ആത്മഹത്യ അല്ലാതെ മറ്റൊരു പോംവഴി ഇല്ലാതെ ജീവനും ജീവിതവും കൈയ്യിലെടുത്ത് കൊണ്ട് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ പിറ്റേ ദിവസം വണ്ടി കയറി

ജീവിക്കാൻ വേണ്ടിയുള്ള സമരം തുടങ്ങിയത് പത്താംക്ലാസ് കഴിഞ്ഞപ്പോൾ മുതലാണ്.

അച്ഛൻ ഇല്ലാത്ത കുട്ടിക്കാലം എപ്പോഴും അരക്ഷിതാവസ്ഥകളുടെതായിരുന്നു. അമ്മയുടെയൊപ്പം അമ്മ വീട്ടിലെ പാരിജാതമണങ്ങളിൽ ഉറങ്ങിയുണർന്ന ദിനരാത്രങ്ങൾ... ഒരുദിവസം അമ്മയും നവവധുവിന്റെ വേഷംധരിച്ചു. പച്ച പട്ടുസാരിയുടുത്ത് തല നിറയെ പൂ ചൂടി...അമ്മ പുതിയൊരു ജീവിതത്തിലേയ്ക്ക് കയറിയ ആ നിമിഷം തൊട്ടു ഞാൻ എല്ലാ അർത്ഥത്തിലും അനാഥയായി.

ആത്മഹത്യ അല്ലാതെ മറ്റൊരു പോംവഴി ഇല്ലാതെ ജീവനും ജീവിതവും കൈയ്യിലെടുത്ത് കൊണ്ട് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ പിറ്റേ ദിവസം വണ്ടി കയറി. ആ യാത്ര ഒരു മഠത്തിലെ അടുക്കളപ്പണിക്കാരിയായിട്ടായിരുന്നു.

വീണ്ടും പല ജോലികൾ, പല വേഷങ്ങൾ..... ഇതിനിടെ ഒരു പ്രണയമുണ്ടായി.... 20-ാം വയസ്സിൽ ഭാര്യയായി. 22-ാം വയസ്സിൽ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി... 26-ാം വയസ്സിൽ രണ്ടാമത്തെ കുഞ്ഞ്....അമ്മയുടെ റോൾ നന്നായി കൈകാര്യം ചെയ്തു. കുഞ്ഞുങ്ങളുടെ കളിചിരിയിൽ ദുരിതകാലങ്ങൾ മറന്നു.... ഇടയ്ക്കെപ്പഴോ കഥ എഴുതുമായിരുന്ന ഒരുവളെ ഓർമ്മ വന്നു. മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനം വാങ്ങിയിരുന്ന കുട്ടി... 

കുഞ്ഞു ട്രോഫികൾ, മങ്ങിയും മാഞ്ഞും പോയ സർട്ടിഫിക്കറ്റുകൾ....കവിത രചനയ്ക്ക്, കഥാ രചനയ്ക്ക്... തിരുവാതിരയ്ക്ക്, ഒപ്പനയ്ക്ക്....കവിത ചൊല്ലലിന്...പടം വരയ്ക്ക്....സിനിമാറ്റിക് ഡാൻസിന്.....
സ്റ്റേജും അലങ്കാരവെളിച്ചങ്ങളും ആരവങ്ങളും ജീവിതത്തിൽ നിന്നും പടിയിറങ്ങി പോയിട്ടെത്രയോ വർഷങ്ങളായിരുന്നു...

ആദ്യം തിരികെ പിടിക്കാൻ ശ്രമിച്ചത് എഴുത്തിനെയാണ്..ഭർത്താവ് പോൾസണിന്റെ അകമഴിഞ്ഞ പിന്തുണ കൂടി ഉണ്ടായിരുന്നു. അങ്ങനെ എട്ടാം ക്ലാസിൽ വെച്ച് കണ്ട സ്വപ്നം 31-ാം വയസ്സിൽ സഫലമായി. അതായിരുന്നു എന്റെ ആദ്യ പുസ്തകം ജിമിക്കി... പിന്നീട് രണ്ടു പുസ്തകങ്ങൾ കൂടി എഴുതി. ഭർത്താവ് നന്നായി കണക്ക് പഠിപ്പിച്ചിരുന്നു. 2021ൽ ഒരു ഓൺലൈൻ ട്യൂഷൻ സെന്റർ കൂടി സ്റ്റാർട്ട് ചെയ്തു..10 ടീച്ചേഴ്സും കുട്ടികളുമടങ്ങുന്ന ഒരു കുഞ്ഞു സംരംഭം.

