Asianet News MalayalamAsianet News Malayalam

Twitter : ട്വിറ്റർ മസ്കിന് സ്വന്തം; കരാർ ഉറപ്പിച്ചത് 44 ബില്യൺ ഡോളറിന്

ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 

Twitter board agrees to 44bn dollar takeover by Elon Musk
Author
Washington D.C., First Published Apr 26, 2022, 1:00 AM IST

ന്യൂയോർക്: ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ (Twitter) ഇനി ഇലോൺ മസ്കിന് (Elon Musk) സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43  ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ ഒരു പടി കൂടി കടന്നാണ് 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. കരാർ സംബന്ധിച്ച്  ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ മാനേജ്മെന്റ് തീരുമാനം എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

'ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ'- കരാർ പ്രഖ്യാപിച്ച് മസ്ക് പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവർക്കും ആധികാരികത നൽകുക തുടങ്ങിയവയിലൂടെ  ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  ട്വിറ്ററിന് അന്തമായ സാധ്യതകളുണ്ട്. അത് അൺലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് മസ്ക്. ഇദ്ദേഹം സ്വന്തം നിലയ്ക്കാണ് ട്വിറ്റർ വാങ്ങാൻ ശ്രമിക്കുന്നത്. ഈ ഡീലിൽ ടെസ്ലയ്ക്ക് യാതൊരു പങ്കുമില്ല. മസ്ക് ട്വിറ്റർ സ്വന്തമാക്കുമോ എന്ന ആകാംക്ഷയിൽ അന്തിമ ചർച്ചകളിൽ ഉറ്റുനോക്കിയിരിക്കുകയായിരുന്നു ലോകം.  അതേസമയം വാർത്ത  പുറത്തുവന്ന ശേഷം ട്വിറ്ററിന്റെ ഓഹരി മൂല്യം 4.5 ശതമാനം ഉയർന്നു. 51.15 ഡോളറിലാണ് ന്യൂയോർക്ക് ഓഹരി വിപണിയിൽ ട്വിറ്റർ ഓഹരികളുടെ വിപണനം. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ ആസ്തിയാകണമെന്നാണ് ഇലോൺ മസ്കിന്റെ വാദം. തന്നെ ഏറ്റവും നിശിതമായി വിമർശിക്കുന്നവർ വരെ ട്വിറ്ററിൽ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നുമാണ് ഇലോൺ മസ്ക് ഒടുവിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ട്വിറ്ററിൽ ഒൻപത് ശതമാനത്തിലേറെ ഇലോൺ മസ്ക് ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ മുഴുവനായി വാങ്ങാനുള്ള താത്പര്യം ഇലോൺ മസ്ക് അറിയിച്ചത്. തുടക്കത്തിൽ ഇതിനെ തമാശയായി കരുതിയ ട്വിറ്റർ മാനേജ്മെന്റ് ഇലോൺ മസ്ക് പൊന്നുംവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios