പഠനം കഴിഞ്ഞതോടെ നഷ്ടപ്പെട്ട സൗഹൃദം. 32 വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്കൂൾ കാല സുഹൃത്തിനെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തി യുവതി.
ചിലപ്പോൾ നമുക്ക് ഒരുകാലത്ത് വളരെ പ്രിയപ്പെട്ടവരായിരുന്ന സുഹൃത്തുക്കളെ ജീവിതവഴികളിൽ എവിടെ വച്ചെങ്കിലും നഷ്ടപ്പെടാറുണ്ട്. അതിലേറെയും നഷ്ടപ്പെട്ടിട്ടുണ്ടാവുക ഫോണോ, ഇന്റർനെറ്റോ ഒന്നും ഇത്രയൊന്നും സജീവമല്ലാത്ത ഒരു കാലത്തായിരിക്കാം. അതുപോലെ സ്കൂൾ കാലത്ത് തനിക്കുണ്ടായിരുന്ന ഒരു സുഹൃത്തിനെ 32 വർഷങ്ങൾക്ക് ശേഷം കണ്ടെത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത ഒരു യുവതിയുണ്ട്. ഗായത്രി എന്ന് പേരുള്ള യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അവി എന്നൊരു സുഹൃത്തുണ്ടായിരുന്നു ഗായത്രിക്ക്. പക്ഷേ, പിന്നീട് സ്കൂൾകാലം കഴിയുകയും ഇരുവരും തമ്മിലുള്ള സൗഹൃദം കാലത്തിന്റെ ഒഴുക്കിൽ എവിടെയോ നഷ്ടപ്പെട്ട് പോവുകയുമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഗായത്രി തന്റെ സുഹൃത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തത്.
അന്ന് അവന് 15 ഉം തനിക്ക് 16 ഉം വയസായിരുന്നു. തങ്ങളിരുവരും ഒരേ ബസിനായിരുന്നു സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. അവൻ 11 ബിയിലും ഞാൻ 12 എയിലുമാണ് പഠിച്ചിരുന്നത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ബസ് യാത്രയിൽ ഞങ്ങൾ ഫിലോസഫി, രാഷ്ട്രീയം, പുസ്തകങ്ങൾ, പാട്ടുകൾ തുടങ്ങി എല്ലാത്തിനേയും കുറിച്ച് സംസാരിക്കുമായിരുന്നു എന്ന് ഗായത്രി കുറിക്കുന്നു. ഉന്നത പഠനത്തിനായി ഗായത്രി നഗരത്തിലേക്ക് മാറിയപ്പോഴാണ് ഇരുവരും തമ്മിൽ അകന്നുപോയത്. അന്ന് ഇന്റർനെറ്റോ മൊബൈൽ ഫോണോ ഒന്നും ഇല്ലാത്തതിനാൽ ആ സൗഹൃദം അങ്ങനെ അവസാനിച്ചുപോയി. എന്നാൽ, ഇപ്പോൾ വീണ്ടും അവർ അവിയെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
'മനുഷ്യരെ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നില്ല, നമ്മൾ അന്വേഷിക്കുന്നവർ എങ്ങനെയെങ്കിലും നമ്മളിലേക്ക് എത്തിച്ചേരും. പ്രപഞ്ചം അതിനായി ഒരു വഴി കണ്ടെത്തുന്നു' എന്നും ഗായത്രി കുറിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അവർക്ക് സുഹൃത്തിനെ കണ്ടെത്താൻ സാധിച്ചത്. ഛാത്ത് പൂജയ്ക്കായി അവി നാട്ടിലുണ്ടെന്നും ഒടുവിൽ അവന്റെ ഗായത്രി ദീ അവനെ കാണാൻ പോവുകയാണ് എന്നും പോസ്റ്റിൽ കാണാം. ഹൃദയഹാരിയായ പോസ്റ്റ് അനേകങ്ങളെയാണ് ആകർഷിച്ചത്.


