ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎൻബിസി ചില ട്വിറ്റര്‍ ഇന്‍സൈഡര്‍ വിവരങ്ങള്‍ വച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ഏറ്റെടുക്കല്‍ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് വലിയ പണിയാകും എന്നാണ് ഒരോ ദിവസവും വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. 

ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎൻബിസി ചില ട്വിറ്റര്‍ ഇന്‍സൈഡര്‍ വിവരങ്ങള്‍ വച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. മസ്ക് നിര്‍ദേശിച്ച പുതിയ മാറ്റങ്ങൾ ട്വിറ്ററില്‍ കൊണ്ടുവരാന്‍ ജോലിയില്‍ കർശനമായ സമയപരിധി പാലിക്കാനും, അധിക മണിക്കൂർ പണിയെടുക്കാനും ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 

" ട്വിറ്ററിനുള്ളിലെ ആഭ്യന്തര ആശയവിനിമയങ്ങൾ അനുസരിച്ച്, മസ്കിന്‍റെ പുതിയ പരിഷ്കാരങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍. ആഴ്ചയിൽ ഏഴ് ദിവസവും 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യാൻ ട്വിറ്റർ മാനേജർമാർ ചില ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം" സിഎൻബിസി റിപ്പോർട്ട് പറയുന്നു.

ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നല്‍കുമോ എന്നോ, അല്ലെങ്കിൽ ജോലി സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയാള്‍ സിഎൻബിസിയോട് പറഞ്ഞത്. അതേ സമയം താന്‍ പറഞ്ഞ മാറ്റങ്ങള്‍ നവംബർ ആദ്യം നല്‍കിയ സമയപരിധിക്കുള്ളില്‍ നടപ്പിലാക്കാന്‍ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്ന് മസ്ക് സൂചന നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

50 ശതമാനം വരെ എഞ്ചിനീയര്‍മാരെ ഒഴിവാക്കിയേക്കും എന്ന് ഇലോൺ മസ്‌ക് പറഞ്ഞാതായി നേരത്തെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഈ ഉത്തരവ് പാലിക്കാൻ ജീവനക്കാരെ മാനേജര്‍ നിർബന്ധിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പറയുന്നത്. 

ട്വിറ്റർ ബ്ലൂടിക്കിന് പണം ഇടാക്കാനും, ബ്ലൂ ടിക്കിന്‍റെ പരിശോധനാ പ്രക്രിയ പരിഷ്‌കരിക്കാനും ഇലോൺ മസ്കിന് പദ്ധതിയുണ്ട്. മാസം 8 ഡോളറാണ് അംഗത്വത്തിനായി ഈടാക്കുക. ട്വിറ്റർ ബ്ലൂ സേവനങ്ങൾക്ക് പണമടച്ചവർക്ക് ട്വിറ്റർ സേർച്ചിൽ പ്രാമുഖ്യം ലഭിക്കും. നീണ്ട ട്വിറ്റ‌ർ സംഭാഷണങ്ങളിൽ ബ്ലൂ സബ്സ്ക്രൈബ‍ർമാരുടെ മറുപടികൾക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും.

കൂടുതൽ നീളത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും അനുമതി കിട്ടും. പുതിയ തീരുമാനം വ്യാജ അക്കൗണ്ടുകളെയും സ്പാം സന്ദേശങ്ങളെയും നിയന്ത്രിക്കാൻ അത്യാവശ്യമാണെന്നാണ് മസ്കിന്റെ ന്യായീകരണം. ട്വിറ്ററിലെ സജീവ അക്കൗണ്ടുകൾക്ക് യൂട്യൂബ് മാതൃകയിൽ പണം പ്രതിഫലം നൽകുന്നതും പരിഗണനയിലുണ്ടെന്ന് മസ്ക് വ്യക്തമാക്കി. ബ്ലൂ ടിക്കിന് ഓരോ രാജ്യത്തും ഈടാക്കുന്ന തുകയില്‍ മാറ്റമുണ്ടാകുമെന്നും മസ്ക് പറഞ്ഞു.

ബ്ലൂ ടിക്ക് ഉണ്ടോ? വെരിഫൈഡ് അക്കൗണ്ടുകൾക്ക് ട്വിറ്റര്‍ പണം ഈടാക്കും, തുക പ്രഖ്യാപിച്ചു

പുതിയ ഐടി ചട്ടങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയുടെ കഴുത്തിന് പിടിക്കുന്നോ.?