'ഫെയര്‍ ആന്‍റ്  ലൗലി' ഉത്പന്നങ്ങളുടെ പേരിലുള്ള 'ഫെയര്‍' എടുത്തുമാറ്റാനൊരുങ്ങി യൂണിലിവര്‍ കമ്പനി. ചര്‍മ്മത്തിന്‍റെ നിറം വര്‍ധിപ്പിക്കാനുള്ള യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ തീരുമാനം.

യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളൂ.

നിറം വർധിപ്പിക്കാനായി യൂണിലിവർ വിപണിയിൽ എത്തിച്ച ഉത്പന്നമാണ് 'ഫെയർ ആന്റ് ലൗലി'. ദക്ഷിണ ഏഷ്യയിൽ വലിയ പ്രചാരമാണ് ഈ ഉത്പന്നത്തിനുള്ളത്. ഏറെ കാലമായി ഇത്തരം ഉത്പന്നങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ അടുത്തിടെ അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പും 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാംപയിനും വീണ്ടും സമൂഹമാധ്യമത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കുകയായിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുനരാലോചന. വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമ്പനി ആലോചിക്കുന്നത്.
 

 

Also Read: ചർമ്മത്തിന്റെ തിളക്കം എന്നും നില നിർത്താം; വീട്ടില്‍ തയ്യാറാക്കാം ആറ് 'നാച്വറല്‍' ഫേസ് പാക്കുകൾ