അതിനു മുൻപ് എംബ്രോയ്ഡറി ചെയ്തിരുന്നു.
ശേഷം എംബ്രോയ്ഡറി ക്ലാസുകളും....ഒരുപാട് കുട്ടികൾ പഠിച്ചിറങ്ങി പോയിട്ടുണ്ട്....
അപ്പോഴും എന്തോ ഒരു ശൂന്യത ബാക്കിയായിരുന്നു...സ്വന്തമായി എന്തെങ്കിലും തുടങ്ങുക എന്ന ആഗ്രഹം മെല്ലെ വേരൂന്നി വളരാൻ തുടങ്ങി.....2024 ൽ കണ്ണാന്തളി എന്ന ഹാൻഡ്മെയ്ഡ് ജൂവലറി ഓൺലൈൻ ഷോപ്പ് തുടങ്ങി.... മഞ്ചാടി ആഭരണങ്ങളാണ് ചെയ്തു തുടങ്ങിയത്.. മഞ്ചാടി ഉപയോഗിച്ച്... ജപമാലകൾ, കൊലുസുകൾ, വളകൾ, മാലകൾ, കമ്മലുകൾ.....അങ്ങനെ ഒരുപാട് ആഭരണങ്ങൾ ചെയ്തു..

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ് മഞ്ചാടി.. അതുകൊണ്ടാവാം അതിന്റെ ആഭരണങ്ങൾക്കും പ്രിയമേറിയത്...

ഇന്ന് നിരവധി കസ്റ്റമേഴ്സുണ്ട്....നാട്ടിൽ വന്നു പോകുന്ന പ്രവാസികളടക്കം മഞ്ചാടി ആഭരണങ്ങൾ വാങ്ങാറുണ്ട്.... 

പലർക്കും ഞാൻ പലതാണ്.... ചിലർക്ക് എംബ്രോയ്ഡറി പഠിപ്പിക്കുന്ന ടീച്ചർ, ചിലർക്ക് എൻപി ലേണിംഗ് സെന്ററിന്റെ അമരക്കാരി...ഇനി ചിലർക്ക് എഴുത്തുകാരി....ചിലർക്ക് മഞ്ചാടി മാലകൾ ഉണ്ടാക്കുന്നവൾ.

പിന്നിട്ടു വന്ന വഴികളിലേക്ക് ഞാൻ വെറുതെ തിരിഞ്ഞു നോക്കുന്നു....പത്താംക്ലാസിലെ ചോദ്യപേപ്പർ കൈയ്യിൽ പിടിച്ച്.... ഞാനെങ്ങോട്ട് പോകും എന്നോർത്ത് ആധി പിടിച്ചൊരു പെൺകുട്ടി.... എല്ലാവരും പോയി കഴിഞ്ഞിട്ടും ജീവിതമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തനാകാതെ, പരീക്ഷ ഹാളിൽ ഒറ്റയ്ക്കായി പോയൊരു പെൺകുട്ടി.... മഠത്തിലെ അടുക്കളയിൽ പാത്രങ്ങളോട് കലഹിച്ചും... മലമൂത്രാദികളെടുത്തും സെയിൽസ് ഗേളായും....അങ്ങനെ അങ്ങനെ.... ജീവിതം കണ്ണാന്തളി എന്ന മധുര മനോഹരമായ സ്വപ്നത്തിലെത്തി നിൽക്കുന്നു....

ഇതിനിടെ സബിത സാവരിയയുമായി ചേർന്ന് ബ്രൈഡൽ മേക്കപ്പ് ചെയ്തിട്ടുണ്ട്.... പറക്കാട്ട് ജൂവലേഴ്സിന്റെ മോഡലാകാൻ ഭാഗ്യം കിട്ടി.
നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ അഗ്നിചിറക് അവാർഡ് നേടി. എഴുത്തിന്റെ പേരിൽ വേദികൾ, ഉപഹാരങ്ങൾ.... ഇപ്പോൾ ആകാശവാണി റേഡിയോ നിലയത്തിൽ കഥകൾ അവതരിപ്പിക്കാറുണ്ട്.....

കണ്ണാന്തളിയിലെ തൊഴിലാളിയും മുതലാളിയും ഞാൻ തന്നെ.... മഞ്ചാടി ചുവപ്പിലിന്ന് ജീവിതമെന്ന ആകാശം ചോന്നു തുടുക്കുമ്പോൾ....
വന്ന വഴികളോട്....
പാടി വഴിയിൽ ഉപേക്ഷിച്ചു പോയവരോട്
പട്ടിണി കാലങ്ങളോട് നന്ദി മാത്രം..... സുഗതകുമാരിയുടെ കവിത ഓർത്തു പോകുന്നു....

എന്റെ വഴിയിലെ വെയിലിനും നന്ദി, എൻ്റെ ചുമലിലെ ചുമടിനും നന്ദി എന്റെ വഴിയിലെ തണലിനും, മരക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി. വഴിയിലെ കൂർത്ത നോവിനും നന്ദി.

'അന്നാണ് എനിക്ക് സമയത്ത് ആഹാരം കിട്ടുന്നുണ്ടോ എന്ന അന്വേഷണം വന്നത്'