മായുടെ കാമുകൻ ഉടനെ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും അവളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ, പൊലീസ് എത്തുമ്പോഴേക്കും ഇയാൾ യുവതിയെ മാരകമായി പരിക്കേല്പിച്ചിരുന്നു.
നെഞ്ചിൽ 22 തവണ കുത്തേറ്റിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന് ഒരു യുവതി. സംഭവം നടന്നത് ചൈനയിലാണ്. യുവതി നേരത്തെ ചെയ്ത സ്തനശസ്ത്രക്രിയയാണ് അവളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
മെയ് 22 -നാണ് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലുള്ള ദി മിക്‌സ്‌സി ഷോപ്പിംഗ് മാളിൽ വച്ച് യുവതിയെ കത്തിയുമായി ഒരാൾ അക്രമിക്കാൻ തുടങ്ങിയത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മാ എന്ന 30 -കാരിയായ യുവതിയെ അക്രമി കാറിൽ കയറുന്നതിനിടെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.
മാ കാറിൽ കയറിയപ്പോൾ പാർക്കിംഗ് ഫീ നൽകിയ ശേഷം അവിടെ നിന്നും കാറെടുത്ത് വെളിയിൽ ഇറങ്ങാൻ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സഹായത്തിന് വേണ്ടി കരഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല എന്നും യുവതി പറയുന്നു.
അടുത്തുള്ള ടോങ്‌സിയാങ് കൗണ്ടിയിലേക്ക് കാറോടിക്കാനാണ് യുവതിയോട് ഇയാൾ പറഞ്ഞത്. ശേഷം ഇയാൾ അവളുടെ ബാങ്ക് അക്കൗണ്ടിൽ ബാലൻസ് പരിശോധിച്ചു. സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങാൻ ആവശ്യപ്പെട്ടു. അതിനിടയിൽ ചെറുതായി ഒന്ന് ഇയാളുടെ ശ്രദ്ധ മാറിയപ്പോൾ യുവതി തന്റെ കാമുകന് സഹായം വേണം എന്ന് കാണിച്ച് മെസ്സേജ് അയക്കുകയായിരുന്നു.
മായുടെ കാമുകൻ ഉടനെ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും അവളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ, പൊലീസ് എത്തുമ്പോഴേക്കും ഇയാൾ യുവതിയെ മാരകമായി പരിക്കേല്പിച്ചിരുന്നു. 22 തവണയാണ് ഇയാൾ അവരെ കുത്തിയത്. ശേഷം ഇയാൾ സ്വയം കുത്തി. പൊലീസ് എത്തുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. യുവതിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടമാർ പറഞ്ഞത്, യുവതിക്കേറ്റ കുത്തുകൾ നോക്കിയാൽ മരണകാരണം ആവേണ്ടതാണ് എന്നാണ്. എന്നാൽ, അവർ നേരത്തെ ചെയ്ത ബ്രെസ്റ്റ് ഇംപ്ലാന്റ് അവർക്കേറ്റ കുത്തുകൾ ഗുരുതരമായി തീരാതെ കാത്തു എന്നാണ്. ഒരു കുത്ത് മാത്രമാണ് ശ്വാസകോശത്തിന് ഏറ്റത്.
അതേസമയം, പ്രതി മരിച്ചതിനാൽ തന്നെ പൊലീസ് കേസിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചില്ല എന്നൊരു പരാതിയും മായ്ക്കുണ്ട്.
(ചിത്രം പ്രതീകാത്മകം)


