Asianet News MalayalamAsianet News Malayalam

ലൈംഗികവേട്ടക്കാരന്‍ ഈ പ്രമുഖഗായകന്‍, പതിറ്റാണ്ടുകള്‍ നീണ്ട ഞെട്ടിക്കുന്ന പീഡനകഥകള്‍!

ബ്രൂക്ക്‌ലിന്‍ കോടതിയാണ് ഇന്നലെ ഇയാളെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷിക്കാഗോ കോടതിയില്‍ ഇയാള്‍ക്കെതിരെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇല്ലിനോയിസിലും മിനാസൊറ്റയിലുമുള്ള കോടതികളിലും ഇയാള്‍ക്കെതിരെ  ഗുരുതരമായ ലൈംഗിക പീഡന കേസുകള്‍ നിലവിലുണ്ട്. 

Who is R Kelly famous US singer who is sentenced to 30 years in prison for sexual abuse charges
Author
Brooklyn, First Published Jun 30, 2022, 4:23 PM IST

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. സംഗീതജീവിതം ആരംഭിക്കാന്‍ സഹായം ചോദിച്ചെത്തുന്ന പ്രായപൂര്‍ത്തിയാവാത്ത ഗായകര്‍ തൊട്ട്, സെക്‌സ് റാക്കറ്റുകള്‍ വഴി സംഘടിപ്പിക്കുന്ന കുട്ടികള്‍ വരെ ഇയാളുടെ ഇരകളായി എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

 

Who is R Kelly famous US singer who is sentenced to 30 years in prison for sexual abuse charges

 

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി ലൈംഗിക പീഡനങ്ങളുടെ രണ്ട് പതിറ്റാണ്ടുകള്‍. നിരവധി സ്ത്രീകളുടെ പരാതികള്‍. സെക്‌സ് ട്രാഫിക്കിംഗ് അടക്കമുള്ള ആസൂത്രിത കുറ്റകൃത്യങ്ങള്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് വര്‍ഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ചുവെന്ന കണ്ടെത്തലുകള്‍. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇരകളുടെ വെളിപ്പെടുത്തലുകള്‍. ഇന്നലെ അമേരിക്കന്‍ കോടതി 30 വര്‍ഷം തടവിനു ശിക്ഷിച്ച പ്രമുഖ ഗായകന്‍ ആര്‍ കെല്ലിയ്ക്ക് എതിരായി ഉയര്‍ന്നത് ഞെട്ടിപ്പിക്കുന്ന കേസുകള്‍. ബ്രൂക്ക്‌ലിന്‍ കോടതിയാണ് ഇന്നലെ ഇയാളെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഷിക്കാഗോ കോടതിയില്‍ ഇയാള്‍ക്കെതിരെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇല്ലിനോയിസിലും മിനാസൊറ്റയിലുമുള്ള കോടതികളിലും ഇയാള്‍ക്കെതിരെ  ഗുരുതരമായ ലൈംഗിക പീഡന കേസുകള്‍ നിലവിലുണ്ട്. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. സംഗീതജീവിതം ആരംഭിക്കാന്‍ സഹായം ചോദിച്ചെത്തുന്ന പ്രായപൂര്‍ത്തിയാവാത്ത ഗായകര്‍ തൊട്ട്, സെക്‌സ് റാക്കറ്റുകള്‍ വഴി സംഘടിപ്പിക്കുന്ന കുട്ടികള്‍ വരെ ഇയാളുടെ ഇരകളായി എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കറുത്തവര്‍ഗക്കാരായ ഗായകരുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംഗീത കൂട്ടായ്മയായ ആര്‍ & ബിയിലെ (റിതം ആന്റ് ബ്ലൂസ്) പ്രമുഖഗായകനായ ആര്‍ കെല്ലി ഗായകന്‍ എന്ന നിലയിലുള്ള പ്രശസ്തിയും പണവും ഉപയോഗിച്ച് ഇത്ര കാലവും പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നാണ് ആറാഴ്ച നീണ്ട വിചാരണക്കിടയില്‍ ബ്രൂക്ക്‌ലിന്‍ കോടതി കണ്ടെത്തിയത്. 

