യൂട്യൂബ് ചാനലിനായി വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടത് അറിഞ്ഞില്ല. അതിശക്തമായ ഒഴുക്കില്‍ യൂട്യൂബര്‍ ഒഴുകിപ്പോവുകയായിരുന്നു. 

ഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒരു യൂട്യൂബറെ കാണാതായി. ഗഞ്ചം ജില്ലയിലെ ബെർഹാംപൂരിൽ നിന്നുള്ള 22 വയസുകാരനായ സാഗർ ടുഡു എന്ന യൂട്യൂബറെയാണ് കാണാതായതെന്ന് അധികൃതര്‍ അറിയിച്ചു. തന്‍റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സുഹൃത്ത് അഭിജിത് ബെഹേരയ്‌ക്കൊപ്പം കോരാപുട്ട് സന്ദർശിച്ചതായിരുന്നു സാഗറെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നുു.

ഉച്ച കഴിഞ്ഞ് സ്ഥലത്തെത്തിയ സംഘം, വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യം റീൽസിനായി ഡ്രോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ കോരാപുട്ടിലെ ലാംതപുട്ട് പ്രദേശത്ത് കനത്ത മഴ പെയ്തതിനെത്തുടർന്ന് മച്ചകുണ്ഡ അണക്കെട്ട് അധികൃതർ തുറന്ന് വിട്ടിരുന്നു. താഴ്വാരയിലെ ജനങ്ങളെ വിവരം അറിയിച്ച ശേഷമാണ് അണക്കെട്ട് തുറന്നതെങ്കിലും ഡ്രോണ്‍ ഷൂട്ടിനിടെ സാഗറോ സംഘമോ അണക്കെട്ട് തുറന്ന് വിട്ട വിവരം അറിഞ്ഞിരുന്നില്ല.

Scroll to load tweet…

ഈ സമയം നദിയുടെ നടുക്ക് നില്‍ക്കുകയായിരുന്നു സാഗറെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തം. വെള്ളം കുറവായിരുന്ന നദിയില്‍ ഇതോടെ പെട്ടെന്ന് വെള്ളം കൂടി. സാഗറിന് കരയിലേക്ക് എത്തിച്ചേരാനായില്ല. സുഹൃത്തുക്കളും മറ്റ് സഞ്ചാരികളും കൂടി സാഗറിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അതിശക്തമായ വെള്ളത്തില്‍ ഏറെ അപകടങ്ങൾ നിറഞ്ഞ കുത്തനെയുള്ള വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ നദിയിലേക്ക് സാഗര്‍ കാൽ തെറ്റി വീഴുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവം അറിഞ്ഞ് മച്ച്കുണ്ട പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും സാഗറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.