ജോലിക്ക് അപേക്ഷിച്ചപ്പോൾ റെസ്യൂമെയ്ക്ക് പകരം അബദ്ധത്തിൽ ബ്ലിങ്കിറ്റ് ഇൻവോയ്സ് അയച്ച് യുവതി. ഹിമാൻഷി എന്ന യുവതിയാണ് തനിക്ക് സംഭവിച്ച ഈ വന്‍ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. 

പലതരം അബദ്ധങ്ങൾ നമുക്ക് പറ്റിയിട്ടുണ്ടാകും. എന്നാൽ, ഇങ്ങനെ ഒരബദ്ധം പറ്റരുതേ എന്ന് പ്രാർത്ഥിച്ചുപോകും. ഹിമാൻഷി എന്ന യുവതിയാണ് ജോലി അപേക്ഷയ്ക്കൊപ്പം റെസ്യൂമെ അയച്ചപ്പോൾ സംഭവിച്ച വൻ അബദ്ധത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞിരിക്കുന്നത്. ജോലിക്ക് അപേക്ഷിച്ചുകൊണ്ട് അയച്ച ഇമെയിലിൽ തന്റെ ബയോഡാറ്റയ്ക്ക് പകരം അവൾ അറ്റാച്ച് ചെയ്തത് ബ്ലിങ്കിറ്റിൽ നിന്നുള്ള ഇൻവോയ്സ് ആയിരുന്നു. ഹിമാൻഷിയുടെ അപേക്ഷയ്ക്ക് റിക്രൂട്ടറുടെ മറുപടി വന്നതോടെയാണ് സംഗതി കൈവിട്ടു പോയി എന്ന് അവൾക്ക് മനസ്സിലായത്. 'ഹായ് ഹിമാൻഷി, അപേക്ഷയ്ക്ക് നന്ദി. പക്ഷേ നിങ്ങൾ അയച്ചിരിക്കുന്നത് നിങ്ങളുടെ ബ്ലിങ്കിറ്റ് ബില്ലാണ്' എന്നായിരുന്നു റിക്രൂട്ടറുടെ മറുപടി.

Add Asianetnews as a Preferred SourcegooglePreferred

തനിക്ക് പറ്റിയ അബദ്ധത്തിന്റെ സ്ക്രീൻഷോട്ട് ഹിമാൻഷി തന്നെ പിന്നീട് എക്സിൽ (ട്വിറ്റർ) പങ്കുവെക്കുകയായിരുന്നു. 'ഞാൻ തന്നെയാണ് എന്റെ വലിയ ശത്രു' എന്ന് പറഞ്ഞാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'ബ്ലിങ്കിറ്റിൽ ജോലി കിട്ടാൻ പോകുന്നില്ല, അതുകൊണ്ട് സങ്കടം മാറ്റാൻ എനിക്കൊരു ഐസ്ക്രീമെങ്കിലും ഫ്രീയായി തരുമോ' എന്നും ഹിമാൻഷി ചോദിക്കുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

Scroll to load tweet…

'നിങ്ങളുടെ കഴിവുകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കണോ അതോ നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്നാക്സ് എന്തൊക്കെയാണ് എന്ന് നോക്കണോ എന്ന കൺഫ്യൂഷനിലാകും റിക്രൂട്ടർ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ഏറ്റവും റിയൽ ആയ റെസ്യൂമെ ഇതാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, ഇതിലൊന്നും തളരരുത് ഇതൊക്കെ ആർക്കും സംഭാവിക്കാവുന്ന അബദ്ധമാണ് എന്ന് പറ‍ഞ്ഞ് ഹിമാൻഷിയെ ആശ്വസിപ്പിച്ചവരും കുറവല്ല. ഇനിയിപ്പോൾ അവൾക്ക് ഈ ജോലി കിട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം.