Asianet News MalayalamAsianet News Malayalam

മാട്രിമോണിയല്‍ സൈറ്റ് വഴി വീണ്ടും തട്ടിപ്പ്; ആവര്‍ത്തിക്കുന്ന മാട്രിമോണിയല്‍ തട്ടിപ്പുകളില്‍ ആശങ്ക...

മാട്രിമോണിയല്‍ സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ ഇത് വലിയൊരു വിഭാഗം പേരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ആളുകളെ വിശ്വാസത്തിലെടുക്കുന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാൻ കാരണമാകുന്നതെന്ന് ഇതുപോലുള്ള കേസുകളുടെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ മനസിലാക്കാൻ സാധിക്കും.

cases of women duped by men through matrimonial sites are increasing hyp
Author
First Published May 10, 2023, 4:44 PM IST

മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹം കഴിച്ചിട്ടുള്ളവര്‍ ഏറെയാണ്. ഇപ്പോഴും ഈ രീതിയില്‍ യോജിച്ച ബന്ധങ്ങള്‍ കണ്ടെത്തി ജീവിതത്തിലേക്ക് തെരഞ്ഞെടുക്കുന്നവരും വിശ്വാസപൂര്‍വം ഇതിന് ശ്രമിക്കുന്നവരും ഒരുപാടുണ്ട്.

എന്നാല്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ ഇത് വലിയൊരു വിഭാഗം പേരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ആളുകളെ വിശ്വാസത്തിലെടുക്കുന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാൻ കാരണമാകുന്നതെന്ന് ഇതുപോലുള്ള കേസുകളുടെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ മനസിലാക്കാൻ സാധിക്കും.

ഏറ്റവും പുതുതായി ബംഗലൂരുവിലാണ് മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുപ്പത്തിയൊമ്പതുകാരിയായ യുവതിയെ സൈറ്റ് വഴി ബന്ധപ്പെട്ട യുവാവ് ഇവരുടെ വിശ്വാസം നേടിയ ശേഷം ബന്ധുക്കളെ പരിചയപ്പെടുത്താൻ ദില്ലിയില്‍ ഒരു വിവാഹച്ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ചു. ബിസിനസ്മാൻ ആണെന്നായിരുന്നു യുവാവ് അവകാശപ്പെട്ടിരുന്നത്. ഇത് യുവതിയെ വിശ്വസിപ്പിച്ചെടുക്കുകയും ചെയ്തു.

ദില്ലിയിലേക്ക് വരുമ്പോള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ യോജിച്ച വസ്ത്രവും ആഭരണങ്ങളുമെല്ലാം കരുതണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. ഇതനുസരിച്ച് ഇവയെല്ലാമായി ദില്ലിയിലെത്തിയ യുവതി, യുവാവിനെ കണ്ടു. തുടര്‍ന്ന് ഇരുവരും ഒരു ഫുഡ് കോര്‍ട്ടില്‍ പോയി ഭക്ഷണം കഴിച്ച ശേഷം വീണ്ടും കാറില്‍ കയറി.

എന്നാല്‍ പോകുന്നവഴി കാറിന്‍റെ ടയറിന് എന്തോ സംഭവിച്ചു, അത് പരിശോധിക്കണമെന്ന് പറഞ്ഞ് യുവതിയെ പുറത്തിറക്കിയ ശേഷം ഇയാള്‍ കാറെടുത്ത് അതിവേഗം പോകുകയായിരുന്നുവത്രേ. 300 ഗ്രാം സ്വര്‍ണവും 15,000 രൂപയും മൊബൈല്‍ ഫോണും മൂന്ന് എടിഎം കാര്‍ഡുമാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. 

യുവതിയുടെ വിശ്വാസം കവര്‍ന്ന ശേഷമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തം. ഇതുപോലെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വന്നിട്ടുള്ളത് നിരവധി തട്ടിപ്പ് കേസുകളാണ്. അതും ലക്ഷങ്ങളുടെ തട്ടിപ്പുകള്‍. 

പല യുവതികളെയും പറ്റിച്ച യുവാവ്....

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഇരുപത്തിയാറുകാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത സംഭവം പുറത്തറിഞ്ഞത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഗുഡ്‍ഗാവിലെ വൻകിട കമ്പനിയില്‍ എച്ച്ആര്‍ പ്രൊഫഷണലായി ജോലി ചെയ്തിരുന്ന വിശാല്‍ എന്നയാളാണ് അറസ്റ്റിലായത്. 

വിലയേറിയ കാറും വീടുമെല്ലാം കാണിച്ച് ഇയാള്‍ യുവതികളുടെ വിശ്വാസം നേടിയെടുത്ത ശേഷം പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് പണം വാങ്ങുന്നതായിരുന്നു പതിവ്. തുടര്‍ന്ന് ഇവരുമായുള്ള ബന്ധങ്ങള്‍ വിഛേദിക്കും. പണത്തിനും ആഡംബരജീവിതത്തിനുമാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

പറ്റിക്കപ്പെട്ടവരില്‍ തിരുവനന്തപുരം സ്വദേശിയും...

