'ആളുകളെ സപ്പോർട്ട് ചെയ്യുന്നതിനൊപ്പം നിശ്ചയദാർഡ്യത്തോടെ നിൽക്കേണ്ടി വരാറുണ്ട്. ആളുകളെ മനസിലാക്കുന്നയാളായും തീരുമാനങ്ങൾ എടുക്കുന്നവരായും ഒരേ സമയം നിലകൊള്ളേണ്ടി വരുന്നു.'
'പല അവസരങ്ങളിലും സഹാനുഭൂതിയുള്ളവരായും ഉറച്ച നിലപാടുള്ളവരായും ഒരു പോലെ നിൽക്കേണ്ടി വരുന്നു. ആളുകളെ സപ്പോർട്ട് ചെയ്യുന്നതിനൊപ്പം നിശ്ചയദാർഡ്യത്തോടെ നിൽക്കേണ്ടി വരാറുണ്ട്.'
ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റൽ എച്ച് ആർ വകുപ്പ് ലീഡ് ഗായത്രി ഗോപകുമാർ എഴുതുന്നു:
'എല്ലാ വർഷവും വനിതാ ദിനം വരുമ്പോഴാണ്, ഒരു സ്ത്രീക്ക് ഒരു കമ്പനിയുടെ എച്ച് ആർ വിഭാഗത്തിൽ എന്താണ് ചെയ്യാനുള്ളതെന്ന് ഞാൻ ചിന്തിക്കാറുള്ളത്. കമ്പനിയിലെ നയങ്ങൾ സംരക്ഷിക്കുന്ന ഒരാളായും, കമ്പനി നിയമങ്ങൾ നടപ്പിലാക്കുന്നയാളായും ജീവനക്കാർക്കും നേതൃത്വത്തിനും ഇടയിലുള്ള ഒരു പാലമായുമെല്ലാം പ്രവർത്തിക്കുന്നത് എച്ച് ആർ ജീവനക്കാരാണ്. എന്നാൽ ഈ നിർവചനങ്ങൾക്കുമെല്ലാമപ്പുറം വളരെ സങ്കീർണമായ, വൈകാരികമായ ഒരു സത്യത്തിന്റെ കടലുണ്ട്.
എച്ച് ആർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയെന്ന നിലക്ക് സ്ഥാപനത്തിന്റെ നയങ്ങൾ കൈകാര്യം ചെയ്യുക മാത്രമല്ല ഞങ്ങളുടെ ജോലി. പലപ്പോഴും ജീവനക്കാരുടെ വികാരങ്ങളെയും, അവരുടെ ആത്മവിശ്വാസത്തെയും ആഗ്രഹങ്ങളെയുമെല്ലാം കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. പല അവസരങ്ങളിലും സഹാനുഭൂതിയുള്ളവരായും ഉറച്ച നിലപാടുള്ളവരായും ഒരു പോലെ നിൽക്കേണ്ടി വരുന്നു. ആളുകളെ സപ്പോർട്ട് ചെയ്യുന്നതിനൊപ്പം നിശ്ചയദാർഡ്യത്തോടെ നിൽക്കേണ്ടി വരാറുണ്ട്. ആളുകളെ മനസിലാക്കുന്നയാളായും തീരുമാനങ്ങൾ എടുക്കുന്നവരായും ഒരേ സമയം നിലകൊള്ളേണ്ടി വരുന്നു. ജീവനക്കാർക്ക് അനുഭവിക്കേണ്ടി വരുന്ന വ്യക്തിപരമായ നഷ്ടങ്ങളിൽ അവർക്ക് പിന്തുണയേകേണ്ടി വരികയെന്നത് ഞങ്ങളുടെ കടമയാണ്. കമ്പനിയിലെ ജീവനക്കാർക്ക് സാമ്പത്തികമായി ഒരു അത്യാവശ്യം വരുമ്പോൾ സാമ്പത്തിക ഉപദേഷ്ടാവായും, അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ കൺസൾട്ടന്റായും, അവരുടെ അത്യാഹിതങ്ങളിൽ ഒരു കൗൺസിലറായും വരെ ഞങ്ങൾ പ്രവർത്തിച്ചു വരികയാണ്.
എന്നാൽ ഇതിനേക്കാളൊക്കെ ഞങ്ങൾ പ്രതിസന്ധി അനുഭവിക്കേണ്ടി വരുന്നത് വേറൊരു ഘട്ടത്തിലാണ്. ഒരു വനിതാ സഹപ്രവർത്തകയോട് നിങ്ങൾ നിങ്ങളുടെ പെർഫോമൻസ് കുറച്ചു കൂട്ടേണ്ടതുണ്ടെന്നും, പുരുഷനായ ഒരു ജീവനക്കാരനോട് കമ്പനിയിലെ നിങ്ങളുടെ പ്രകടനം മോശമാണെന്ന് പറയേണ്ടി വരുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ന്യായമായി ഉറച്ചു നിന്ന് കാര്യങ്ങൾ പറയുകയും അധികാരത്തെ അതോറിറ്റിയുമായി സന്തുലിതമാക്കി നിർത്തുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയുയർത്തുന്നു. ഇതിനൊപ്പം നമ്മുടെ സ്വന്തം കരിയറിനെപ്പറ്റിക്കൂടി ചിന്തിക്കുമ്പോൾ നമുക്ക് നമ്മെത്തന്നെ ലീഡറായി കാണുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
എച്ച്ആർ ജീവനക്കാരായ അമ്മമാർ, ഒറ്റയ്ക്ക് പൊരുതുന്ന സ്ത്രീകൾ, വിവാഹിതരായ സ്ത്രീകൾ, തുടങ്ങീ ഈ തൊഴിലിലെ ഓരോ സ്ത്രീകൾക്കും ഇത് ഒട്ടും എളുപ്പവുമല്ല. തൊഴിലിടത്തിൽ എപ്പോഴും നമ്മളുടെ സാനിധ്യം ഉറപ്പു വരുത്താനും, നിഷ്പക്ഷത പാലിക്കാനും, മനസ്സിലാക്കാനും, എന്നാൽ അതേ സമയം കമ്പനിയുടെ പ്രകടനം വർദ്ധിപ്പിക്കാൻ നമ്മുടെ മേലുള്ള പ്രതീക്ഷയുമെല്ലാം നമ്മളെ ആകെ പ്രയാസത്തിലാക്കും. അബോധാവസ്ഥയിൽ ആയാലും സിസ്റ്റമാറ്റിക് ആയി തുടരുമ്പോഴും എല്ലാം പക്ഷപാതം എന്നുള്ള യാഥാർത്ഥ്യത്തോട് എന്നും പോരാടേണ്ടതായും വരും. ഇത് മറ്റുള്ളവരിൽ നിന്ന് മാത്രം നമ്മൾ അനുഭവിക്കേണ്ടി വരുന്ന ഒരു സംഗതിയല്ല, നമ്മുടെ ഉള്ളിലും ഇതുണ്ടാകും. അതേ സമയം ജീവനക്കാരുടെ പോരാട്ടങ്ങളിൽ പലപ്പോഴും നമുക്ക് സഹാനുഭൂതി തോന്നിയേക്കാം. എന്നാൽ അവിടെ പക്ഷപാതിയാകുകയല്ല, നീതിയാണ് നമ്മുടെ തീരുമാനങ്ങളെ നയിക്കുന്നതെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്.
എച്ച്ആർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയുടെ യഥാർത്ഥ വിജയം കമ്പനിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ മാത്രമല്ല. കമ്പനിയിലെ ഓരോരുത്തരും സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ വിലമതിക്കപ്പെടുന്നു, അവർ കേൾക്കപ്പെടുന്നുണ്ട്, അഭിനന്ദിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിലാണ്. അതോടൊപ്പം കമ്പനിയുടെ ലക്ഷ്യങ്ങളും നിറവേറ്റപ്പെടുന്നു എന്നതിലാണ്. ലിംഗഭേദമില്ലാതെ നമ്മുടെ കഴിവ്, വൈദഗ്ദ്ധ്യം, നേതൃത്വപാടവം എന്നിവ അംഗീകരിക്കപ്പെടുന്നതിലാണ്.
ടീമുകളെ ഒരുമിച്ച് നിർത്തുന്ന, ജോലിസ്ഥലങ്ങൾ മികച്ചതാക്കുന്ന, സ്വന്തം സന്തോഷങ്ങൾ ബാലൻസ് ചെയ്ത് ഇപ്പോഴും കുതിപ്പ് തുടരുന്ന എല്ലാ എച്ച്ആർ വനിതകൾക്കും എന്റെ അഭിനന്ദനങ്ങൾ. ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്, നിങ്ങളെ അംഗീകരിക്കുന്നു. കാരണം നിങ്ങൾ ചെയ്യുന്നത് എളുപ്പമല്ലെന്നും, ഒരിക്കലും എളുപ്പമാകില്ലെന്നും അറിയാം. പക്ഷേ എന്തായാലും നമുക്കിത് തുടർന്നേ പറ്റൂ, നമ്മൾ അത് നന്നായി ചെയ്യുന്നുമുണ്ട് !'- ഗായത്രി ഗോപകുമാര്‍
