Asianet News MalayalamAsianet News Malayalam

ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോണ്‍ മസ്ക്, നിയമനടപടിക്കൊരുങ്ങി കമ്പനി

ഇതോടെ ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തിൽ പ്രമുഖരായ ടെക് കമ്പനിയും  തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിനും തുടക്കമാവും. 

Elon Musk Pulls Out Of $44 Billion Twitter Deal
Author
New York, First Published Jul 9, 2022, 6:49 AM IST

ലോകപ്രശസ്ത മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ (twiiter) വാങ്ങാനുള്ള പദ്ധതി ശതകോടീശ്വരൻ ഇലോൺ മസ്‌ക് (Elon musk) ഉപേക്ഷിച്ചു. വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ (Twitter) വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക്(Elon Musk) നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമർശിച്ചുകൊണ്ടുള്ള കത്ത്  മസ്‌ക് ട്വിറ്ററിന് നൽകിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോൾ കരാറിൽ നിന്നും പിന്മാറാനും മസ്ക് എടുത്ത് പറയുന്നത്. ഏകപക്ഷീയമായി കരാറിൽ നിന്നും പിന്മാറിയ മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർഅറിയിച്ചു. ഇതോടെ ലോകത്തെ ഒന്നാമത്തെ സമ്പന്നനും ആഗോളതലത്തിൽ പ്രമുഖരായ ടെക് കമ്പനിയും  തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിനും തുടക്കമാവും. 

പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്. 

ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി മസ്ക് എടുത്ത് കാണിച്ചിരുന്നു. 

കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ട്വിറ്ററിൽ സമൂലമായ ഉടച്ചുവാര്‍ക്കൽ നടത്തുമെന്ന് പിന്നീട് മസ്ക് പറ‍ഞ്ഞിരുന്നു. ട്വിറ്ററിൽ ഫണ്ടിംഗ് നടത്താനുള്ള നീക്കങ്ങൾ  മസ്ക് മരവിപ്പിച്ചതായി കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ദ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതിരുന്നു.  

44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും കമ്പനിയും തമ്മിൽ ധാരണയായിരുന്നുവെങ്കിലും  ആയെങ്കിലും ഇടപാട് ഗുരുതരമായ പ്രശ്‌നത്തിലാണെന്ന് ബിസിനസ് സ്റ്റാൻഡേർഡ് പിന്നീട് റിപ്പോർട്ട് ചെയ്തു. 

ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക്  ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്. ഏറ്റെടുക്കൽ തടയാൻ  അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു.  ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. 

ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാൻ്റിൽ ഉപയോഗിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios