ഗര്‍ഭിണിയാകുന്ന ഘട്ടത്തില്‍ തന്നെ ഒരു സ്ത്രീ നിരവധിയായ ശാരീരിക- മാനസിക മാറ്റങ്ങള്‍ക്ക് വിധേയയായിത്തുടങ്ങും. അന്നുവരെ ഉണ്ടായിരുന്ന പല രീതികളും മാറിയേക്കാം. പുതിയ ശീലങ്ങളും ചിന്തകളുമെല്ലാം ജീവിതത്തില്‍ വന്നേക്കാം. കാരണം, ജീവന്റെ ഒരു വിത്തിനെ ഉള്ളിലിട്ട്, രൂപമാക്കി, അതിനെ 9 മാസം ചുമന്ന് പുറം ലോകത്തേക്ക് ഇറക്കിവിടുക എന്ന് പറയുന്നത് അത്രമേല്‍ വലിയ വിഷയം തന്നെയാണ്. 

ഗര്‍ഭിണിയാകുന്നത് മുതലുണ്ടാകുന്ന മാറ്റങ്ങള്‍ പ്രസവത്തിന് ശേഷവും തുടര്‍ന്നേക്കാം. അത്തരത്തില്‍ പ്രസവം കഴിഞ്ഞയുടന്‍ സ്ത്രീകളില്‍ കാണുന്ന അഞ്ച് ശാരീരിക വ്യതിയാനങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

പ്രസവശേഷം സ്തനങ്ങളുടെ വലിപ്പം വര്‍ധിച്ചേക്കാം. മുലപ്പാലുണ്ടാകുന്നത് കൊണ്ട് തന്നെ അവിടങ്ങളിലെ രക്തയോട്ടം കൂടുന്നതും ഇതിലൊരു ഘടകമാണ്. ചിലരിലാകട്ടെ, പാല്‍ നിറഞ്ഞ് നിന്ന് വേദന വരെ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇത്തരക്കാരില്‍ സ്തനങ്ങളുടെ വലിപ്പം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. 

രണ്ട്...

പ്രസവം കഴിഞ്ഞാല്‍ ഏറെ നാള്‍ ശക്തമായ ശരീരവേദന അനുഭവപ്പെട്ടേക്കാം. കാരണം ശരീരം വളരെ വ്യക്തമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണ് ഗര്‍ഭാവസ്ഥയും പ്രസവവും.

 

 

പ്രസവസമയത്തും ഒരു സ്ത്രീ എടുക്കുന്ന സമ്മര്‍ദ്ദം എടുത്ത് പറയേണ്ടതാണ്. മതിയായ വിശ്രമവും നല്ല ഭക്ഷണവും ഉറക്കവും ഉറപ്പാക്കിയില്ലെങ്കില്‍ ഈ ശരീരവേദന പിന്നീട് വലിയ പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്ന കാര്യവും ഓര്‍ക്കുക. 

മൂന്ന്...

പ്രസവാനന്തരം രക്തവും മറ്റ് സ്രവങ്ങളും പോകാന്‍ തുടങ്ങും. ഇത് നാല് മുതല്‍ ആറ് ആഴ്ച വരെ നീണ്ടുനില്‍ക്കാം. ഇത് 'നോര്‍മല്‍' പ്രസവത്തെ സംബന്ധിച്ച് വളരെ സാധാരണമായ കാര്യമാണ്. എന്നാല്‍ കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണേണ്ടതാണ്. 

നാല്...

മിക്കവാറും സ്ത്രീകള്‍ക്ക് പ്രസവം കഴിഞ്ഞാല്‍ മൂത്രം 'ലീക്ക്' ആയിപ്പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഇത് സ്വകാര്യഭാഗങ്ങളില്‍ പ്രസവസമയത്തുണ്ടാകുന്ന വലിവിനെ തുടര്‍ന്ന് സംഭവിക്കുന്നതാണ്.

 

 

പതിയെ ഇത് സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരും. അതുപോലെ മൂത്രമൊഴിക്കുമ്പോള്‍ എരിയുന്ന അുഭവവും ഉണ്ടായേക്കാം. ഇതും പതിയെ മാറുന്നതാണ്. 

അഞ്ച്...

പ്രസവശേഷം കണ്ടുവരുന്ന മറ്റൊരു പ്രശ്‌നം മലബന്ധമാണ്. ഇതും മിക്കവാറും സ്ത്രീകളില്‍ കണ്ടുവരുന്നതാണ്. ഗര്‍ഭാവസ്ഥയിലും ഇത് അനുഭവിക്കുന്ന സ്ത്രീകള്‍ ധാരാളമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ദഹനപ്രവര്‍ത്തനങ്ങളുടെ വേഗത കുറയുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ക്രമേണ ഇത് പഴയനിലയിലേക്ക് തിരിച്ചുവരും. ധാരാളം ഫൈബറടങ്ങിയ ഭക്ഷണം ഈ സമയങ്ങളില്‍ കഴിക്കുന്നത് മലബന്ധത്തെ തുടര്‍ന്നുള്ള വിഷമതകളൊഴിവാക്കാന്‍ സഹായിക്കും.