ഐപാഡ് ഉപയോക്താക്കൾക്ക് ഇനി ഫോണിന്റെ സഹായമില്ലാതെ നേരിട്ട് വാട്‍സ്ആപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. ഈ പുതിയ അപ്ഡേറ്റിലൂടെ ഐപാഡിനെ ഒരു പ്രൈമറി ഡിവൈസായി ഉപയോഗിക്കാൻ സാധിക്കും, ഇത് കമ്പാനിയൻ മോഡിലെ പരിമിതികൾ ഒഴിവാക്കുന്നു. ലൈവ് ലൊക്കേഷൻ ഷെയറിങ്, ബ്രോഡ്‍കാസ്റ്റ് ലിസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതോടെ ഐപാഡിലും ലഭ്യമാകും.

പാഡ് ഉപയോക്താക്കൾക്കായി വാട്‍സ്ആപ്പ് പുതിയൊരു സൗകര്യം അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. ഇതുവരെ കമ്പാനിയൻ മോഡ് വഴി മാത്രമാണ് ഐപാഡിൽ വാട്‍സാപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. അതായത്, ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോണിലുള്ള വാട്‍സാപ്പ് അക്കൗണ്ടുമായി ക്യുആർ കോഡ് സ്‍കാൻ ചെയ്ത് ഐപാഡിനെ ലിങ്ക് ചെയ്യേണ്ടതായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റോടെ ഐപാഡിൽ തന്നെ നേരിട്ട് വാട്‍സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്ത് അതിനെ പ്രൈമറി ഡിവൈസ് ആയി ഉപയോഗിക്കാൻ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കമ്പാനിയൻ മോഡിലെ പരിമിതികൾ ഒഴിവാകും

നിലവിൽ കമ്പാനിയൻ മോഡിൽ പ്രവർത്തിക്കുന്ന ഐപാഡുകളിൽ ചില പ്രധാന പരിമിതികളുണ്ട്. ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാനോ ബ്രോഡ്‍കാസ്റ്റ് ലിസ്റ്റുകൾ സൃഷ്ടിക്കാനോ കാണാനോ കഴിയില്ല. ബിസിനസ് അക്കൗണ്ടുകളുമായി ഫ്ലോസ് ഉപയോഗിച്ചുള്ള ആശയവിനിമയവും ലഭ്യമല്ല. കൂടാതെ, പ്രൈമറി ഫോണിൽ തുടർച്ചയായി 14 ദിവസം വാട്‍സാപ്പ് തുറക്കാതിരുന്നാൽ ഐപാഡ് ഉൾപ്പെടെയുള്ള എല്ലാ ലിങ്ക് ചെയ്ത ഡിവൈസുകളിൽ നിന്നും അക്കൗണ്ട് സ്വമേധയാ ലോഗ് ഔട്ട് ചെയ്യപ്പെടും.

രജിസ്ട്രേഷൻ ഇനി ഫോണിലെ പോലെ തന്നെ

ട്രാക്കറായ വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ഐപാഡ്ഒഎസ്-നുള്ള വാട്സ്ആപ്പ് പതിപ്പ് 26.25.74-ലൂടെയാണ് പുതിയ ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമാകുന്നത്. ഐപാഡിൽ പ്രൈമറി ഡിവൈസായി വാട്സ്ആപ്പ് സജ്ജീകരിക്കുന്ന രീതി ഫോണിലേതിന് സമാനമാണ്. രാജ്യം തിരഞ്ഞെടുക്കുകയും ഫോൺ നമ്പർ നൽകുകയും ചെയ്താൽ ആറ് അക്ക വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് അക്കൗണ്ട് സജീവമാക്കാം. അക്കൗണ്ടിൽ നേരത്തെ പാസ്കീ സജ്ജീകരിച്ചിട്ടുള്ളവർക്ക് വെരിഫിക്കേഷൻ കോഡിന് പകരം അത് ഉപയോഗിക്കാനും സാധിക്കും. ഇതിലൂടെ രജിസ്ട്രേഷൻ കൂടുതൽ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാനാകും.

കൂടുതൽ സ്വാതന്ത്ര്യത്തോടെ ഐപാഡ് ഉപയോഗിക്കാം

ഐപാഡ് പ്രൈമറി ഡിവൈസായി സജ്ജീകരിച്ചാൽ കമ്പാനിയൻ മോഡിലെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാകും. ലൈവ് ലൊക്കേഷൻ ഷെയറിങ്, ബ്രോഡ്‍കാസ്റ്റ് ലിസ്റ്റുകളുടെ ഉപയോഗം, ബിസിനസ് ഫീച്ചറുകൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കും. കൂടാതെ, പ്രൈമറി ഫോൺ ഉപയോഗിക്കാത്തതിനാൽ അക്കൗണ്ട് ലോഗ് ഔട്ട് ആകുമെന്ന ആശങ്കയും ഇനി ഉണ്ടാകില്ല.

കമ്പാനിയൻ മോഡ് തുടരും

പുതിയ ഫീച്ചർ എത്തിയാലും കമ്പാനിയൻ മോഡ് ഒഴിവാക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫോൺ തന്നെ പ്രൈമറി ഡിവൈസായി നിലനിർത്തി ഐപാഡ് സെക്കൻഡറി ഡിവൈസായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ രീതിയിൽ തന്നെ തുടരാം. ആദ്യമായി ഐപാഡിൽ വാട്‍സാപ്പ് സജ്ജീകരിക്കുമ്പോൾ പ്രൈമറി ഡിവൈസ് അല്ലെങ്കിൽ കമ്പാനിയൻ മോഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. ഇതിനകം കമ്പാനിയൻ മോഡിൽ ഐപാഡ് ഉപയോഗിക്കുന്നവർക്ക് പ്രത്യേകിച്ച് ഒന്നും മാറ്റേണ്ടതില്ല.

ഘട്ടംഘട്ടമായി ലഭ്യമാകും

നിലവിൽ പരിമിതമായ ചില ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വരും ആഴ്ചകളിൽ കൂടുതൽ ഐപാഡ് ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.