Asianet News MalayalamAsianet News Malayalam

WhatsApp New Feature : വാട്ട്സ്ആപ്പില്‍ വോയിസ് മെസേജ് അയക്കുന്നവര്‍ അറിയുക; കിടിലന്‍ മാറ്റം ലോഡിംഗ്.!

ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചറുകള്‍ നേരത്തെ പ്രവചിക്കാറുള്ള വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ  പുതിയ പ്രത്യേകത വെളിപ്പെടുത്തിയിരിക്കുന്നു. 

WhatsApp adding new voice waveform for chat bubbles
Author
New Delhi, First Published Dec 6, 2021, 5:36 PM IST

മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍ (Voice Message). ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ ജനപ്രിയ ഫീച്ചറില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഒരോ മാറ്റവും വാട്ട്സ്ആപ്പ് (Whatsapp) ഉപയോക്താക്കള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഏറ്റവും അവസാനം വന്ന പ്ലേബാക്ക് സ്പീഡ് കൂട്ടി വയ്ക്കാനുള്ള ഫീച്ചര്‍ ഏറെ വിജയമായിരുന്നു.

ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന ഫീച്ചറുകള്‍ നേരത്തെ പ്രവചിക്കാറുള്ള വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ (WABeta info) പുതിയ പ്രത്യേകത വെളിപ്പെടുത്തിയിരിക്കുന്നു. ഇനി മുതല്‍ വാട്ട്സ്ആപ്പില്‍ ലഭിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ വേവ് ഫോമില്‍ ആയിരിക്കും. അത് ലഭിക്കുന്ന ശബ്ദത്തിന്‍റെ മോഡുലേഷന്‍ പോലെയുണ്ടാകും. ഇപ്പോള്‍ തന്നെ വാട്ട്സ്ആപ്പിന്‍റെ ഉടമസ്ഥരായ മെറ്റയുടെ മെസഞ്ചര്‍ ആപ്പില്‍ പലര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്. ഇതിന് സമാനമായിരിക്കും പുതിയ ഫീച്ചര്‍.

അതേ സമയം ഇപ്പോള്‍ തന്നെ ചില ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാധാരണ ഒരു വേവ് രീതിയില്‍ ആയിരിക്കില്ല ശബ്ദസന്ദേശങ്ങളുടെ രൂപം മാറ്റുക എന്നും കൂടുതല്‍ കളര്‍ഫുള്ളായ ഒരു ഇന്‍റര്‍ഫേസ് ആയിരിക്കും ഇതെന്നുമാണ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

അതേ സമയം ശബ്ദ സന്ദേശങ്ങളോടും, സന്ദേശങ്ങളോടും നേരിട്ട് ഇമോജി ഇട്ട് പ്രതികരണം നടത്തുന്ന ഫീച്ചറും വാട്ട്സ്ആപ്പില്‍ തയ്യാറെടുക്കുന്നുവെന്നാണ് ഇതിനൊപ്പം തന്നെ വരുന്ന മറ്റൊരു വാര്‍ത്ത. ഇന്‍സ്റ്റ ഡയറക്ട് മെസേജിലും, മെസഞ്ചറിലും ഇപ്പോള്‍ തന്നെ ഈ പ്രത്യേകത നിലവിലുണ്ട്. ഇത് തന്നെ ആയിരിക്കും വാട്ട്സ്ആപ്പിലും വരുക എന്നാണ് സൂചന.

ഉപയോക്താക്കള്‍ ആഗ്രഹിച്ച കാര്യം നടപ്പിലാക്കാന്‍ വാട്ട്സ്ആപ്പ്

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി ഫീച്ചറുകളാണ് ഇപ്പോള്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ്  അപ്ഡേറ്റുകള്‍ പഴയപടിയാക്കാനുള്ള സാധ്യത പരീക്ഷിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട്. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പില്‍ ഒരു സ്റ്റാറ്റസ് പോസ്റ്റുചെയ്യുമ്പോഴെല്ലാം ഒരു അണ്‍ടു ഓപ്ഷന്‍ കാണാനാകും എന്നാണ്. ഐഒഎസ് ബീറ്റ ആപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തി,

ബീറ്റ ഇതര ഉപയോക്താക്കള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ആപ്പിന്റെ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പഴയപടിയാക്കാനുള്ള സാധ്യത വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് അപ്ഡേറ്റ് വേഗത്തില്‍ ഇല്ലാതാക്കാന്‍ ഈ ഫീച്ചര്‍ നിങ്ങളെ അനുവദിക്കും. നിലവില്‍, നിങ്ങള്‍ തിടുക്കത്തിലോ അബദ്ധത്തിലോ പോസ്റ്റ് ചെയ്ത ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ഇല്ലാതാക്കാന്‍ മൂന്ന് ഡോട്ടുകളില്‍ ടാപ്പുചെയ്യുന്നതിനു പകരമാണിത്. ഈ ഫീച്ചര്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍, പോസ്റ്റ് ചെയ്തതെന്തും പെട്ടെന്ന് തിരിച്ചുവിളിക്കാം.

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ക്ക് സമാനമാണ്, അത് പ്ലാറ്റ്ഫോമില്‍ 24 മണിക്കൂറും തത്സമയം തുടരും. നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് സ്റ്റാറ്റസ് കാണാന്‍ കഴിയും എന്നാല്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാത്ത ആളുകള്‍ക്ക് അത് ദൃശ്യമാകില്ല.

Follow Us:
Download App:
  • android
  • ios