ചൈനയിൽ ഉന്നത വിദ്യാഭ്യാസം നേടിയ ക്വിൻ എന്ന യുവതി നഗരജീവിതം ഉപേക്ഷിച്ച് കുടുംബത്തിൻ്റെ പാമ്പുവളർത്തൽ ബിസിനസ്സിൽ ചേർന്നു. അറുപതിനായിരത്തിലധികം വിഷപ്പാമ്പുകളെ വളർത്തി, അവയുടെ വിഷവും മറ്റ് ഉൽപ്പന്നങ്ങളും വിറ്റ് ഇന്ന് കോടികളുടെ വരുമാനം നേടുന്ന ഒരു സംരംഭകയായി അവർ മാറി.

Add Asianetnews as a Preferred SourcegooglePreferred

പാമ്പു പിടിത്തക്കാരൻ എന്ന പദവിക്ക് അത്ര സ്റ്റാറ്റസ് പോരെന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാൽ, നഗരത്തിലും നാട്ടിലും വീട്ടിലും കയറിയ പാമ്പുകളെ പിടികൂടി നിരവധി മനുഷ്യരുടെ ജീവൻ സുരക്ഷിതമാക്കുന്നൊരു ജോലി കൂടിയാണ് അത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് അത്തരമൊരു പരിശീലന പരിപാടി തുടങ്ങുകയും അത് വിജയകരമാവുകയും ചെയ്തപ്പോൾ കേരളത്തിലെ പാമ്പ് കടിയേറ്റുള്ള മരണം കുറഞ്ഞെന്നത് മറ്റൊരു യാഥാർത്ഥ്യം. അതേസമയം ചൈനയിലെ ഒരു സ്ത്രീ തന്‍റെ കുടുംബ തൊഴിലായ പാമ്പു പിടിത്തവും വളർത്തലും ഉപയോഗിച്ച് ഇന്ന് കോടികൾ വരുമാനമുള്ള ഒരു ബിസിനസ് പടുത്തുയർത്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പുതിയ കാലത്തിനനുസരിച്ച് കുടുംബ ബിസിനസിനെ വഴി തിരിച്ച് വിടാൻ കഴിഞ്ഞതാണ് അവരുടെ വിജയഗാഥ.

ഉയർന്ന വിദ്യാഭ്യാസവും നഗരവും ഉപേക്ഷിച്ച്...

നഗരജീവിതം ഉപേക്ഷിച്ചാണ് 31 -കാരിയായ ക്വിൻ തന്‍റെ കുടുംബ ബിസിനസിലേക്ക് തിരിഞ്ഞത്. ഗ്വാങ്‌സി പ്രവിശ്യയിലെ ഗുയിലിൻ സ്വദേശിനിയായ ക്വിൻ, സർവകലാശാലയിൽ നിന്ന് ബിരുദം നേടി രണ്ട് വർഷത്തിന് ശേഷം കുടുംബ ബിസിനസിലേക്ക് തിരിയുകയായിരുന്നു. നാട്ടിലെ പ്രധാന പാമ്പു പിടിത്തക്കാരനായ ക്വിന്‍റെ അച്ഛന് സ്വന്തമായി പാമ്പു വളർത്തൽ കേന്ദ്രമുണ്ട്. ക്വിൻ അച്ഛന്‍റെ ബിസിനസിൽ പങ്കാളിയായതോടെ ഇന്ന് അവരുടെ ഫാമിൽ 60,000 -ത്തിലധികം പാമ്പുകളാണ് ഉളളതെന്ന് സൗത്ത ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉഗ്രവിഷമുള്ള പാമ്പുകൾ

50,000 -ത്തിലധികം ഫൈവ് സ്റ്റെപ്പ് പാമ്പുകളും, ഉഗ്ര വിഷമുള്ള ഒരു പിറ്റ് വൈപ്പറും, ഏകദേശം 10,000 മൂർഖൻ പാമ്പുകളും അടങ്ങുന്നതാണ് ഇന്ന് ക്വിൻറെ പാമ്പുവളർത്തൽ. അപകട സാധ്യതകളെ കുറിച്ച് ബോധ്യമുള്ളത് കൊണ്ട് തന്നെ മകൾ തന്‍റെ ബിസിനസിൽ പങ്കാളിയാകുന്നതിൽ ക്വിന്‍റെ അച്ഛന് താത്പര്യമില്ലായിരുന്നു. എന്നാൽ ബിസിനസ് അദ്ദേഹത്തിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് ആയതോടെ ക്വിനും ബിസിനസിൽ പങ്കാളിയായി. "ഫൈവ് സ്റ്റെപ്പ് പാമ്പുകൾക്ക് ഭക്ഷണം നിർബന്ധിച്ച് കൊടുക്കണം. പക്ഷേ. അത് അങ്ങേയറ്റം അപകടസാധ്യതയുള്ളതാണ്. എന്നാൽ എന്‍റെ ജനനത്തിന് മുമ്പ് തന്നെ അച്ഛൻ അവയെ വളർത്തുന്നു. അതിനാൽ എനിക്ക് അവയെ ഭയമില്ല" ക്വിൻ ഹൈബാവോ ന്യൂസിനോട് പറഞ്ഞു.

പാരമ്പര്യ ചികിത്സയ്ക്കും ആധുനിക ഗവേഷണത്തിനും

ഇന്ന് പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിലും ഗവേഷണത്തിലും ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ ഈ ഫാമിൽ നിന്ന് ലഭിക്കും. ഉണക്കിയ പാമ്പ്, പിത്താശയം, പാമ്പിന്‍റെ എണ്ണ, നെയ്യ് എന്നിവ പരമ്പരാഗത ചൈനീസ് ചികിത്സകളിൽ സാധാരണയായി ഉപയോഗിക്കുന്നു, ഇതോടൊപ്പം തന്നെ പാമ്പുകളിൽ നിന്നും ശേഖരിക്കുന്ന വിഷം ആധുനീക വൈദ്യശാസ്ത്ര പരീക്ഷണങ്ങൾക്കും നൽകുന്നു.

വരുമാനം പലവിധം

ഫൈവ് സ്റ്റെപ്പ് പാമ്പുകൾ മാസത്തിൽ രണ്ട് തവണ വിഷം ഉത്പാദിപ്പിക്കുന്നു. ഗ്രാമിന് 40 മുതൽ 200 യുവാൻ വരെ വില ലഭിക്കും. പാമ്പിന്‍റെ മാംസത്തിനാകട്ടെ 200 മുതൽ 300 യുവാൻ വരെ വിലയുണ്ട്. പാമ്പ് വലുതാണെങ്കിൽ 1,000 യുവാനിൽ കൂടും. വരവ് ചിലവുകൾ കണക്ക് കൂട്ടുമ്പോൾ ഒരു വ‍ർഷം പത്ത് ലക്ഷം യുവാൻ (ഏതാണ്ട് 1,37,13,710 രൂപ) വരെ ലാഭമുണ്ടെന്നും ക്വിൻ കൂട്ടിച്ചേർക്കുന്നു. ഒപ്പം 'ദി ഗേൾ ഹു കളക്റ്റ്സ് സ്നേക്ക് വെനം' എന്ന വീഡിയോകളിലൂടെ 22,000-ത്തിലധികം ഫോളോവേഴ്സും ക്വിന്നിനുണ്ട്. പാമ്പുകളെ കുറിച്ചും പാമ്പ് കടിയേറ്റാൽ എടുക്കേണ്ട് പ്രാഥമിക ചികിത്സകളെ കുറിച്ചും ക്വിൻ ഈ വീഡിയോകളിൽ സംസാരിക്കുന്നു.