്രക്കിനുള്ളിൽ ഉണ്ടായിരുന്ന മാമ്പഴ പെട്ടികൾ എടുത്ത് കൊണ്ടു പോകാനായിരുന്നു. പരിക്കേറ്റ ഡ്രൈവറെയോ സഹായിയെയോ ആരും തിരിഞ്ഞു നോക്കിയില്ല. ചിലർ മാമ്പഴം മോഷ്ടിക്കാൻ തിരക്ക് കൂട്ടിയപ്പോൾ മറ്റുചിലർ വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആളുകൾക്കിടയിൽ സത്യസന്ധത അപ്രത്യക്ഷമായെന്നും സഹായം ആവശ്യമുള്ളവർക്ക് അത് നൽകാൻ ആരുമില്ലെന്നും നിരവധി ഉപയോക്താക്കൾ കുറിച്ചു.