രണ്ടു പതിറ്റാണ്ടോളം നിരവധി സ്്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആര്‍ കെല്ലിയ്ക്ക് 30 -വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ 10 വര്‍ഷത്തേക്ക് കുറക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍, മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങളാണ് ഇയാള്‍ ചെയ്തതെന്ന് കണക്കാക്കിയ കോടതി 55-വയസ്സുകാരനായ ഗായകന് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ പോവുമെന്നാണ് കെല്ലിയുടെ അഭിഭാഷകര്‍ അറിയിച്ചത്. കെല്ലിയ്ക്ക് എതിരായ ശിക്ഷാ വിധിയില്‍ ഇരകളും അവരുടെ കുടുംബങ്ങളും ആഹ്ലാദം പ്രകടിപ്പിച്ചു. നിരന്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇത്രനാളും കേസുകള്‍ തേച്ചുമാച്ചുകളഞ്ഞ് രക്ഷപ്പെട്ടുപോന്ന ഗായകനെതിരായ ശിക്ഷാനടപടി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു എന്നാണ് ഇയാളുടെ പീഡനത്തിന് ഇരയായ ഒരു സ്ത്രീ ബിബിസിയോട് പറഞ്ഞത്. 

കുട്ടിക്കാലത്ത് പീഡിപ്പിക്കപ്പെട്ടു, പിന്നീട് പീഡകനായി

റോബര്‍ട്ട് സില്‍വസ്റ്റര്‍ കെല്ലി എന്നാണ് ഈ ഗായകന്റെ മുഴുവന്‍ പേര്. ദാരിദ്ര്യം നിറഞ്ഞ, അവമതിക്കപ്പെട്ട കുട്ടിക്കാലം. ചെറുപ്പത്തില്‍ താന്‍ നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടിരുന്നതായി ഇയാളുടെ ആത്മകഥയില്‍ പറയുന്നുണ്ട്. എട്ടുവയസ്സുള്ളപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന ഒരു സ്ത്രീ തന്നെ  ബലാല്‍സംഗം ചെയ്തതായും ആത്മകഥയില്‍ വായിക്കാം. 

1994-ല്‍ കരിയറിന്റെ നല്ല കാലത്ത് തന്നെയാണ് കെല്ലിയ്‌ക്കെതിരെ ആദ്യ ആരോപണം ഉയര്‍ന്നത്. 27 വയസ്സായിരുന്നു അന്ന് കെല്ലിയ്്ക്ക്. 15 വയസ്സുള്ള ഗായിക ആലിയയെ വ്യാജരേഖകളുണ്ടാക്കി ഇയാള്‍ വിവാഹം ചെയ്തു എന്നായിരുന്നു അന്നത്തെ വിവാദം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്ത് വ്യാജ ഐഡികാര്‍ഡ് ഉണ്ടാക്കിയാണ് അന്ന് ആലിയയുടെ വിവാഹം നടന്നത് എന്നാണ് കെല്ലിയുടെ അന്നത്തെ ഒരസിസ്റ്റന്റ് പിന്നീട് വെളിപ്പെടുത്തിയത്. 2001-ല്‍ ആലിയ ഒരു വിമാനാപകടത്തില്‍ മരിച്ചു. പിന്നീട് കെല്ലി എഴുതിയ ആത്മകഥയിലൊന്നും ആലിയയെക്കുറിച്ച് ഒരു പരാമര്‍ശവും കാണാനാവില്ല. 


കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പുകള്‍

1996-ല്‍ ടിഫാനി ഹോക്കിന്‍സ് എന്ന സ്ത്രീയാണ് ആദ്യമായി കെല്ലിക്കെതിര കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷമായി തുടര്‍ന്ന ബന്ധത്തിനിടെ, കെല്ലി തന്നെ നിരന്തര ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായി അവര്‍ കോടതിയില്‍ മൊഴി നല്‍കി. പതിനഞ്ചു വയസ്സുള്ളപ്പോഴാണ് അന്ന് 24 വയസ്സുള്ള കെല്ലി തന്നെ ശാരീരികമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അവര്‍ മൊഴി നല്‍കി. ഈ കേസ് പിന്നീട്, വന്‍ നഷ്ടപരിഹാര തുക നല്‍കി ഒത്തുതീര്‍ത്തു.

