ഉപയോഗിച്ചു കഴിഞ്ഞ സാനിറ്ററി നാപ്കിന്റെയും ഡയപ്പറുകളുടെയും നിര്‍മാര്‍ജ്ജനം പലപ്പോഴും ഒരു വലിയ പ്രശ്നമായി ഉയരാറുണ്ട്. ഇവ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്. എന്നാല്‍ അതിനൊരു പരിഹാരമായി പ്രകൃതി സൗഹൃദ പാഡുകള്‍ ഉണ്ടാക്കിയിരിക്കുകയാണ് തെലുങ്കാന, യദാദ്രി ഭുവനഗിരി ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍.

ജില്ലാ പരിഷത് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഈ സീറോ വേസ്‌റ്റേജ് സാനിറ്ററി പാഡിന് പിന്നില്‍. കുളവാഴ, ഉലുവ, മഞ്ഞള്‍, വേപ്പില, തുളസി വിത്ത് എന്നിവ ചേര്‍ത്ത് 'സ്ത്രീ രക്ഷാ പാഡ്' എന്ന പേരിലാണ് സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

'ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പാഡുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നത് അത്ര എളുപ്പമല്ല. അതിന് പകരമാണ് ജൈവവസ്തുക്കള്‍ കൊണ്ട് ഞങ്ങള്‍ പാഡുകള്‍ നിര്‍മിച്ചത്. കൂടാതെ സാനിറ്ററി മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറെയാണ്'- സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സ്വാതി എഎന്‍ഐയോട് പറഞ്ഞു. 


ഈ പാഡുകള്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്നും സ്വാതി വിശദീകരിച്ചു. ' കുളവാഴയും വേപ്പിലയും മഞ്ഞളും ഉലുവയും മിക്‌സ് ചെയ്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് ഒരു ബോര്‍ഡില്‍ വച്ച് ഉണക്കി എടുക്കുന്നു. ശേഷം ഇവ സാനിറ്ററി പാഡിന്റെ വലുപ്പത്തില്‍ മുറിച്ചെടുത്ത് മുകളില്‍ തുളസി വിത്ത് വിതറും. ബീവാക്‌സ് ഉപയോഗിച്ച് കോട്ടണ്‍സ്‌ട്രൈപ്‌സിനുള്ളില്‍ ഈ ബോര്‍ഡ് സീല്‍ ചെയ്യും'- സ്വാതി പറഞ്ഞു. 

Also Read:എട്ട് മാസം കൊണ്ട് മണ്ണില്‍ അലിയുന്ന പാഡ്; ഇതാ പുതിയ 'പ്ലാസ്റ്റിക് ഫ്രീ പാഡ്'