പ്രത്യേക ഫോസിലൈസ്ഡ് ആമാശയം, കുടല്‍, കരള്‍ എന്നിവയ്ക്കൊപ്പമാണ് ഹൃദയം കണ്ടെത്തിയത്, അവയവങ്ങളുടെ സ്ഥാനം സ്രാവിന്റെ ശരീരഘടനയോട് സാമ്യമുള്ളതാണ്.

380 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലില്‍ നിന്ന് ശാസ്ത്രജ്ഞര്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹൃദയം കണ്ടെത്തി. താടിയെല്ലുള്ള ഒരു മത്സ്യത്തിന്റെ ഫോസിലില്‍ നിന്നാണ് ഈ പഴക്കമുള്ള ഹൃദയം കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ കണ്ടെത്തലിനു പിറകില്‍. 

പ്രത്യേക ഫോസിലൈസ്ഡ് ആമാശയം, കുടല്‍, കരള്‍ എന്നിവയ്ക്കൊപ്പമാണ് ഹൃദയം കണ്ടെത്തിയത്, അവയവങ്ങളുടെ സ്ഥാനം സ്രാവിന്റെ ശരീരഘടനയോട് സാമ്യമുള്ളതാണ്. മനുഷ്യനുള്‍പ്പെടെയുള്ള ജീവികള്‍ എങ്ങനെ പരിണമിച്ചു എന്നതിലേക്ക് വെളിച്ചം വീശാന്‍ ഈ കണ്ടെത്തലിന് കഴിയുമെന്നാണ് പ്രതീക്ഷ. 419 ദശലക്ഷത്തിനും 359 ദശലക്ഷത്തിനും ഇടയില്‍ ഡെവോണിയന്‍ കാലഘട്ടത്തിലെ ഫോസിലൈസ് ചെയ്ത താടിയെല്ലുള്ള മത്സ്യത്തിന്റെത് ആണ് അവയവങ്ങളെന്നാണ് കണ്ടെത്തിയത്. 

പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ കിംബര്‍ലി മേഖലയിലെ ഗോഗോ പാറ ഇടുക്കുകളില്‍ നിന്നാണ് ഗവേഷകര്‍ ഫോസിലുകള്‍ കണ്ടെത്തിയത്, ഡെവോണിയന്‍ കാലഘട്ടത്തിന്റെ അവസാന കാലത്തെ തനതായ ജന്തുജാലങ്ങളെയും സസ്യജാലങ്ങളെയും കണ്ടെത്തിയ പാറയാണിത്. ഈ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ഗവേഷകര്‍ താടിയെല്ലുള്ള മത്സ്യത്തിന്റെ ത്രീഡി മോഡലുകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. അതില്‍ ഹൃദയത്തിന് രണ്ട് അറകള്‍ കാണപ്പെടുന്നു. ഇതില്‍ ചെറിയ അറയുടെ സ്ഥാനം മുകളിലാണ്.

ആര്‍ത്രോഡൈര്‍ കുടുംബത്തില്‍ നിന്നുള്ള ഒരു മത്സ്യത്തിന്റെ ശരീരത്തില്‍ നിന്നുള്ള അവയവങ്ങളാണ് ഇത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആധുനിക സ്രാവിന് സമാനമായ ശരീരഘടനയുള്ള വംശനാശം സംഭവിച്ച ഏതെങ്കിലും മത്സ്യത്തിന്റേത് ആകാനാണ് സാധ്യതയെന്നും അവര്‍ സൂചിപ്പിക്കുന്നു.

മൃദുവായ ടിഷ്യുകള്‍ വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ കണ്ടെത്തലിനെ ശ്രദ്ധേയമായ ഒന്നായാണ് പ്രമുഖ ഗവേഷകനായ പ്രൊഫസര്‍ കേറ്റ് ട്രിനാജിസ്റ്റിക് വിശേഷിപ്പിക്കുന്നത്. 20 വര്‍ഷത്തിലേറെയായി ഫോസിലുകളെ കുറിച്ച് പഠിച്ച ഒരാളെന്ന നിലയില്‍, 380 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഒരു പൂര്‍വ്വികനില്‍ ഇതുപോലൊരു ഹൃദയം കണ്ടെത്തിയതില്‍ അതിശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. 

ഈ പുതിയ കണ്ടെത്തലിനെ ശാസ്ത്രലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മനുഷ്യന്‍ അടക്കമുള്ള ജീവികളുടെ പരിണാമത്തിലേക്ക് വെളിച്ചം വീശുന്നതിന് ഇത് സഹായകരമാകും എന്നാണ് പ്രതീക്ഷ.