2001-ല്‍ ട്രെയിസി സാംസണ്‍ എന്ന യുവതി കെല്ലിക്കെതിരെ പരാതി നല്‍കി. 17 വയസ്സുള്ളപ്പോള്‍ തന്നെ കെല്ലി ലൈംഗികമായി ഉപയോഗിച്ചു തുടങ്ങിയതായി അവര്‍ മൊഴി നല്‍കി. ലൈംഗിക അടിമയെപ്പോലെയാണ് കെല്ലി തന്നെ കൈകാര്യം ചെയ്തതെന്നും അവര്‍ മൊഴി നല്‍കി. ഈ കേസും കോടതിക്ക് പുറത്ത് വന്‍തുകയ്ക്ക് ഒത്തുതീര്‍പ്പായി. 

പിറ്റേ വര്‍ഷം കെല്ലിക്കെതിരെ മൂന്ന് കേസുകള്‍ വന്നു. പാട്രിസ് ജോണ്‍സ് എന്ന ചിക്കാഗോ യുവതി നല്‍കിയ പരാതിയില്‍, പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് കെല്ലി തന്നെ ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് അബോര്‍ഷന്‍ നടത്തുകയും ചെയ്തതായി പറയുന്നുണ്ട്. ഇതേ വര്‍ഷം തന്നെ മോണ്ടിന വുഡ്‌സ് എന്ന യുവതിയും കെല്ലിക്കെതിരെ കോടതിയെ സമീപിച്ചു. താനുമൊത്തുള്ള സെക്‌സ് കെല്ലി വീഡിയോ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നായിരുന്നു അവരുടെ പരാതി. ഈ രണ്ടു കേസുകളും പണം കൊടുത്ത് കോടതിക്ക് പുറത്ത് കെല്ലി ഒത്തുതീര്‍പ്പാക്കി.

 

കോടതിയിലെത്തിയിട്ടും നീതി കിട്ടാതെ ഇരകള്‍

അതേ വര്‍ഷം ജൂണിലാണ് കെല്ലിക്കെതിരെ ചിക്കാഗോ പൊലീസ് ഗൗരവമുള്ള ഒരു കേസ് എടുത്തത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കെല്ലി അവയുടെ വീഡിയോ ടേപ്പ് പ്രചരിച്ചു എന്നായിരുന്നു കേസ്. 

ചിക്കാഗോ സണ്‍ ടൈംസ് എന്ന മാധ്യമത്തിന് അയച്ചുകിട്ടിയ വീഡിയോ അവര്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. ഈ സമയത്താണ് കെല്ലിയുടെ ഏറ്റവും പ്രശസ്തമായ 'ഇന്‍ ദ് ക്ലോസറ്റ്' എന്ന ആല്‍ബം പുറത്തുവന്നതും അത് ഹിറ്റായതും നിരവധി അവാര്‍ഡുകള്‍ അതിന് ലഭിച്ചതും. കേസ് കോടതിയില്‍ എത്തിയപ്പോള്‍, വീഡിയോയിലുള്ളത് പ്രായപൂര്‍ത്തിയാവാത്ത കുട്ടി ആണോ എന്ന് വ്യക്തമല്ലെന്ന് പറഞ്ഞ് കോടതി കേസ് തള്ളി.

2002 അവസാനം കെല്ലിക്കെതിരെ ഫ്‌ളോറിഡ പൊലീസ് മറ്റൊരു കേസ് എടുത്തു. അയാളുടെ അവധിക്കാല വസതിയില്‍ നടത്തിയ തെരച്ചിലില്‍ ഒരു കുട്ടിയുമായി സെക്‌സ് നടത്തുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി. കെല്ലി ആദ്യമായി അറസ്റ്റിലായി. എന്നാല്‍, രണ്ടു വര്‍ഷത്തിനുശേഷം തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കോടതി ഈ കേസ് തള്ളി.

പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകള്‍

2017-ല്‍ കെല്ലിക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണമുയര്‍ന്നു. കെല്ലി ഒരു സെക്‌സ് കള്‍ട്ടിന്റെ ഭാഗമായി ആറു യുവതികളെ കുടുക്കിലാക്കിയതിന്റെ വിശദമായ വിവരങ്ങളുമായി 'ബസ്ഫീഡ്' അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സംഗീത കരിയറില്‍ സഹായം തേടി എത്തിയ ആറു സ്ത്രീകളെ  കെല്ലി ലൈംഗിക അടിമകളാക്കിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഈ റിപ്പോര്‍ട്ടില്‍. ഈ റിപ്പോര്‍ട്ട് കോളിളക്കം ഉണ്ടാക്കിയെങ്കിലും പരാതിക്കാര്‍ രംഗത്തുവരാത്തതിനാല്‍ കെല്ലി രക്ഷപ്പെട്ടു. 

എന്നാല്‍, അതിനു പിന്നാലെ, ജെര്‍ഹോന്ദ പേസ് എന്ന സ്ത്രീ കെല്ലിക്കെതിരെ രംഗത്തുവന്നു. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ കെല്ലി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. കിറ്റി ജോണ്‍സ് എന്ന മറ്റൊരു യുവതിയും കെല്ലിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തി. കെല്ലിയുമായി താന്‍ ബന്ധത്തിലായിരുന്ന കാലത്ത് അയാള്‍ തന്നെ പട്ടിണിക്കിടുകയും നിര്‍ബന്ധിച്ച് സെക്‌സിനു പ്രേരിപ്പിക്കുകയും മറ്റ് സ്ത്രീകളുമായി വേഴ്ചനടത്തിക്കുകയും അത് പകര്‍ത്തുകയും ചെയ്തതായി അവര്‍ ആരോപിച്ചു. 2021-ല്‍ ഇവര്‍ കോടതിയിലെത്തി കെല്ലിക്കെതിരായ കേസില്‍ കക്ഷി ചേര്‍ന്നു.

2018-ല്‍ പുറത്തിറങ്ങിയ ബിബിസി ത്രീ ഡോക്യുമെന്ററിയിലും കിറ്റി കെല്ലിക്കെതിരെ സംസാരിച്ചു. കെല്ലിയുടെ മുന്‍ സുഹൃത്തും മുന്‍സഹായിയുമായ ലോവല്‍ ജോണ്‍സ്, ഗായകന്‍ പെണ്‍കുട്ടികളെ കണ്ടെത്തി വശീകരിക്കാന്‍ തന്നെ ഏര്‍പ്പാടാക്കിയതായി ആ ഡോക്യുമെന്ററിയില്‍ തുറന്നുപറഞ്ഞു. അതേ വര്‍ഷം കെല്ലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ #MuteRKelly കാമ്പെയിന്‍ നടന്നു. കെല്ലിയുടെയും സംഘത്തിന്റെയും സംഗീതം ബഹിഷ്‌കരിക്കാനുള്ള ആ കാമ്പെയിനിനെ ഗായകന്‍ പരസ്യമായി പുച്ഛിച്ചുതള്ളി. 

അതിനിടെ കെല്ലിയുടെ ടീമിലെ അനേകം പേര്‍ രാജിവെച്ചു. നിരവധി സ്ഥാപനങ്ങള്‍ അയാളുമായുള്ള സംഗീത കരാര്‍ റദ്ദാക്കി. അതിനിടെ, അയാളുടെ മുന്‍ പങ്കാളി ഗുരുതരമായ ആരോപണങ്ങളുമായി കോടതിയെ സമീപിച്ചു. കെല്ലി തനിക്ക് ലൈംഗിക രോഗം ഉണ്ടാക്കിയതായി അവര്‍ ആരോപിച്ചു.

 

 

ലൈംഗിക വേട്ടകളുടെ പതിറ്റാണ്ടുകള്‍

തൊട്ടടുത്ത വര്‍ഷമാണ്, കെല്ലിയുടെ ലൈംഗികവേട്ടകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന 'സര്‍വൈിംഗ് ആര്‍ കെല്ലി' എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ആറുമണിക്കൂര്‍ നീണ്ട ആ ചിത്രം കെല്ലിക്കെതിരായ എല്ലാ ആരോപണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു. 

ഇതു പുറത്തിറങ്ങി രണ്ട് ആഴ്ചക്കിടെ, കെല്ലിയുടെ സംഗീത റെക്കോര്‍ഡിംഗ് കമ്പനി അയാളെ പുറത്താക്കി. അമേരിക്കയിലും ന്യൂസിലാന്‍ഡിലുമുള്ള അയാളുടെ സംഗീത പരിപാടികള്‍ റദ്ദാക്കപ്പെട്ടു. 2019 ഫെബ്രുവരിയില്‍ അഭിഭാഷകനായ മൈക്കിള്‍ ആവെനാറ്റി മറ്റൊരു വെളിപ്പെടുത്തല്‍ നടത്തി. 14 വയസ്സുള്ള കുട്ടിയുമായി കെല്ലി ലൈംഗികമായി ബന്ധപ്പെടുത്തുന്നതിന്റെ വീഡിയോ തനിക്ക് ലഭിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന്, ഷിക്കാഗോ പൊലീസ് കെല്ലിക്കെതിരെ കേസ് എടുത്തു. ആരോപണം നിഷേധിച്ച കെല്ലി ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഒരു ചാനലിന് ദീര്‍ഘ അഭിമുഖം നല്‍കി. 

കെല്ലിക്കെതിരായി കുരുക്കു മുറുകുന്നു

തുടര്‍ന്ന് 13-നും 16-നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി ഷിക്കാഗോ പൊലീസ് കെല്ലിക്കെതിരെ കുറ്റം ചുമത്തി. കൗമാരക്കാരിയെ ബലംപ്രയോഗിച്ച് ഓറല്‍ സെക്‌സ് നടത്തി എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

തുടര്‍ന്ന്, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കൗമാരക്കാരായ പെണ്‍കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുകയും പല സ്ഥലത്തേക്കും കൊണ്ടുപോയി ഉപയോഗിക്കുകയും ചെയ്യുന്ന സെക്‌സ് റാക്കറ്റ് നടത്തുകയാണ് കെല്ലിയും കൂട്ടാളികളുമെന്ന് ആേരാപണമുയര്‍ന്നു. ലൈംഗിക പീഡനം, പോണ്‍ നിര്‍മാണം, നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഈ സംഘം ചെയ്യുന്നതായും പരാതി ഉയര്‍ന്നു. ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാല്‍ അവരെ ഭീഷണിപ്പെടുത്തുകയോ കാശു നല്‍കുകയോ ചെയ്ത് കേസ് ഒതുക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റും കൈക്കൂലി നല്‍കി കേസുകള്‍ തേച്ചുമാച്ചു കളയുന്നതായും ആരോപണമുയര്‍ന്നു. 

തടവു ശിക്ഷ, എന്നിട്ടും കേസുകള്‍ തീരുന്നില്ല

ഇല്ലിനോയിസിലും ബ്രൂക്ക്‌ലിനിലും സെക്‌സ് ട്രാഫിക്കിംഗുമായി ബന്ധപ്പെട്ട് കെല്ലിക്കും സംഘത്തിനുമെതിരെ കേസുകള്‍ വന്നു. 2001-ല്‍ ഓട്ടോഗ്രാഫിനു സമീപിച്ച കൗമാരക്കാരിയെ തന്റെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിക്കുകയും അവിടെവെച്ച് പണം നല്‍കി സെക്‌സ് നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന ആേരാപണത്തെ തുടര്‍ന്ന് മിനാസോറ്റ സംസ്ഥാനത്തും കെല്ലിക്കെതിരെ കേസ് വന്നു. 

ഈ കേസുകള്‍ നടക്കുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് കോടതി സെക്‌സ് ട്രാഫിക്കിംഗ് കേസില്‍ കെല്ലിയെ ജയിലിലടച്ചത്. അതിനിടെയാണ്, ഇപ്പോള്‍ ബ്രൂക്ക്‌ലിന്‍  കോടതി കെല്ലിയെ 30 വര്‍ഷം തടവിനു ശിക്ഷിച്ചത്. മറ്റു രണ്ട് സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios