ചൈനയിൽ ഏഴ് വർഷം നീണ്ട ഭർത്താവിന്‍റെ രഹസ്യബന്ധം ഭാര്യ പുറത്തുകൊണ്ടുവന്നു. ഇൻഷുറൻസ് ഏജന്‍റുമായുള്ള ഈ ബന്ധത്തിന്‍റെ ഭാഗമായി കോടികളുടെ പോളിസികളും നിരവധി ഹോട്ടൽ താമസങ്ങളുടെ തെളിവുകളും കണ്ടെത്തിയതോടെ സംഭവം നിയമപോരാട്ടത്തിലേക്ക് നീങ്ങി.

ർത്താവിന്‍റെ ഏഴ് വർഷം നീണ്ട രഹസ്യബന്ധം പുറത്തുകൊണ്ടുവന്ന ഭാര്യയുടെ വെളിപ്പെടുത്തലുകൾ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇൻഷുറൻസ് ഏജന്‍റായ യുവതിയുമായ ഭർത്താവ് നടത്തിയ രഹസ്യ ബന്ധത്തിനൊപ്പം വൻതുകയുടെ ഇൻഷുറൻസ് പോളിസികളും നിരവധി ഹോട്ടലുകളിൽ താമസിച്ചതിന്‍റെ തെളിവുകളും പുറത്ത് വിട്ടതോടെ സംഭവം നിയമപോരാട്ടത്തിലേക്ക് നീങ്ങിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ലിയുഴൗ സ്വദേശിനിയായ ഷെൻ ആണ് തന്‍റെ ഭർത്താവ് ഗുവോയുടെ രഹസ്യ ബന്ധം വെളിപ്പെടുത്തിയത്.

ആദ്യ സംശയം 2017 -ൽ

2017 -ലാണ് ഭർത്താവ് ഗുവോയും ഇൻഷുറൻസ് ഏജന്‍റായ ലിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് തനിക്ക് ആദ്യം സംശയം തോന്നിയതെന്ന് ഷെൻ പറയുന്നു. ഇരുവരും തമ്മിലുള്ള സന്ദേശങ്ങളിൽ “I miss you” പോലുള്ള പ്രണയ സന്ദേശങ്ങളും നിരവധി തവണ 520 യുവാൻ വീതമുള്ള പണമിടപാടുകളും നടത്തിയതായി ഷെൻ കണ്ടെത്തി. ചൈനീസ് ഭാഷയിൽ 520 എന്ന സംഖ്യയുടെ ഉച്ചാരണം “I love you” എന്ന വാക്കർത്ഥവുമായി ബന്ധിപ്പിക്കപ്പെടുന്നു.

ഇതിനിടെ, ഭർത്താവ്, ലിയുടെ സേവനങ്ങൾ ഉപയോഗിച്ച് ഏകദേശം 1.5 മില്യൺ യുഎസ് ഡോളർ (ഏകദേശം 14 കോടി 35 ലക്ഷം രൂപ) മൂല്യമുള്ള ഇൻഷുറൻസ് എടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. രഹസ്യ ബന്ധത്തിന്‍റെ ഭാഗമായി ഇരുവരും 180 തവണ പല ഹോട്ടലുകളിൽ താമസിച്ച വിവരങ്ങളും പുറത്തുവന്നു. ഇതോടെയാണ് ഭാര്യ, ഭർത്താവിനെതിരെ നിയമനടപടികൾക്ക് ഒരുങ്ങിയത്.

സങ്കീർണമായ കേസ്

ഭാര്യയുടെ അന്വേഷണത്തിലൂടെയാണ് ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. ഷെനിനും ഗുവോയ്ക്കും രണ്ട് വയസ്സുള്ള ഒരു മകളുണ്ട്. വ്യക്തിപരമായ ബന്ധം മാത്രമല്ല, ഇൻഷുറൻസ് ഇടപാടുകളും സാമ്പത്തിക താൽപര്യങ്ങളും ഈ രഹസ്യ ബന്ധത്തിൽ ഉൾപ്പെട്ടതായതിനാൽ കേസിന് കൂടുതൽ സങ്കീർണത കൈവന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവം പുറത്തുവന്നതോടെ ദാമ്പത്യവിശ്വാസം, ഇൻഷുറൻസ് ഇടപാടുകളിലെ സുതാര്യത, സ്വകാര്യബന്ധങ്ങളിൽ നിന്നുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചും ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.