ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള വ്യാപക വിമർശനങ്ങളെ തുടർന്ന് ഇൻസ്റ്റഗ്രാമിലെ 'മ്യൂസ് ഇമേജ്' എന്ന എഐ ഇമേജ് സൃഷ്ടിക്കുന്ന ഫീച്ചർ മെറ്റ പിൻവലിച്ചു. പൊതുവായ അക്കൗണ്ടുകളിലെ ചിത്രങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കാൻ സാധിച്ചിരുന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.  

പയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിനായി അവതരിപ്പിച്ച പുതിയ എഐ ഇമേജ് സൃഷ്‍ടിക്കുന്ന ഫീച്ചർ മെറ്റ പിൻവലിച്ചു. ഇന്‍സ്റ്റഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ എഐ ചിത്രങ്ങൾ സൃഷ്‍ടിക്കാൻ അനുവദിച്ചിരുന്ന 'മ്യൂസ് ഇമേജ്' ഫീച്ചറാണ് കമ്പനി താൽക്കാലികമായി നിർത്തിവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്തായിരുന്നു വിവാദത്തിന് കാരണം?

'മ്യൂസ് ഇമേജ്' അവതരിപ്പിച്ചതിന് പിന്നാലെ, പബ്ലിക് ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ഏത് വ്യക്തിയുടെയും പേര് പ്രോംപ്റ്റിൽ ചേർത്താൽ അവരുടെ എഐ ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നത് വലിയ വിവാദമായി. ഉപയോക്താവിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ ഈ ഫീച്ചർ പ്രവർത്തിച്ചിരുന്നതാണ് സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് ഇടയാക്കിയത്.

സ്വകാര്യ അക്കൗണ്ടുകളും 18 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും പബ്ലിക് അക്കൗണ്ടുകൾക്ക് 'ഓപ്റ്റ്-ഇൻ' എന്നതിന് പകരം സ്വമേധയാ അനുമതി നൽകിയ നിലയിലായിരുന്നു ക്രമീകരണം. ഈ ഫീച്ചർ വേണ്ടെന്നുവയ്ക്കണമെങ്കിൽ ഉപയോക്താക്കൾ തന്നെ സെറ്റിങ്സിൽ പോയി അനുമതി പിൻവലിക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു.

വിമർശനം അംഗീകരിച്ച് മെറ്റ

ബ്ലോഗ് പോസ്റ്റിലൂടെ ഫീച്ചർ പിൻവലിച്ച വിവരം മെറ്റ സ്ഥിരീകരിച്ചു. "ക്രിയേറ്റീവായ ഒരു ടൂൾ ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതോടൊപ്പം പബ്ലിക് ഉള്ളടക്കം ഈ രീതിയിൽ ഉപയോഗിക്കണമോ വേണ്ടയോ എന്നതിൽ ഉപയോക്താക്കൾക്ക് നിയന്ത്രണവും നൽകാൻ ശ്രമിച്ചു. എന്നാൽ ലഭിച്ച പ്രതികരണങ്ങൾ വിലയിരുത്തിയപ്പോൾ ഈ ഫീച്ചർ പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിച്ചില്ലെന്ന് വ്യക്തമായി. അതിനാൽ ഇത് ഇനി ലഭ്യമാകില്ല," കമ്പനി അറിയിച്ചു. അതേസമയം, 'മ്യൂസ് ഇമേജ്' പ്ലാറ്റ്ഫോം ഉപയോഗിച്ച് സാധാരണ എഐ ചിത്രങ്ങൾ സൃഷ്‍ടിക്കുന്ന ഫീച്ചർ തുടരുമെന്നും മെറ്റ വ്യക്തമാക്കി.

സ്വകാര്യതാ ആശങ്കകൾ ശക്തം

ഫീച്ചറിന്റെ മറ്റൊരു പ്രധാന വിമർശനം, ഒരാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് എഐ ചിത്രം സൃഷ്‍ടിച്ചാൽ അതിനെക്കുറിച്ച് ബന്ധപ്പെട്ട ഉപയോക്താവിന് അറിയിപ്പ് ലഭിക്കില്ല എന്നതായിരുന്നു. ഇതിലൂടെ വ്യക്തികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയർന്നു. ഫീച്ചർ പിൻവലിച്ചതിന് ശേഷം, മെറ്റ എഐയിൽ മറ്റൊരാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ടാഗ് ചെയ്ത് ചിത്രം സൃഷ്‍ടിക്കാൻ ശ്രമിച്ചാൽ ചാറ്റ്ബോട്ട് അതിന് വിസമ്മതിക്കും.

സെറ്റിംഗ്‍സിലും മാറ്റം

ഇൻസ്റ്റഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന 'മെറ്റയുടെ എഐ ഫീച്ചറുകൾക്കായി നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് ഉപയോഗിക്കാൻ അനുവദിക്കുക' എന്ന സെറ്റിങ് ഓപ്ഷനും കമ്പനി നീക്കം ചെയ്തു.

ഹോളിവുഡിൽ നിന്നടക്കം പ്രതിഷേധം

ഹോളിവുഡ് താരങ്ങളായ ടോം ക്രൂസ്, സെൻഡയ, മെറിൽ സ്ട്രീപ് എന്നിവരുടെ പ്രതിനിധികളായ ക്രിയേറ്റീവ് ആർട്ടിസ്റ്റ്സ് ഏജൻസിയും (സിഎഎ) ഫീച്ചറിനെതിരെ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കാൻ സ്വമേധയാ അനുമതി നൽകിയവരെ മാത്രം ഉൾപ്പെടുത്തുന്ന 'ഓപ്റ്റ്-ഇൻ' സംവിധാനം വേണമെന്നായിരുന്നു ഏജൻസിയുടെ ആവശ്യം.

മെറ്റ മാത്രം അല്ല

എഐ ഇമേജ് ജനറേഷൻ ഫീച്ചറുകളുടെ പേരിൽ വിമർശനം നേരിടുന്ന ആദ്യ കമ്പനിയല്ല മെറ്റ. ഓപ്പൺഎഐയുടെ 'സോറ 2' വീഡിയോ മോഡലും സമാനമായ സ്വകാര്യതാ വിവാദങ്ങളെ തുടർന്ന് നയങ്ങളിൽ മാറ്റം വരുത്തിയിരുന്നു. അതേസമയം, എക്സ്എഐയുടെ 'ഗ്രോക് ഇമാജിൻ' മോഡൽ ഉപയോക്താക്കളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ മാറ്റിമറിച്ചെന്ന ആരോപണവും നേരത്തെ വിവാദമായിരുന്നു.