അതുപോലെ മിസിസ് എന്ന് വിളിക്കുന്നതിനോടോ ഭർത്താവിന്റെ സർനെയിം സ്വീകരിക്കുന്നതിനോടൊ തനിക്ക് താല്പര്യമില്ല എന്നും യുവതി വ്യക്തമാക്കുന്നുണ്ട്.
വിവാഹിതരായാൽ സിന്ദൂരവും താലിമാലയും ധരിക്കുന്ന ഒരുപാടുപേരുണ്ട്. എന്നാൽ, കാലം മാറുന്നതിനനുസരിച്ച് താലിമാലയോ, സിന്ദൂരമോ ഒക്കെ പോലെയുള്ളവ ഉപയോഗിക്കാതിരിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. വിവാഹിതയാണ് എന്ന് മറ്റുള്ളവരെ ബോധിപ്പിക്കേണ്ടതില്ല എന്നും അതിനായി ഇത്തരം അടയാളങ്ങൾ ആവശ്യമില്ല എന്നു വിശ്വസിക്കുന്നവരെയും ഇന്ന് കാണാം. അത്തരത്തിലുള്ള ഒരു യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
ഒരു പ്രൊഫഷണൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കൂടിയായ ഡെൽഹിയിൽ നിന്നുള്ള യുവതിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിവാഹിതരായ സ്ത്രീകളുടെ അടയാളങ്ങളായി കണക്കാക്കപ്പെടുന്ന സിന്ദൂരമോ മംഗൾസൂത്രയോ താൻ ധരിക്കാത്തതിന്റെ കാരണം എന്താണ് എന്നും അവർ തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. എന്റെ ഭർത്താവ് ഇതൊന്നും ധരിക്കാറില്ല, പിന്നെ ഞാൻ എന്തിന് ധരിക്കണം എന്നാണ് അവർ ചോദിക്കുന്നത്. അതിന് പകരമായി താനും തന്റെ ഭർത്താവും മാച്ചിങ്ങായിട്ടുള്ള ബ്രേസ്‍ലെറ്റുകളാണ് ധരിക്കുന്നത് എന്നും അവൾ പറയുന്നു.
അതുപോലെ മിസിസ് എന്ന് വിളിക്കുന്നതിനോടോ ഭർത്താവിന്റെ സർനെയിം സ്വീകരിക്കുന്നതിനോടൊ തനിക്ക് താല്പര്യമില്ല എന്നും യുവതി വ്യക്തമാക്കുന്നുണ്ട്. വിവാഹം തന്റെ വ്യക്തിത്വം മാറ്റുന്നില്ല, തനിക്ക് ഇഷ്ടമുള്ളതുപോലെ വസ്ത്രം ധരിക്കാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും, സാമ്പത്തിക സ്വാതന്ത്ര്യം നിലനിർത്താനും ഒക്കെ സാധിക്കണം. ഇതിന് പറ്റാത്ത ഒരാളെ താൻ വിവാഹം കഴിക്കുമായിരുന്നില്ല എന്നും അവൾ പറയുന്നു.
മാതാപിതാക്കളിൽ നിന്നും മാറി ഒരു വീട് വാടകയ്ക്കെടുത്താണ് കഴിയുന്നത്. എന്നാൽ, രണ്ട് വീട്ടുകാരുമായും അടുപ്പം സൂക്ഷിക്കുന്നു. രണ്ടുപേരും ജോലിക്കാരായതിനാൽ പാകം ചെയ്യാനും മറ്റും ജോലിക്കാരിയെ നിയമിച്ചു. ഇല്ലെങ്കിൽ രണ്ടുപേരും കൂടി ജോലികൾ ചെയ്യുമായിരുന്നു എന്നും യുവതി പറയുന്നു. വിവാഹം എന്നാൽ, പുരുഷന് എല്ലാമുണ്ടാവുകയും സ്ത്രീകൾക്ക് എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്ന ഒന്നാവരുത് എന്നും തുല്ല്യതയാണ് വേണ്ടത് എന്നുമാണ് യുവതിയുടെ അഭിപ്രായം.
എന്നാൽ, ചിലർ വളരെ രൂക്ഷമായിട്ടാണ് യുവതിയുടെ വീഡിയോയോട് പ്രതികരിച്ചത്. ഓരോരുത്തര്‍ക്കും സ്വന്തം ഇഷ്ടം പോലെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നതുപോലും പരിഗണിക്കാതെയാണ് പലരും യുവതിയെ വിമര്‍ശിച്ചത്. അവൾ പറയുന്നത് ശരിയല്ല എന്നും സിന്ദൂരവും മംഗൾസൂത്രയും ഒന്നും ഉപേക്ഷിക്കരുത് എന്നുമാണ് അവരുടെ അഭിപ്രായം. മാത്രമല്ല, വളരെ രൂക്ഷമായി, യുക്തിരഹിതമായി യുവതിയെ വിമർശിച്ചവരും ഉണ്ട്. എന്നാൽ, ഇതുപോലെയായിരിക്കണം വിവാഹമെന്നത് എന്ന് കമന്റ് നൽകിയവരും ഉണ്ട്. യുവതി പറഞ്ഞതാണ് ശരി എന്നായിരുന്നു അവരുടെ അഭിപ്രായം.


