പരീക്ഷണ നാവിഗേഷൻ ഉപഗ്രഹമായ പൾസർ-0 നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ജിപിഎസ് സിഗ്നൽ തടസ്സപ്പെടുത്തൽ (jamming) യൂറോപ്പിലും മധ്യപൂർവദേശങ്ങളിലും വ്യാപകമാണെന്ന് കണ്ടെത്തി. 

ജിപിഎസ് (GPS) സിഗ്നൽ തടസപ്പെടുത്തൽ (jamming) ലോകത്തിന്റെ ചില പ്രധാന മേഖലകളിൽ പ്രതീക്ഷിച്ചതിലും വലിയ തോതിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തി. കാലിഫോർണിയ ആസ്ഥാനമായ ക്സോണ സ്‍പേസ് സിസ്റ്റംസ് (Xona Space Systems) വികസിപ്പിക്കുന്ന പരീക്ഷണ നാവിഗേഷൻ ഉപഗ്രഹമായ പൾസർ (Pulsar-0) നടത്തിയ പുതിയ നിരീക്ഷണങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. യൂറോപ്പിന്റെയും മധ്യപൂർവദേശങ്ങളുടെയും മുകളിലൂടെ സഞ്ചരിക്കുമ്പോൾ ഉപഗ്രഹത്തിൽ നിന്നുള്ള ഡാറ്റയിൽ ശക്തമായ സിഗ്നൽ ക്ഷയം രേഖപ്പെടുത്തിയതായി നിരീക്ഷണം തെളിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏകദേശം 500 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഈ ഉപഗ്രഹം, പരീക്ഷണഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന ജിപിഎസ് റിസീവർ വഴി സിഗ്നൽ നിലവാരം നിരീക്ഷിക്കുകയായിരുന്നു. സാധാരണയായി ശക്തമായ 40 ഡെസിബൽ നിലവാരത്തിൽ ലഭിക്കേണ്ട സിഗ്നൽ ചില പ്രദേശങ്ങളിൽ 10 ഡെസിബലിലേക്കു വരെ താഴ്ന്നതായി ഗവേഷകർ കണ്ടെത്തി. ഇത് നാവിഗേഷൻ സംവിധാനങ്ങളുടെ കൃത്യതയെ തന്നെ ബാധിക്കുന്ന വലിയ ഇടിവാണ്.

ജിപിഎസ് പോലുള്ള ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റങ്ങൾ (GNSS) ഭൂമിയിൽ നിന്ന് വളരെ ഉയർന്ന ഭ്രമണപഥത്തിൽ (ഏകദേശം 19,000 കിലോമീറ്റർ) പ്രവർത്തിക്കുന്നതിനാൽ, അവയുടെ സിഗ്നലുകൾ ദുർബലമാണ്. അതുകൊണ്ടുതന്നെ ശക്തമായ ഇലക്ട്രോണിക് ജാമിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് അവയെ തടസപ്പെടുത്താൻ സാധിക്കുന്നു. ചിലപ്പോൾ തെറ്റായ സിഗ്നലുകൾ അയച്ച് (spoofing) ദിശയും സ്ഥിതിയും തെറ്റിദ്ധരിപ്പിക്കാനും കഴിയും.

പുതിയ കണ്ടെത്തലുകൾ പ്രകാരം, യൂറോപ്പിൽ നിന്ന് പടിഞ്ഞാറ് ഫ്രാൻസുമുതൽ കിഴക്ക് പാകിസ്ഥാൻ അതിർത്തിവരെ വ്യാപിക്കുന്ന പ്രദേശങ്ങളിൽ വരെ സിഗ്നൽ വ്യതിയാനം അനുഭവപ്പെടുന്നു. ഇത് താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾക്കും വലിയ പ്രതിസന്ധിയാകാമെന്ന് ഗവേഷകർ പറയുന്നു. ഈ സാഹചര്യത്തിൽ ഉപഗ്രഹ പ്രവർത്തനങ്ങൾക്കായി ജിപിഎസ് നിർണായകമായതിനാൽ, ഇത്തരത്തിലുള്ള തടസ്സങ്ങൾ ചിത്രീകരണ ഉപഗ്രഹങ്ങളുടെ കൃത്യത, ഭൂമിയിലെ ലക്ഷ്യങ്ങൾ നിരീക്ഷിക്കൽ, ആന്റീന നിയന്ത്രണം, കൂടാതെ ബഹിരാകാശത്തിലെ മറ്റു ഉപഗ്രഹങ്ങളുമായി കൂട്ടിയിടി ഒഴിവാക്കൽ തുടങ്ങിയ മേഖലകളിൽ വരെ ബാധിക്കാം.

ഇത്തരത്തിലുള്ള ജാമിംഗ് പലപ്പോഴും സൈനിക ആവശ്യങ്ങൾക്കായും സംഘർഷ മേഖലകളിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിനായും ഉപയോഗിക്കപ്പെടുന്നു. കൂടാതെ ശക്തമായ സൂര്യപ്രഭാവങ്ങളും ജിപിഎസ് സിഗ്നലിനെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി കൂടുതൽ ശക്തമായ സിഗ്നൽ നൽകുന്ന പുതിയ നാവിഗേഷൻ ഉപഗ്രഹ ശൃംഖലകൾ വികസിപ്പിക്കുകയാണ് ക്സോണ സ്‍പേസ് സിസ്റ്റംസ് (Xona Space Systems) പോലുള്ള കമ്പനികൾ. അവരുടെ ഭാവി പദ്ധതിയായ പൾസർ കോൺസ്റ്റലേഷൻ ജിപിഎസ്-നെക്കാൾ 100 ഇരട്ടി ശക്തിയുള്ള സിഗ്നൽ നൽകാൻ ലക്ഷ്യമിടുന്നു. ഗവേഷകർ പറയുന്നത് പ്രകാരം, ഈ പുതിയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായാൽ ജാമിംഗിന്റെ സ്വാധീനം വലിയ തോതിൽ കുറയുകയും ആഗോള നാവിഗേഷൻ കൂടുതൽ വിശ്വസനീയമാകുകയും ചെയ്യും.