ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരത്തിന്റെ ചുമരുകളിൽ സന്ദർശകർ പേരെഴുതുന്ന വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം ഉയർന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള യുനെസ്കോ പൈതൃക സ്മാരകം നശിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയർന്നത്.

ഹുമയൂണിന്‍റെ ശവകുടീരത്തിന്‍റെ ചുമരുകളിൽ സന്ദർശകർ പേരെഴുതുന്നതിന്‍റെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾക്ക് കാരണമായി.Indian Civic Fails എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ പങ്കുവെച്ച വീഡിയോയിലാണ് സന്ദർശകർ നൂറ്റാണ്ടുകൾ പഴക്കമുള്ള മുഗൾ കാലഘട്ടത്തിലെ ശവകുടീരത്തിന്‍റെ ചുമരുകളിൽ തങ്ങളുടെ പേരുകൾ എഴുതിവെക്കുന്ന ദൃശ്യങ്ങഴുള്ളത്. ഒരാൾ മറ്റൊരാളുടെ തോളിൽ കയറി സ്മാരകത്തിന്‍റെ ചുമരിന്‍റെ മുകൾ ഭാഗത്ത് പേരെഴുതുന്നതും വീഡിയോയിൽ കാണം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഒരു സ്ഥലത്ത് ഇത്തരം പെരുമാറ്റം കണ്ടപ്പോൾ “ഞെട്ടിപ്പോയി” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രതിഷേധം

വീഡിയോ അതിവേഗം വൈറലാവുകയും, നെറ്റിസൺമാരിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തു. ഈ പ്രവൃത്തിയെ പലരും ലജ്ജാകരം, അനാദരവ് തുടങ്ങിയ പദങ്ങളുപയോഗിച്ചാണ് വിശേഷിപ്പിച്ചത്. സന്ദർശകരുടെ പൊതുബോധമില്ലായ്മയെ പലരും വിമർശിച്ചു. ബഹുമാനിക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് ആളുകൾ പൈതൃക സ്ഥലങ്ങളിൽ പോകുന്നതെന്നായിരുന്നു ഒരു ഉപയോക്താവ് ചോദിച്ചു. വിഡ്ഢിത്തത്തിന്‍റെ പാരമ്യമെന്നാണ് മറ്റൊരാൾ ഈ നശീകരണത്തെ വിശേഷിപ്പിച്ചത്. കുറ്റവാളികൾക്ക് കനത്ത പിഴ ചുമത്തുകയോ ഭാവിയിൽ സ്മാരകങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ വിലക്കുക പോലുള്ള കർശന ശിക്ഷകൾ നൽകണമെന്ന് പലരും ആവശ്യപ്പെട്ടു. സുരക്ഷാ ജീവനക്കാരോ മറ്റ് സന്ദർശകരോ ഇവരുടെ പ്രവർത്തിയിൽ ഇടപെടാതിരുന്നതിനെയും പലരും ചോദ്യം ചെയ്തു.

ഹുമയൂണിന്‍റെ ശവകുടീരം

1570-ൽ നിർമ്മിച്ച ഹുമയൂണിന്‍റെ ശവകുടീരം ദില്ലിയിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങളിൽ ഒന്നാണ്. ബേഗ ബീഗം രാജ്ഞി നിർമ്മിച്ച ഇത്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പൂന്തോട്ട-ശവകുടീരമാണ്. താജ് മഹൽ ഉൾപ്പെടെയുള്ള മുഗൾ വാസ്തുവിദ്യകൾക്ക് ഇത് വലിയ പ്രചോദനമായി. 1993-ൽ യുനെസ്കോ ഇതിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. അതിന്‍റെ സൗന്ദര്യവും വാസ്തുവിദ്യാപരമായ പൂർണ്ണതയും സംരക്ഷിക്കുന്നതിനായി വർഷങ്ങളായി വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെയാണ് ഇത് ഓരോ വർഷവും എത്തുന്നത്.

നശീകരണം

ചരിത്ര സ്ഥലങ്ങളിലെ നശീകരണം ഇന്ത്യയിൽ ഒരു പുതിയ കാര്യമല്ല. ആഗ്രയിലെ താജ് മഹൽ മുതൽ ദില്ലിയിലെ ഖുതുബ് മിനാർ വരെ, പല സ്മാരകങ്ങളിലും ഇത്തരം ധാരാളം ചുമരെഴുത്തുകൾ കാണാം. മാലിന്യം വലിച്ചെറിയൽ, അശ്രദ്ധരായ സന്ദർശകർ കാരണം ഘടനാപരമായ കേടുപാടുകൾ എന്നിവ മിക്ക സംരക്ഷിത സ്മാരകങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന ബോധവൽക്കരണ കാമ്പെയ്‌നുകളും കർശനമായ നിയമങ്ങളും ഉണ്ടായിട്ടും, പലപ്പോഴും നിയമ നടപടികൾ ദുർബലമാണെന്നും ആക്ഷേപം ഉയരുന്നു.