വർഷം 35 ലക്ഷം രൂപ ശമ്പള വാഗ്ദാനമുണ്ടായിരുന്ന ഇന്റേൺഷിപ്പ് അവസാനിക്കാൻ രണ്ട് ദിവസം മുൻപ് പിൻവലിക്കപ്പെട്ടതായി ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് നിക്ഷേപം മാറ്റിയെന്ന് പറഞ്ഞ് കമ്പനി 90 ഇന്റേണുകളെയും ഒഴിവാക്കി. ഇതോടെ മറ്റ് അവസരങ്ങൾ നഷ്ടമായ യുവാവിന് കുറഞ്ഞ ശമ്പളമുള്ള ജോലി മാത്രം ബാക്കിയായി.

ടെക്ക് മേഖലയിൽ പിരിച്ചുവിടലുകളും നിയമന മന്ദഗതിയും ചർച്ചയാകുന്നതിനിടെ, ഒരു യുവ സോഫ്റ്റ്‌വെയർ എൻജിനീയറുടെ അനുഭവമാണ് സമൂഹമാധ്യമമായ റെഡിറ്റിൽ വലിയ ശ്രദ്ധ നേടുന്നത്. ആറുമാസത്തെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയാൽ വർഷം 35 ലക്ഷം രൂപ ശമ്പളമുള്ള സ്ഥിരനിയമനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇന്റേൺഷിപ്പ് അവസാനിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ആ വാഗ്‍ദാനം പിൻവലിക്കപ്പെട്ടു എന്നാണ് യുവാവ് വെളിപ്പെടുത്തിയത്.

'നൈറ്റ് ഫ്യൂറി ജിടി' എന്ന പേരിലാണ് യുവാവ് റെഡിറ്റിൽ അനുഭവം പങ്കുവെച്ചത്. ഒന്നരാം നിര എൻജിനീയറിങ് കോളജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയതെന്നും ഇന്റേൺഷിപ്പ് കാലയളവിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറയുന്നു. മാനേജരിൽ നിന്ന് സ്ഥിരമായി മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സ്ഥിരനിയമനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പലതവണ അദ്ദേഹം ഉറപ്പ് നൽകിയിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

എന്നാൽ ഇന്റേൺഷിപ്പ് അവസാനിക്കാൻ വെറും രണ്ടുദിവസം മാത്രം ശേഷിക്കെ ബാച്ചിലുണ്ടായിരുന്ന 90 ഇന്‍റേൺമാരെയും ഒരേസമയം ഒഴിവാക്കിക്കൊണ്ടുള്ള ഇ-മെയിൽ സന്ദേശം ലഭിച്ചു. സോഫ്റ്റ്‌വെയർ എൻജിനീയർമാരെ നിയമിക്കുന്നതിൽ നിന്ന് പിന്മാറിയെന്നും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയിലേക്ക് നിക്ഷേപം മാറ്റി എന്നുമാണ് കമ്പനി നൽകിയ വിശദീകരണമെന്ന് യുവാവ് പറയുന്നു.

എന്നാൽ ജോലി നഷ്‍ടമായത് മാത്രമായിരുന്നില്ല തിരിച്ചടി. ഇന്റേൺഷിപ്പിനൊപ്പം സ്ഥിരനിയമന വാഗ്ദാനവും ഉണ്ടായിരുന്നതിനാൽ ക്യാമ്പസ് പ്ലേസ്‌മെന്റിലെ മറ്റ് അവസരങ്ങളിൽ നിന്ന് യുവാവിനെ നേരത്തേ ഒഴിവാക്കിയിരുന്നു. സ്ഥിരനിയമനം റദ്ദാക്കിയതോടെ കൈവശമുണ്ടായിരുന്നത് മറ്റൊരു കമ്പനിയിൽ നിന്നുള്ള വർഷം 6.5 ലക്ഷം രൂപയുടെ ഓഫർ മാത്രമായിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്റേൺഷിപ്പിനിടെ ലഭിച്ചിരുന്ന സ്റ്റൈപ്പൻഡിനേക്കാൾ കുറഞ്ഞ പ്രതിഫലമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാംപസിന് പുറത്തുള്ള തൊഴിൽ അവസരങ്ങളും നിലവിൽ വളരെ കുറവാണെന്നും ഗൂഗിൾ സമ്മർ ഓഫ് കോഡ് പോലുള്ള ശ്രദ്ധേയമായ പദ്ധതികളിൽ പ്രവർത്തിച്ച അനുഭവം ഉണ്ടായിട്ടും മികച്ച അവസരങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും യുവാവ് കുറിച്ചു.

അതേസമയം, റെഡിറ്റിൽ ഈ കുറിപ്പ് വ്യാപക ചർച്ചയായി. ഉയർന്ന ശമ്പള വാഗ്ദാനം നൽകി ഇന്റേൺമാരെ പരമാവധി ജോലി ചെയ്യിച്ചതിനുശേഷം അവസാന നിമിഷം വാഗ്ദാനം പാലിച്ചില്ലെന്നാണ് ചിലരുടെ വിമർശനം. സമാന അനുഭവം തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു. അതേസമയം ഇപ്പോൾ ലഭിച്ചിരിക്കുന്ന ജോലി സ്വീകരിച്ച് തൊഴിൽ വിപണി മെച്ചപ്പെടുമ്പോൾ മികച്ച അവസരങ്ങൾ തേടുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ പ്രായോഗിക മാർഗമെന്നും നിരവധി പേർ യുവാവിന് ഉപദേശം നൽകുന്നു.