വാഷിംഗ് മെഷീൻ എപ്പോഴും ഓഫാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ തുറക്കാവൂ എന്നും, ഇത് പ്രവർത്തിപ്പിക്കുമ്പോൾ വളരെ അധിക ശ്രദ്ധ വേണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.    

വാഷിംഗ് മെഷീൻ (washing machine) നിന്നുവെന്ന് കരുതി അതിനകത്ത് കൈ ഇട്ട ഒരു ഇരുപത് വയസ്സുകാരി ഷോക്കേറ്റ് മരിച്ചു. വടക്ക് കിഴക്കൻ ബ്രസീലിലാണ് സംഭവം. മരണപ്പെട്ട വിവിയൻ റോഡ്രിഗസ് (Viviane Rodrigues) ഒരമ്മ കൂടിയാണ്. വീട്ടിൽ പതിവ് പോലെ തുണികൾ കഴുകുകയായിരുന്നു അവർ.

പ്രവർത്തിച്ചുകൊണ്ടിരിക്കയായിരുന്ന വാഷിങ് മെഷീൻ, കറങ്ങി തീർന്നുവെന്ന് കരുതി വസ്ത്രങ്ങൾ എടുക്കാൻ അവൾ അതിനകത്ത് കൈ ഇട്ടു. അതിന് പിന്നാലെയാണ് ഷോക്കേറ്റത്. ആ സമയം അവളുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നു. അദ്ദേഹം അവളെ അടുത്തുള്ള ആശുപത്രിയിലെ എമർജൻസി യൂണിറ്റിൽ എത്തിച്ചുവെങ്കിലും, രക്ഷിക്കാനായില്ല. അവിടെ എത്തിയപ്പോഴേക്കും അവൾ മരിച്ചിരുന്നു. വസ്ത്രങ്ങൾ അലക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്ഥിരീകരിച്ചു. 

പിന്നീട്, അവളുടെ മൃതദേഹം കുടുംബം താമസിക്കുന്ന ഗമെലീറ ഡോ ഡി എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ജൂൺ 16 -നായിരുന്നു അടക്കം. അവരുടെ മകന് ഒമ്പത് മാസം മാത്രമേ പ്രായമുള്ളൂ. വാഷിംഗ് മെഷീൻ എപ്പോഴും ഓഫാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമേ തുറക്കാവൂ എന്നും, ഇത് പ്രവർത്തിപ്പിക്കുമ്പോൾ വളരെ അധിക ശ്രദ്ധ വേണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

നിർഭാഗ്യവശാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ വർഷം ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ ഒരു കുഞ്ഞ് ഇത് പോലെ മരിച്ചിരുന്നു. മകൻ അതിനകത്ത് ഉണ്ടെന്ന് അറിയാതെ ഒരമ്മ മെഷീൻ ഓണാക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് രക്ഷിക്കാൻ സാധിച്ചില്ല. കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷൻ പറയുന്നതനുസരിച്ച്, 2014 മുതൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ വാഷിംഗ് മെഷീനുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഈ അപകടങ്ങളുമായി ബന്ധപ്പെട്ട് 3,000 എമർജൻസി റൂം സന്ദർശനങ്ങളും ഉണ്ടായിട്ടുണ്ട്.

സമാനമായ മറ്റൊരു സംഭവത്തിൽ, ടെക്‌സാസിൽ നിന്നുള്ള 8 വയസ്സുള്ള ഒരു ആൺകുട്ടി കഴിഞ്ഞ ആഴ്ച്ച ഒളിച്ചു കളിക്കുന്നതിനിടെ വാഷിംഗ് മെഷീനും ഡ്രയറിനും ഇടയിൽ കുടുങ്ങി മരിക്കുകയുണ്ടായി. റാംഗ്ലർ ഹെൻഡ്രിക്‌സ് എന്നാണ് അവന്റെ പേര്. ജോർജിയയിലെ കൂലിഡ്ജിൽ ബന്ധുക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു അവൻ. മെഷീനുകൾക്കിടയിൽ കുടുങ്ങിയ അവനെ കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. കൃത്രിമശ്വാസം നല്കാൻ ശ്രമിച്ചുവെങ്കിലും, അവൻ പ്രതികരിച്ചില്ല. ഒടുവിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം ഒരു മണിക്കൂർ നേരത്തെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങൾക്കൊടുവിൽ, ആശുപത്രി അധികൃതർ അവൻ മരിച്ചതായി പറയുകയായിരുന്നു.