യുവതി ഭർത്താവിന് ട്രാൻസ്ഫർ വേണമെന്ന് കാണിച്ചും അയാളെ അയാളുടെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടും മന്ത്രിക്ക് കത്തെഴുതിയിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ അയാൾ ഓഫീസിലെ ഒരു സ്ത്രീയുമായി അവിഹിത ബന്ധത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് അയാളെ അപമാനിച്ചു. ഓഫീസിൽ വന്ന് അയാളെ ചീത്ത വിളിക്കുന്നതിലൂടെ അയാളുടെ സൽപ്പേരിന് കളങ്കം വരുത്തി എന്നെല്ലാം ഹൈക്കോടതിയും നിരീക്ഷിച്ചു.

ഭാര്യ ഭർത്താവിന്റെ ഓഫീസ് സന്ദർശിച്ച് അയാളെ ചീത്ത വിളിക്കുന്നതും അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ക്രൂരതയാണ് എന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഒരു കുടുംബ പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമർശം. പുരുഷന് വിവാഹമോചനം അനുവദിച്ച റായ്പൂർ കുടുംബകോടതി വിധി ഹൈക്കോടതി ശരിവച്ചതോടെ ഇത് ചർച്ചയായി.

ജസ്റ്റിസുമാരായ ഗൗതം ഭാദുരി, രാധാകിഷൻ അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പരാമർശം നടത്തിയത്. കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നൽകിയ അപ്പീലിൽ വിധി പറയുന്നതിനിടെയായിരുന്നു സംഭവം. സർക്കാർ ഉദ്യോ​ഗസ്ഥനായ ഭർത്താവിനെതിരെ യുവതി മന്ത്രിയോട് പരാതി പറഞ്ഞു. കൂടാതെ യാതൊരു കാരണങ്ങളുമില്ലാതെ സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ട് എന്ന് സ്ത്രീ ആരോപിക്കുകയും ചെയ്തു. 

ധംതാരി ജില്ലയിൽ താമസിക്കുന്ന 32 -കാരനായ ഇയാൾ വിധവയും 34 -കാരിയുമായ റായ്പൂർ സ്വദേശിയുമായ യുവതിയെ 2010 -ലാണ് വിവാഹം കഴിച്ചത്. പിന്നീട്, ഭർത്താവ് റായ്പൂർ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. നിരവധി കാരണങ്ങൾ അയാൾ ഇതിനായി ചൂണ്ടിക്കാട്ടി, അതിലൊന്ന് അവൾ തന്നെ ഉപദ്രവിക്കുകയും മാതാപിതാക്കളെയും മറ്റ് കുടുംബാംഗങ്ങളെയും കാണുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു എന്നതായിരുന്നു. 

2019 ഡിസംബറിൽ സാഹചര്യവും ഇക്കാര്യങ്ങളുമെല്ലാം പരി​ഗണിച്ച് കുടുംബ കോടതി ഭർത്താവിന്റെ വിവാഹമോചനത്തിനുള്ള അപേക്ഷ അം​ഗീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. എന്നാൽ, യുവതി ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. 

ഭാര്യയോട് ഭർത്താവ് ക്രൂരമായി പെരുമാറിയതിനെ കുടുംബ കോടതി കാര്യമായി എടുത്തില്ലെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശിശിർ ശ്രീവാസ്തവ വാദിച്ചു. വിവാഹമോചനം കിട്ടാൻ കള്ളത്തെളിവുകളാണ് ഭർത്താവ് ഹാജരാക്കിയത് എന്നും അഭിഭാഷകൻ വാദിച്ചു. ഇരു കക്ഷികളും വ്യത്യസ്ത ഘട്ടങ്ങളിൽ ആവശ്യമായ പ്രത്യേക റിപ്പോർട്ടുകൾ നൽകിയിട്ടുണ്ടെന്ന് പുരുഷനുവേണ്ടി ഹാജരായ അഭിഭാഷകൻ സി ജയന്ത് കെ റാവു വാദിച്ചു. 

തുടർന്ന്, യുവതി ഭർത്താവിന് ട്രാൻസ്ഫർ വേണമെന്ന് കാണിച്ചും അയാളെ അയാളുടെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടും മന്ത്രിക്ക് കത്തെഴുതിയിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ അയാൾ ഓഫീസിലെ ഒരു സ്ത്രീയുമായി അവിഹിത ബന്ധത്തിലാണ് എന്ന് പറഞ്ഞുകൊണ്ട് അയാളെ അപമാനിച്ചു. ഓഫീസിൽ വന്ന് അയാളെ ചീത്ത വിളിക്കുന്നതിലൂടെ അയാളുടെ സൽപ്പേരിന് കളങ്കം വരുത്തി എന്നെല്ലാം ഹൈക്കോടതിയും നിരീക്ഷിച്ചു. അതിനിടെയാണ് ഭാര്യ ഓഫീസിൽ വന്ന് ഭർത്താവിനോട് കലഹിക്കുന്നത് ക്രൂരതയാണ് എന്ന് ഹൈക്കോടതി പറഞ്ഞത്.

അങ്ങനെ, കുടുംബകോടതി വിവാഹമോഹനം അനുവദിച്ച വിധിയെ ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു.