2015 -ൽ നാട്ടിലെ ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടയിലാണ് അഞ്ചാം വയസ്സിൽ കുട്ടിയെ കാണാതായത്. വീടിനടുത്തുള്ള ഒരു മൈതാനത്ത് കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലും അഞ്ചാം വയസ്സിൽ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താനാവാതെ കാൻസർ രോഗിയായ അമ്മ മരിച്ചു. തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ലി ഷൂമി എന്ന 41 -കാരിയാണ് തന്റെ മകനെ വീണ്ടും കാണാനുള്ള ആഗ്രഹം നിറവേറ്റാതെ ശ്വാസകോശാർബുദം ബാധിച്ച് മരിച്ചത്.
മരിക്കുന്നതിന് ഒരു മാസം മുമ്പ്, ലി തൻ്റെ മകൻ ലിയു ജിയാസുവിനെ തിരയുന്നതിനായി സജ്ജീകരിച്ച ഡൗയിൻ അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയിൽ തനിക്ക് അർബുദം മൂർച്ഛിച്ചതായും അസ്ഥികളിലേക്ക് പടർന്നതായും അവർ പങ്കുവെച്ചിരുന്നു. വീഡിയോയോടൊപ്പം ചേർത്തിരുന്ന കുറിപ്പിൽ, 'ജിയാസു, അമ്മ ഇനി കാണില്ല. എന്നോട് ക്ഷമിക്കൂ' എന്നും അവർ എഴുതിയിരുന്നു.
2015 -ൽ നാട്ടിലെ ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങൾക്കിടയിലാണ് അഞ്ചാം വയസ്സിൽ കുട്ടിയെ കാണാതായത്. വീടിനടുത്തുള്ള ഒരു മൈതാനത്ത് കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഈ സമയം വീട്ടിൽ ലീ ഉണ്ടായിരുന്നില്ല. മറ്റൊരു നഗരത്തിലെ തന്റെ ജോലി സ്ഥലത്തായിരുന്നു അവർ ഉണ്ടായിരുന്നത്. ജോലിക്കിടയിൽ മകൻ ഭക്ഷണം കഴിച്ചോ എന്നറിയാൻ ഭർത്താവിനെ വിളിച്ചപ്പോഴാണ് കുഞ്ഞിനെ കാണാനില്ല എന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അന്നുമുതൽ ലിയും ഭർത്താവ് ലിയു ഡോങ്പിങ്ങും കുഞ്ഞിനെ അന്വേഷിച്ച് തുടങ്ങിയതാണെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കഴിഞ്ഞ 9 വർഷക്കാലത്തെ തിരച്ചിലിനിടയിൽ മകൻറെ ചിത്രമുള്ള ലക്ഷക്കണക്കിന് പോസ്റ്ററുകൾ ഇവർ ആളുകൾക്ക് കൈമാറിയിരുന്നു. പക്ഷേ, എവിടെ നിന്നും കുഞ്ഞിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മകനെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുന്നതിനായി അവർ ഡിഎൻഎ ഡാറ്റയും പൊലീസിൽ രജിസ്റ്റർ ചെയ്തിരുന്നു.
2022 -ൽ ശ്വാസകോശാർബുദം കണ്ടെത്തിയതിനെത്തുടർന്ന് ലീ എത്രയും വേഗത്തിൽ തന്റെ മകനെ കണ്ടെത്തണം എന്നുള്ള ആഗ്രഹത്തോടെ ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. പക്ഷാഘാതം ബാധിച്ച തൻ്റെ പിതാവിനെയും ശ്രവണ വൈകല്യമുള്ള അമ്മയെയും പരിചരിക്കുന്നതിനാൽ ലീ തനിക്ക് അധികഭാരമാകുമെന്ന് ഭയന്ന് രോഗനിർണയത്തിന് ശേഷം ലിയു ഡോങ്പിങ്ങ് അവളെ വിവാഹമോചനം ചെയ്തു.
ഒടുവിൽ തൻറെ അവസാന ആഗ്രഹം സഫലമാകാതെ ആ അമ്മ മരണത്തിന് കീഴടങ്ങി. ലിയുടെ ആഗ്രഹം നിറവേറ്റുന്നതിനായി മകനെ തിരയുന്നത് തുടരുമെന്ന് ലിയു ഡോങ്പിങ്ങ് പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
