വിനോദസഞ്ചാരികളും ഇവിടെ മരം കാണാൻ ധാരാളമായി എത്താറുണ്ട്. മരത്തിന്റെ ഒരു കൊമ്പ് പോലും മുറിയാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുന്നു. അതിനാലാണ് ചുറ്റും വേലി കെട്ടി 24 മണിക്കൂറും സംരക്ഷണം നൽകിയിട്ടുള്ളത്.
മധ്യപ്രദേശി(Madhya Pradesh)ലെ സൽമത്പൂരി(Salamatpur)ലെ ഒരു കുന്നിൻ മുകളിൽ സവിശേഷമായ ഒരു വൃക്ഷമുണ്ട്. ഒരുപക്ഷെ രാജ്യത്തെ ആദ്യത്തെ വിവിഐപി മരമായിരിക്കും അത്. കാരണം ഈ വൃക്ഷം നശിക്കാതെ നിലനിർത്താൻ സംസ്ഥാന സർക്കാരിന് പ്രതിവർഷം 12 ലക്ഷം രൂപയാണ് ചെലവ്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനും വിദിഷ പട്ടണത്തിനും ഇടയിൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സാഞ്ചി ബുദ്ധ കോംപ്ലക്‌സിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയായിട്ടാണ് മരം വളരുന്നത്.
ഈ മരത്തെ സംരക്ഷിക്കാനായി 4 സെക്യൂരിറ്റി ഉദ്യോഗസ്ഥർ മുഴുവൻ സമയമെന്നോണം അവിടെ കാവൽ നിൽക്കുന്നു. ഇതിന്റെ ഒരു കൊമ്പ് ഒടിഞ്ഞു വീണാൽ പോലും ജില്ലാ ഭരണകൂടത്തിന്റെ ഉറക്കം കെടും. ഓരോ 15 ദിവസത്തിലും അതിന്റെ മെഡിക്കൽ പരിശോധന നടത്തി വരുന്നു. ഈ മരം സന്ദർശിക്കാൻ എല്ലാ ആഴ്ചയും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്താറുണ്ട്. ഈ മരത്തിന്റെ പ്രത്യേകത ഇത് സവിശേഷമായ ബോധിവൃക്ഷമാണ് എന്നതാണ്. 2012 സെപ്തംബർ 21-ന് അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് ഇത് നട്ടുപിടിപ്പിച്ചത്. ബുദ്ധമതത്തിൽ ഇതിനുള്ള പ്രാധാന്യമാണ് ഇത് സംരക്ഷിക്കപ്പെടാനുള്ള ഒരു പ്രധാന കാരണം. ഭഗവാൻ ബുദ്ധന് ബോധോദയം ലഭിച്ചത് ബോധഗയയിലെ ഈ മരത്തിന്റെ ചുവട്ടിലാണ് എന്നാണ് ബുദ്ധമതക്കാർ വിശ്വസിക്കുന്നത്. 15 അടിയോളം ഉയരമുള്ള ഇരുമ്പ് വലയ്ക്കുള്ളിൽ സദാസമയവും ഹോം ഗാർഡുകളുടെ നിരീക്ഷണത്തിലാണ് ഈ വിവിഐപി മരം.
സാഞ്ചി സ്തൂപത്തിനടുത്തുള്ള നൂറേക്കറിൽ പരന്നു കിടക്കുന്ന വിജനമായ സ്ഥലത്താണ് ഈ മരം നട്ടിരിക്കുന്നത്. ഈ മരം വളരുമ്പോൾ കിലോമീറ്ററുകളോളം അകലെ നിന്ന് പോലും കാണാൻ കഴിയും. "മരത്തിന്റെ സുരക്ഷയ്ക്കും ജലസേചനത്തിനുമായി നാല് ഗാർഡുകളെ നിയമിച്ചിട്ടുണ്ട്. മുഴുവൻ കുന്നും ബുദ്ധ സർവ്വകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. പ്രദേശം മുഴുവൻ ഒരു ബുദ്ധ സർക്യൂട്ടായി വികസിപ്പിക്കാനാണ് ഞങ്ങളുടെ പദ്ധതി," സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വരുൺ അവസ്തി പറഞ്ഞു. മരത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഇത്രയേറെ കരുതൽ സർക്കാർ നൽകുന്നത് കണ്ടാണ് ആളുകൾ അതിനെ വിവിഐപി മരം എന്ന് വിളിക്കാൻ തുടങ്ങിയത്.
വിനോദസഞ്ചാരികളും ഇവിടെ മരം കാണാൻ ധാരാളമായി എത്താറുണ്ട്. മരത്തിന്റെ ഒരു കൊമ്പ് പോലും മുറിയാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കുന്നു. അതിനാലാണ് ചുറ്റും വേലി കെട്ടി 24 മണിക്കൂറും സംരക്ഷണം നൽകിയിട്ടുള്ളത്. ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ്, റവന്യൂ, പൊലീസ്, സാഞ്ചി മുനിസിപ്പൽ കൗൺസിൽ എന്നിവയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഈ ബോധിവൃക്ഷത്തെ പരിപാലിക്കാൻ ഈ വകുപ്പുകളെല്ലാം സദാ സജ്ജമാണ്.
