33 -കാരിയായ നായയുടെ ഉടമയോട് സ്ത്രീ തന്നെയാണ് താൻ നായയെ ജീവനോടെ കുഴിച്ച് മൂടിയിരിക്കുകയാണ് എന്ന് പറഞ്ഞത്. പിന്നാലെ, യുവതി പൂന്തോട്ടത്തിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.

ചിലപ്പോഴെല്ലാം അയൽക്കാരുടെ നായ നമുക്ക് ശല്യമായി തീരാറുണ്ട്. അതിന്റെ പേരിൽ ചിലരൊക്കെ അയൽ വീട്ടുകാരുമായി വഴക്കടിക്കാറും ഉണ്ട്. എന്നാൽ, നിർത്താതെ നായ കുരച്ചാൽ അതിനെ കുഴിച്ചുമൂടുന്ന ആൾക്കാരുണ്ടാകുമോ? അങ്ങനെയുള്ള ആൾക്കാരും ഉണ്ട്. ബ്രസീലിൽ ഒരു സ്ത്രീ അയൽവാസിയുടെ നായയോട് അത് തന്നെയാണ് ചെയ്തത്. 

പ്ലാനുറ മുനിസിപ്പാലിറ്റിയിലാണ് സംഭവം നടന്നത്. നിന എന്നാണ് നായയുടെ പേര്. 82 -കാരിയായ ഒരു സ്ത്രീയാണ് അയൽക്കാരുടെ നായയായ നിനയെ പൂന്തോട്ടത്തിൽ കുഴികുത്തി ജീവനോടെ ഇട്ട് മൂടിയത്. നിർ‌ത്താതെ കുരച്ചതിനാലാണത്രെ അങ്ങനെ ചെയ്തത്. പിന്നീട്, ഈ വിവരം അവർ തന്നെ പുറത്ത് പറയുകയും ചെയ്തു. നായ കുരച്ചു കൊണ്ടേയിരിക്കുന്നതിനാൽ തനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല എന്നായിരുന്നു സ്ത്രീയുടെ പരാതി. 

33 -കാരിയായ നായയുടെ ഉടമയോട് സ്ത്രീ തന്നെയാണ് താൻ നായയെ ജീവനോടെ കുഴിച്ച് മൂടിയിരിക്കുകയാണ് എന്ന് പറഞ്ഞത്. പിന്നാലെ, യുവതി പൂന്തോട്ടത്തിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. അവിടെ ചെന്നപ്പോൾ അവിടെ ഒരു സ്ഥലത്തെ മണ്ണ് മാന്തിയിട്ടിരിക്കുന്നത് കണ്ടു. ഉടനെ തന്നെ യുവതി സ്ഥലത്ത് കുഴിക്കാൻ തുടങ്ങി. കുഴിച്ച് കുഴിച്ച് പോയപ്പോൾ അതിനകത്ത് നിന ജീവനോടെ കിടക്കുന്നതാണ് യുവതി കണ്ടത്. 

കുഴിച്ചിട്ട് ഒന്നര മണിക്കൂറിന് ശേഷമാണ് യുവതി വിവരമറിയുന്നതും നായയെ പുറത്തെടുക്കുന്നതും എല്ലാം. അത്രയും നേരം നായ ആ കുഴിക്കകത്ത് കിടക്കുകയായിരുന്നു. പുറത്തെടുത്ത ഉടനെ തന്നെ നായയെ ഒരു മൃ​ഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. 

എന്നാൽ, നായയെ കുഴിച്ചിട്ടതിൽ അയൽക്കാരിക്ക് യാതൊരു കുറ്റബോധവും തോന്നിയിരുന്നില്ല. മേലാൽ നിങ്ങളുടെ നായയെ ഇവിടെ കണ്ടുപോകരുത് എന്നാണ് അവർ നായയുടെ ഉടമയോട് പറഞ്ഞത്. ഇനി നായയോട് ഇങ്ങനെ ചെയ്യില്ല എന്ന് അവർ പൊലീസിന് ഉറപ്പ് നൽകി. ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. 

(ചിത്രം പ്രതീകാത്മകം)