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നല്‍കി കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്ന് ത്രിപുര സ്വദേശികള്‍ പിടിയിലായതും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. 22 ലക്ഷം രൂപയാണ് ഇവര്‍ യുവതിയില്‍ നിന്ന് തട്ടിയെടുത്തത്. 

ലോകാരോഗ്യസംഘടനയില്‍ ഉള്‍പ്പെടുന്ന ഡോക്ടറാണെ്ന് വിശ്വസിപ്പിച്ചാണ് ഇവരിലൊരാള്‍ വിവാഹാലോചനയുമായി യുവതിയെ ബന്ധപ്പെട്ടതത്രേ. വാട്സ് ആപ്പ് വഴി ബന്ധം സുദൃഢമാക്കിയതിന് ശേഷം വിദേശത്ത് ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് ഇവരുടെ കയ്യില്‍ നിന്ന് പണം തട്ടിയത്. 

സംഘം പതിവായി മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് പണമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പിന്നീട് അറിയിച്ചത്. 

നഗ്ന വീഡിയോ കോളില്‍ കുരുക്ക്...

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി നഗ്ന വീഡിയോകോള്‍ നടത്തുകയും തുടര്‍ന്ന് ബ്ലാക്ക്‍മെയിലിംഗിന് വിധേയനാവുകയും ചെയ്ത് അറുപത്തിയഞ്ചുകാരന് നഷ്ടമായത് 60 ലക്ഷം രൂപ. സൈറ്റ് വഴി പരിചയപ്പെട്ട യുവതി ഇദ്ദേഹത്തെ പ്രലഭിപ്പിച്ച് വീഡിയോ കോള്‍ വരെ എത്തിക്കുകയായിരുന്നു. കോളിനിടെ ഇദ്ദേഹത്തോട് വിവസ്ത്രനാവാൻ ആവശ്യപ്പെടുകയും ഇവരുടെ പ്രലോഭനത്തില്‍ വീണ്ടും വഴങ്ങി ഇദ്ദേഹം അത് അനുസരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി വിലപേശി പണം കൈക്കലാക്കി. 

സംഭവത്തില്‍ പരാതിയുമായി ഇദ്ദേഹം പൊലീസിനെ സമീപിച്ചതോടെയാണ് വമ്പൻ തട്ടിപ്പിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. 

ആവര്‍ത്തിക്കുന്ന 'മാട്രിമോണിയല്‍' തട്ടിപ്പുകള്‍...

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍ അവയില്‍ നിയമത്തിന് എന്തെങ്കിലും വിധത്തില്‍ പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കുമോ എന്നാണ് അധികപേരും അന്വേഷിക്കുന്നത്. 

എന്നാല്‍ ആയിരക്കണക്കിനോ ലക്ഷക്കണക്കിന് പേരോ രജിസ്റ്റര്‍ ചെയ്യുന്ന സൈറ്റുകളില്‍ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് തട്ടിപ്പിനെ പ്രതിരോധിക്കല്‍ എളുപ്പമല്ല. അതേസമയം ഓണ്‍ലൈനായോ, ഇത്തരത്തില്‍ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയോ ഒക്കെ പുതിയ ആളുകളെ പരിചയപ്പെടുമ്പോള്‍ നാം പാലിക്കേണ്ട ജാഗ്രതയെ കുറിച്ചാണ് ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. 

വളരെ വിശ്വസനീയമായി തോന്നാവുന്ന കള്ളങ്ങളാകാം പ്രതികള്‍ പറയുന്നതോ ധരിപ്പിക്കുന്നതോ. എന്നാല്‍ കയ്യിലുള്ള പണമോ സ്വര്‍ണമോ ഒന്നും കൈമോശം വരാതെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈൻ തട്ടിപ്പുകളെ കുറിച്ച് ഇത്രമാത്രം വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും തങ്ങള്‍ക്ക് അത് സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസം വേണ്ട. ഇക്കാര്യം തന്നെയാണ് പൊലീസും നിയമവിദഗ്ധരുമെല്ലാം ആവര്‍ത്തിക്കുന്നത്.

കഴിയുന്നയത്രയും ഓണ്‍ലൈൻ ബന്ധങ്ങളിലെ സുതാര്യത ആദ്യം അളന്നെടുക്കണം. പരിപൂര്‍ണ വിശ്വാസമാകുന്നത് വരെ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങാതിരിക്കാം. അതുപോലെ തനിയെ എല്ലാ കാര്യങ്ങളും ചെയ്യാതെ അടുപ്പമുള്ളവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഇടപെടലുകളുമെല്ലാം തേടാവുന്നതാണ്. 

Also Read:- 'ഡിവോഴ്സി'ന് ശേഷം വിവാഹ ഫോട്ടോഷൂട്ടിന്‍റെ പണം തിരികെ ചോദിച്ച് യുവതി; സ്ക്രീൻഷോട്ടുമായി ഫോട്ടോഗ്രാഫര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios