ടോപ്പിനടിയില്‍ മറ്റ് വസ്ത്രമൊന്നും ധരിക്കാതെ ശരീരം പ്രദര്‍ശിപ്പിച്ചുവെന്നാണ് ഭാവനയ്ക്കെതിരെ വന്ന വാദം. ഭാവനയെ മാത്രമല്ല, ഇന്നും പല മലയാളി നടിമാരെയും സോഷ്യല്‍ മീഡിയയിലെ 'ആങ്ങളമാര്‍' വെറുതെ വിടുന്നില്ലെന്നതാണ് സത്യം. 

വസ്ത്രധാരണത്തിന്‍റെ പേരില്‍ സെലിബ്രിറ്റികളെ അധിക്ഷേപിക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ നടി ഭാവനയ്ക്കെതിരെയാണ് വസ്ത്രധാരണത്തിന്‍റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്. 

ടോപ്പിനടിയില്‍ മറ്റ് വസ്ത്രമൊന്നും ധരിക്കാതെ ശരീരം പ്രദര്‍ശിപ്പിച്ചുവെന്നാണ് ഭാവനയ്ക്കെതിരെ വന്ന വാദം. ഭാവനയെ മാത്രമല്ല, ഇന്നും പല മലയാളി നടിമാരെയും സോഷ്യല്‍ മീഡിയയിലെ 'ആങ്ങളമാര്‍' വെറുതെ വിടുന്നില്ലെന്നതാണ് സത്യം. 

മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകളില്‍ കൂടുതല്‍ ഫാഷൻ- ഫിറ്റ്നസ് സെൻസ് ഉണ്ടാവുകയും പ്രത്യേകിച്ച് സിനിമാമേഖലയില്‍ ഇതിന്‍റെ പ്രതിഫലനമുണ്ടാവുകയും ചെയ്യുന്ന കാലമാണിത്. ഇത്തരം വിഷയങ്ങളെയെല്ലാം പക്വതയോടും പുരോഗമന സമീപനത്തോടും കൂടി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവര്‍ ഇന്ന് ഏറെയുണ്ട്. 'ഗ്ലാമറസ്' എന്ന പദത്തില്‍ നിന്ന് 'ബോള്‍ഡ്' എന്ന പദത്തിലേക്കുള്ള മാറ്റം പോലും ഇതിന്‍റെ തെളിവാണ്.

എങ്കിലും ഇക്കാലത്തും വസ്ത്രധാരണത്തിന്‍റെ പേരിലും ശരീരത്തിന്‍റെ സവിശേഷതകളുടെ പേരിലും മറ്റുള്ളവരെ അധിക്ഷേപിക്കുകയും അതിരുകളില്ലാതെ വിമര്‍ശിക്കുകയും വ്യക്തിപരമായി പോലും അപമാനിക്കുകയും ചെയ്യുന്നവരുണ്ട്. ഇവരെ സെലിബ്രിറ്റികള്‍ തന്നെ പരിഹാസപൂര്‍വം 'ആങ്ങളമാര്‍' എന്ന് വിശേഷിപ്പിച്ചുകേള്‍ക്കാറുണ്ട്. 

സെലിബ്രിറ്റികള്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അച്ചടക്കവും ചട്ടവും പഠിപ്പിക്കാൻ വരുന്ന പുരുഷന്മാരെ പൊതുവെ ഇങ്ങനെ തന്നെയാണ് സ്ത്രീകള്‍ വിശേഷിപ്പിക്കാറ്. ഒരു പുരോഗമനസമൂഹത്തില്‍ ഉള്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് ഈ വിശേഷണം ഒരപമാനമാണെന്നതാണ് സത്യം. ഇക്കാര്യം പുരുഷന്മാര്‍ തന്നെ പലപ്പോഴും ചൂണ്ടിക്കാണിക്കാറുമുണ്ട്. 

നടിമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അവരെ വസ്ത്രധാരണത്തിന്‍റെ പേരില്‍ അധിക്ഷേപിക്കുന്ന പുരുഷ പ്രൊഫൈലുകള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്ന മറ്റ് പുരുഷ പ്രൊഫൈലുകള്‍ ഇതിനുള്ള തെളിവാണ്. 

View post on Instagram

ലോക്ഡൗണ്‍ സമയത്ത് യുവനടി അനശ്വര രാജന് നേരെ വസ്ത്രധാരണത്തിന്‍റെ പേരില്‍ വ്യാപകമായ സൈബറാക്രമണം നടന്നത് ഓര്‍ക്കുന്നുണ്ടോ? അന്ന് പല നടിമാരും, മുതിര്‍ന്ന നടിമാരടക്കം അനശ്വരയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. അത് അന്ന് വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. 

View post on Instagram

നാടൻ വേഷങ്ങളില്‍ തിളങ്ങിയ നടി അനുശ്രീ മുട്ടിന് മുകളില്‍ ഇറക്കം വരുന്നൊരു ഫ്രോക്ക് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴേക്ക് ശാലീനത കളഞ്ഞ് നശിക്കാൻ തുടങ്ങിയോ എന്ന തരത്തില്‍ കമന്‍റുകളേറെ വന്നിരുന്നു. ഇത്തരത്തില്‍ കമന്‍റുകളിടുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന നടിയാണ് അനുശ്രീ. 

അടുത്തിടെ മുതിര്‍ന്ന നടിമാരായ മീര ജാസ്മിൻ, നവ്യാ നായര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്കും കാര്യമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 

View post on Instagram


ഒട്ടും ആരോഗ്യകരമായ വിമര്‍ശനങ്ങളായിരുന്നില്ല ഇവ. ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തുമ്പോള്‍ പിടിച്ചുനില്‍ക്കാൻ ശരീരം പ്രദര്‍ശിപ്പിക്കുന്നുവെന്നായിരുന്നു ഇരുവര്‍ക്കെതിരെയും ഉയര്‍ന്ന വിമര്‍ശനങ്ങള്‍.


View post on Instagram

മാസങ്ങള്‍ക്ക് മുമ്പ് രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിനെതിരെയും സമാനമായി സൈബര്‍ അധിക്ഷേപമുണ്ടായി. വേദിയില്‍ മിനി സ്കര്‍ട്ട് ധരിച്ചെത്തിയതിനാണ് അധിക്ഷേപമുണ്ടായത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സംസാരിക്കാനെത്തുമ്പോള്‍ ഇത്തരത്തിലുള്ള വസ്ത്രമാണോ ധരിക്കുകയെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

എന്നാല്‍ ഇത്തരം വിഷയങ്ങള്‍ താൻ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു റിമയുടെ ഉറച്ച പ്രതികരണം. വസ്ത്രധാരണത്തിന്‍റെ പേരില്‍ നേരത്തെ തന്നെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിട്ടയാളാണ് റിമ. 

യുവനടി സാനിയ ഇയ്യപ്പനും വസ്ത്രധാരണത്തിന്‍റെ പേരില്‍ നിരന്തരം സൈബറാക്രമണങ്ങള്‍ നേരിടാറുണ്ട്. ഇടയ്ക്കെല്ലാം ഇത്തരത്തിലുള്ള മോശം കമന്‍റുകളെ പരിഹസിച്ചുകൊണ്ട് സാനിയയും മറുപടി ഇടാറുണ്ട്. പുതിയ തലമുറ, യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങളെ പരിഹാസപൂര്‍വമോ അനുതാപപൂര്‍വമോ ആണ് കാണുന്നത് എന്നതാണ് സത്യം. 

View post on Instagram

നടൻ കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാനയുടെ ഇളയ സഹോദരിക്കെതിരെ അടുത്തിടെ വന്ന സമാനമായൊരു കമന്‍റിന് ചുട്ട മറുപടി അഹാന നല്‍കിയതും വാര്‍ത്തകളില്‍ ഇടം നേടിയ സംഭവമാണ്. അഹാനയ്ക്ക് മൂന്ന് സഹോദരിമാരാണുള്ളത്. ഇവരെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതില്‍ ഇളയ സഹോദരി ഹൻസിക അടക്കം രണ്ട് പേര്‍ സിനിമയിലും എത്തിക്കഴിഞ്ഞു. വളരെ ബോള്‍ഡ് ആയ പെൺകുട്ടികളാണ് ഈ നാല് പേരും. 

View post on Instagram

'ഹോട്ട് ലുക്കി'ല്‍ ഫോട്ടോകളോ വീഡിയോകളോ ചെയ്യുന്നത് നടിമാരുടെയോ താരങ്ങളുടെയോ ജോലിയുടെ ഭാഗമാണ്. കൊമേഴ്ഷ്യലായ- പണത്തെ മുൻനിര്‍ത്തി കച്ചവടം നടക്കുന്ന എന്‍റര്‍ടെയിൻമെന്‍റ് മേഖലയില്‍ പ്രൊഫഷണലാകുന്ന താരങ്ങള്‍ ഇത്തരത്തില്‍ തന്നെയാണ് മുന്നോട്ട് പോകാറ്. എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ ബോളിവു‍ഡ് ഈ ട്രാക്കിലേക്ക് കയറിയിട്ടുള്ളതാണ്. മലയാളികളില്‍ ഒരു വിഭാഗം പേര്‍ക്ക് ഇന്നും ഇത് അംഗീകരിക്കുന്നതിന് വിഷമമുണ്ട്. എന്നാല്‍ ഈ വിയോജിപ്പ് മാന്യമായോ, ആദരപൂര്‍വമോ രേഖപ്പെടുത്താൻ ഇവര്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. അത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമായ തരത്തിലുള്ള ഇടപെടലുകള്‍ തന്നെയാണ്. സ്ത്രീശരീരത്തിന്‍റെ ഉടമസ്ഥതയെന്ന വിഷയം വലിയ രീതിയില്‍ രാഷ്ട്രീയമായും സാംസ്കാരികമായുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് ഈ വിഷയത്തില്‍ അഭിപ്രായമോ പ്രതികരണമോ അറിയിക്കുമ്പോള്‍ കുറഞ്ഞ നിലവാരം പുലര്‍ത്താൻ ധാര്‍മ്മികമായി ഏവരും ബാധ്യതപ്പെട്ടിരിക്കുന്നു. 

Also Read:- 'ഒരിക്കലും ബിക്കിനി ധരിക്കില്ലെന്ന് കരുതിയതാണ്'; അനുഭവം പങ്കിട്ട് ബോളിവുഡ് താരത്തിന്‍റെ സഹോദരി