ജോലിയിൽ മുന്നേറാൻ എഐ പഠിക്കുന്നതിനായി കുടുംബപരമായ ഉത്തരവാദിത്തങ്ങൾ പൂർണ്ണമായി ഭാര്യയെ ഏൽപ്പിച്ച ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ കഥയാണിത്. ഈ സംഭവം ടെക് ലോകത്ത് എഐ സൃഷ്ടിക്കുന്ന സമ്മർദ്ദത്തെയും വ്യക്തിജീവിതത്തിലെ വിട്ടുവീഴ്ചകളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

ർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യ തൊഴിൽ മേഖലയെ അതിവേഗം മാറ്റിമറിക്കുന്ന സാഹചര്യത്തിൽ, അതിൽ പ്രാവീണ്യം നേടാനായി സ്വന്തം കുടുംബജീവിതത്തിൽ വലിയ വിട്ടുവീഴ്ച ചെയ്ത ഒരു സോഫ്റ്റ്‌വെയർ എൻജിനീയറുടെ അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ദി വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ സംഭവം വിവരിക്കുന്നത്.

സംഭവം ഇങ്ങനെ

ഈ സംഭവത്തിലെ കഥാപാത്രമായ ടെക്കി ഒരു എൻജിനീയറിങ് മാനേജറാണ്. സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്ന 31-കാരിയായ ഒരു സ്റ്റാർട്ടപ്പ് ജീവനക്കാരിയുടെ ഭർത്താവാണ് അദ്ദേഹം. ജോലിയിൽ മുന്നിട്ടുനിൽക്കാൻ 'എഐ നേറ്റീവ്' ആകണമെന്നാണ് അദ്ദേഹം തീരുമാനിച്ചത്. ജോലി ചെയ്യുന്ന എല്ലാ ഘട്ടങ്ങളിലും കൃത്രിമ ബുദ്ധി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പ്രൊഫഷണലുകളെയാണ് പൊതുവെ 'എഐ നേറ്റീവ്' എന്ന് വിശേഷിപ്പിക്കുന്നത്.

ഈ ലക്ഷ്യം കൈവരിക്കാൻ പകലും രാത്രിയും വാരാന്ത്യങ്ങളും ഉൾപ്പെടെ മുഴുവൻ സമയവും എഐ പഠനത്തിനും പരീക്ഷണങ്ങൾക്കും പുതിയ പ്രോജക്ടുകൾ വികസിപ്പിക്കുന്നതിനുമായി മാറ്റിവെക്കണം എന്നായിരുന്നു അദ്ദേഹം ഭാര്യയോട് പറഞ്ഞത്. അതിനാൽ വീട്ടുജോലികളും പ്രീ-സ്‍കൂൾ പ്രായമുള്ള കുട്ടിയുടെ പരിപാലനവും മുഴുവൻ ഭാര്യ ഏറ്റെടുക്കണം എന്നുമായിരുന്നു ഭാര്യയോടുള്ള ടെക്കിയുടെ അഭ്യർഥന. ഭർത്താവിന്റെ കരിയർ മുന്നേറ്റത്തിനായി ഭാര്യ അതിന് സമ്മതിക്കുകയും ചെയ്തു.

മാസങ്ങൾക്കുശേഷം തന്റെ ലക്ഷ്യം കൈവരിച്ചെന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞു. കമ്പനിയിൽ ഏറ്റവും കൂടുതൽ എഐ ഉപയോഗിക്കുന്ന ജീവനക്കാരനായി മാറാൻ തനിക്ക് കഴിഞ്ഞുവെന്നും അതിന് പിന്നിൽ ഭാര്യയുടെ പിന്തുണ നിർണായകമായിരുന്നുവെന്നും അദ്ദേഹം നന്ദിയോടെ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ചർച്ചകൾക്കും വഴിവെച്ചു. എഐയുടെ അതിവേഗ വളർച്ച സാങ്കേതിക മേഖലയിലെ ജീവനക്കാരിൽ വലിയ സമ്മർദമാണ് സൃഷ്‍ടിക്കുന്നത് എന്നും ജോലിയിൽ പിന്നിലാകുമെന്ന ഭയം പലരെയും വ്യക്തിജീവിതത്തിൽ പോലും കടുത്ത വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിതരാക്കുകയാണെന്നുമാണ് ചിലരുടെ അഭിപ്രായം.

അതേസമയം, കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പ്രതിഫലമില്ലാതെ ഏറ്റെടുക്കുന്ന ജീവിതപങ്കാളികളുടെ പങ്കിനെക്കുറിച്ചും ഈ സംഭവം ചർച്ചയാക്കി. കരിയർ വിജയത്തിനായി കുടുംബത്തോടൊപ്പമുള്ള വിലപ്പെട്ട സമയം നഷ്‍ടപ്പെടുത്തുന്നത് ശരിയാണോ എന്ന ചോദ്യവും നിരവധി പേർ ഉയർത്തുന്നുണ്ട്.

ദി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പ്രകാരം, നിരവധി സോഫ്റ്റ്‌വെയർ എൻജിനീയർമാരും സ്റ്റാർട്ടപ്പ് ജീവനക്കാരും മുൻ വൻ സാങ്കേതിക കമ്പനികളിലെ ഉദ്യോഗസ്ഥരുമാണ് എഐയിൽ വേഗത്തിൽ പ്രാവീണ്യം നേടിയില്ലെങ്കിൽ തൊഴിൽമേഖലയിൽ സ്വന്തം പ്രാധാന്യം കുറയുമെന്ന ആശങ്ക പങ്കുവെച്ചത്. പല സ്ഥാപനങ്ങളിലും കോഡിങ്, എഴുത്ത്, ഗവേഷണം, പിഴവ് കണ്ടെത്തൽ, പ്രൊജക്റ്റ് പ്ലാൻ ചെയ്യൽ തുടങ്ങി വിവിധ മേഖലകളിൽ എഐ ഉപയോഗിക്കുന്നത് ഇപ്പോൾ ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.