അതേസമയം ഈ മൂന്ന് സ്ത്രീകളെയും ഒരു വേദിയിൽ വച്ചാണ് അയാൾ വിവാഹം ചെയ്തത്. ഈ വർഷം ഏപ്രിൽ 30 -നായിരുന്നു വിവാഹം. നാൻപൂരിൽ നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് അയാൾ 25 -കാരിയായ സക്രി, 28 -കാരിയായ മേള, 30 കാരിയായ നാനി ബായി എന്നിവരെ വിവാഹം കഴിച്ചത്.
മധ്യപ്രദേശിലെ ഒരു മുൻ സർപഞ്ചിന്റെ രണ്ട് ഭാര്യമാരും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചു. വോട്ടെടുപ്പിൽ വിജയിപ്പിച്ചതിന് നാട്ടുകാരോട് നന്ദി പറയാൻ അദ്ദേഹവും അവർക്കൊപ്പം വീടുകൾ സന്ദർശിച്ചു. അലിരാജ്പൂർ ജില്ലയിൽ നാൻപൂർ ഗ്രാമത്തിലാണ് സംഭവം. 35 -കാരനായ സമ്രത് മോര്യയുടെ രണ്ട് ഭാര്യമാരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇനി അയാൾക്ക് ഒരു ഭാര്യ കൂടിയുണ്ട്. അവരെയും ഇപ്പോൾ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അയാൾ.
കഴിഞ്ഞ തവണ അയാൾ മത്സരിച്ച് വിജയിച്ചെങ്കിലും, ഇത്തവണ സ്ത്രീകൾക്കായി സീറ്റ് സംവരണം ചെയ്തിരുന്നു. തനിക്ക് സാധിക്കാത്തത് തന്റെ ഭാര്യമാരിലൂടെ നേടിയെടുക്കാൻ അയാൾ ആഗ്രഹിച്ചു. അങ്ങനെയാണ് തന്റെ രണ്ട് ഭാര്യമാരായ മേളയെയും സക്രിയയെയും മത്സരിപ്പിക്കാൻ അയാൾ തീരുമാനിക്കുന്നത്. മത്സരിച്ച രണ്ടിടത്തും അവർ വിജയിക്കുകയും ചെയ്തു. ഭാര്യമാരുടെ ഈ വിജയം ആഘോഷിക്കാൻ അയാൾ സുഹൃത്തുകൾക്ക് വിരുന്നുകൾ സംഘടിപ്പിച്ചു. അയാൾ ബിജെപിയുടെ ഒരു സജീവ പ്രവർത്തകനാണ്.
അതേസമയം ഈ മൂന്ന് സ്ത്രീകളെയും ഒരു വേദിയിൽ വച്ചാണ് അയാൾ വിവാഹം ചെയ്തത്. ഈ വർഷം ഏപ്രിൽ 30 -നായിരുന്നു വിവാഹം. നാൻപൂരിൽ നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് അയാൾ 25 -കാരിയായ സക്രി, 28 -കാരിയായ മേള, 30 കാരിയായ നാനി ബായി എന്നിവരെ വിവാഹം കഴിച്ചത്. അന്ന് അതൊരു വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഒരേ സമയം തന്റെ രണ്ട് ഭാര്യമാരെയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാണ് അയാൾ വീണ്ടും വാർത്തയിൽ ഇടം നേടിയിരിക്കുന്നത്. “എനിക്ക് സന്തോഷം സഹിക്കാൻ കഴിയുന്നില്ല. ഇവിടെയുള്ള ആളുകൾ എന്നെയും എന്റെ ഭാര്യമാരെയും വളരെയധികം സ്നേഹിക്കുന്നു. നാട്ടുകാരുടെ അനുഗ്രഹം എന്നും ഞങ്ങൾക്കുണ്ട്. ഞാൻ എന്റെ മൂന്ന് ഭാര്യമാരോടൊപ്പം ഒരു ചെറിയ മുറിയിൽ ഒത്തൊരുമയോടെയാണ് കഴിയുന്നത്. ഞങ്ങൾ എല്ലാ ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്യുന്നു” അയാൾ പറഞ്ഞു.
അതേസമയം വിവാഹത്തിന് വർഷങ്ങൾക്ക് മുൻപ് തന്നെ അവർ ഒരുമിച്ച് കഴിയാൻ തുടങ്ങിയിരുന്നു. നാനി ബായിയെ 2003 -ലാണ് കണ്ടുമുട്ടിയത്. അവൾ വിദ്യാഭ്യാസ വകുപ്പിലെ പ്യൂണായി ജോലി ചെയ്യുന്നു. മേളയെ 2008 -ലും സക്രിയയെ 2017 -ലുമാണ് കണ്ട് മുട്ടിയത്. അവർ ഇരുവരും കുടുംബത്തിന്റെ കൃഷിയും കുടുംബകാര്യങ്ങളും നോക്കുന്നു. ഈ മൂന്ന് സ്ത്രീകളിൽ സമ്രതിന് മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. അയാൾ ഭിലാല ഗോത്രത്തിൽ പെട്ടയാളാണ്. ഗോത്രാചാര പ്രകാരം ബഹുഭാര്യത്വം അനുവദനീയമാണ്. ഹിന്ദു വിവാഹ നിയമം ബഹുഭാര്യത്വം നിരോധിക്കുന്നുവെങ്കിലും, ഗോത്രവർഗ വിവാഹങ്ങൾ അതിന് കീഴിൽ വരുന്നില്ല എന്നതിനാൽ ഇതിനെ നിയമവിരുദ്ധമായി കാണാൻ സാധിക്കില്ല.
