മാഡ്‌വി ഹിഡ്മ എന്നത് ഛത്തീസ്ഗഡിലെ നാട്ടുകാരിൽ പലർക്കും, ദണ്ഡകാരണ്യത്തിലെ ഉൾക്കാടുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു നിഴലിന്റെ പേരാണ്. ആളെ തിരിച്ചറിയാനാകും വിധത്തിൽ അടുത്തകാലത്തെങ്ങും എടുത്ത ഒരു ചിത്രം പോലുമില്ല ഇയാളുടെ. 38-40 വയസ്സോളം പ്രായമുണ്ടാവും ഇയാൾക്കെന്നത് ലോക്കൽ പൊലീസിന്റെ ഒരു ഏകദേശ അനുമാനം മാത്രമാണ്. തലയ്ക്ക് നാല്പത് ലക്ഷം ഇനാമുള്ള  കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവും, പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ ഒന്നാം ബറ്റാലിയന്റെ കമാണ്ടറുമായ ഹിഡ്മ ഛത്തിസ്ഗഡിലെ സുക്മ ജില്ലയിലെ ഒരു ഗോത്രവർഗത്തലവൻ കൂടിയാണ്. സിപിഐ - മാവോയിസ്റ്റ് എന്ന നിരോധിത സംഘടനയുടെ ദണ്ഡകാരണ്യം സ്‌പെഷ്യൽ സോണൽ കമ്മിറ്റിയിലും അംഗമായ ഇയാളുടെ വിഹാര കേന്ദ്രം സുക്മ, ദന്തെവാഡ, ബീജാപൂർ എന്നീ ജില്ലകളാണ്. മാവോയിസ്റ്റ് സംഘടനകൾ പുതുതായി രൂപീകരിച്ചിട്ടുള്ള സെൻട്രൽ മിലിട്ടറി കമ്മീഷന്റെ തലവനും കമാണ്ടർ  മാഡ്‌വി ഹിഡ്മ തന്നെയാണ് എന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത റിപ്പോർട്ടുകൾ പറയുന്നത്. 

ദക്ഷിണ സുക്മയിലെ പൂർവതി ഗ്രാമത്തിലാണ്  മാഡ്‌വി ഹിഡ്മ ജനിച്ചത് എന്ന് പറയപ്പെടുന്നു. ബസ്തർ പ്രവിശ്യയിലെ മുറിയ ഗോത്രത്തിൽ പിറന്ന ഇയാൾക്ക് സന്തോഷ് എന്നും ഹിഡ്മാലു എന്നും  വിളിപ്പേരുകളുണ്ട്. ബസ്റ്റർ മേഖലയിൽ അപ്രഖ്യാപിതമായി നിലവിലുള്ള മാവോയിസ്റ്റ് ഗവണ്മെന്റിന്റെ പ്രധാന വക്താവും ഹിഡ്മയാണ്. പത്താം ക്‌ളാസ് വരെ മാത്രം പഠിപ്പുള്ള ഇയാൾ അതിനു ശേഷം പഠിപ്പുനിർത്തി നക്സലൈറ്റ് സംഘങ്ങളോടൊപ്പം ചേർന്ന്  പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു. അധികം വൈകാതെ തന്നെ ഗറില്ലാ യുദ്ധമുറകളിൽ വൈദഗ്ധ്യം നേടിയ ഹിഡ്മ അവരുടെ മുഖ്യ സൈനികാസൂത്രകനായി ഉയരുകയായിരുന്നു. 

സുക്മ-ബീജാപ്പൂർ അതിർത്തിയിൽ നടന്ന സായുധ പോരാട്ടത്തിൽ സിആർപിഎഫിന്റെ ജവാന്മാരെ കെണിയിൽ പെടുത്തി, അവരിൽ 22 പേരെ വെടിവെച്ചും വെട്ടിയും കൊന്നതിനു പിന്നിലെ ബുദ്ധികേന്ദ്രവും ഇയാൾ തന്നെയാണ് എന്നാണ് പൊലീസ് പറയുന്നത്. 

കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി ആകമാനങ്ങൾ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഛത്തീസ്ഗഡിൽ ഉണ്ടായിട്ടുണ്ട്. 2013 മെയ് 25 -നു കോൺഗ്രസിന്റെ പരിവർത്തൻ യാത്ര സുക്മയിൽ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. അന്നത്തെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്  നന്ദ കുമാർ പട്ടേൽ, മുതിർന്ന നേതാക്കളായ വിദ്യാചരൻ ശുക്ല, മഹേന്ദ്ര കർമ്മ എന്നിവർ അടക്കം 29 പ്രവർത്തകർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പിന്നിലും ഹിഡ്മയുടെ ഗൂഢാലോചനയായിരുന്നു. അതുപോലെ 2017 മാർച്ച് 12 നു ഭേജി ഗ്രാമത്തിൽ വെച്ച് 12 സിആർപിഎഫ് ജവാന്മാർ മരണപ്പെട്ട മറ്റൊരു ആക്രമണവും മാവോയിസ്റ്റ് സംഘടനകൾ നടത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെ, ഏപ്രിൽ 25 -ന്, ബുർകപാൽ-ചിന്താഗുഫ പ്രദേശത്തു നടന്ന മറ്റൊരു ഒളിയാക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ജവാന്മാർ ആയിരുന്നു. തൊട്ടടുത്ത മാസം വീണ്ടും, മെയ് 6 ന് സുക്മ ജില്ലയിലെ കാസൽപാഡിൽ വെച്ചുണ്ടായ ആക്രമണം 14 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്തു. 2019 ഏപ്രിൽ 9 ന് നടന്ന മറ്റൊരു ഐഇഡി സ്‌ഫോടനത്തിൽ ബിജെപി എംഎൽഎ ഭീമാ മാണ്ഡവി കൊല്ലപ്പെടുകയുണ്ടായി. 1967 മുതൽ പ്രവിശ്യയിൽ സജീവമായ മാവോയിസ്റ്റുകൾ ഇന്നും നിരന്തരം സ്റ്റേറ്റുമായുള്ള പോരാട്ടങ്ങൾ തുടരുക തന്നെയാണ്. കഴിഞ്ഞ ദിവസം നടന്നത് 2010 -ൽ  76 ജവാന്മാരുടെ ജീവനാശത്തിനു കാരണമായ ദന്തെവാഡ ആക്രമണത്തിന് ശേഷം നടന്നതിൽ വെച്ച് ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ്.