നമ്മുടെ നാട്ടില്‍ പതിവായി കണ്ടു വരുന്ന ഒരു കാര്യമാണ് വിവാഹം കഴിഞ്ഞാല്‍ പിന്നെ യുവതിയുടെ പേരിനോടൊപ്പം ഭര്‍ത്താവിന്‍റെ പേരും ചേര്‍ത്തു പറയുന്നത്. പാസ്പോര്‍ട്ടുകളിലടക്കം ഔദ്യോഗികമായി തന്നെ  ഇങ്ങനെ ചേര്‍ക്കാറുമുണ്ട്. ഇത്തരത്തില്‍ ഭർത്താവിന്റെ പേര് കൂടി ചേർക്കുന്ന രീതിയോട് പ്രതികൂലിക്കുന്നവരും ഇന്നുണ്ട്. എന്തുകൊണ്ട് ഭര്‍ത്താവ് ഇത്തരത്തില്‍ പേര് മാറ്റുന്നില്ല എന്ന് ചോദിക്കുന്ന തലമുറയാണ് ഇന്നത്തേത്. ഇവിടെ ഇതാ ഒരു ഭര്‍ത്താവും പേര് മാറ്റുകയാണ്.  

വിവാഹത്തോടെ ഭാര്യയുടെ പേര് ചേർത്ത യുവാവിന്റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള റയാൻ മോറിസൺ എന്ന യുവാവാണ് ഇവിടത്തെ താരം. ഞാൻ നാളെ വിവാഹിതനാവുകയാണ്, എന്റെ ഭാര്യയുടെ പേര് കൂടെ ചേർക്കുന്നു എന്നാണ് റയാൻ ട്വീറ്റ് ചെയ്തത്. 

ഭാര്യയുടെ പേരിനൊപ്പമുള്ള അച്ഛന്റെ പേരായ  മിയോഷി എന്നതാണ് റയാന്‍ തന്റെ പേരിനോടൊപ്പം ചേര്‍ത്തത്.  ഇങ്ങനെ ചെയ്തതിനുള്ള വിശദീകരണവും റയാന്‍ കുറിച്ചിട്ടുണ്ട്.  ജപ്പാന്‍ സ്വദേശിയായ അച്ഛന്റെ പേരാണ് തന്റെ ഭാര്യയുടെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യപിതാവിന് സഹോദരങ്ങൾ ഇല്ലാത്തതുകൊണ്ടും ഭാര്യക്ക് ഒരേയൊരു സഹോദരി മാത്രം ആയതുകൊണ്ടും മിയോഷിയുടെ പേര് കൈമാറപ്പെടാനുള്ള അവസരമില്ല. അതുകൊണ്ടാണ് തന്റെ പേരിനൊപ്പം മിയോഷിയുടേത് ചേർക്കാൻ തീരുമാനിച്ചതെന്ന് റയാൻ പറയുന്നു. 

 

 

നിരവധി പേര്‍ റയാനെ അഭിനന്ദിച്ച് രംഗത്തെത്തി. ഇത്തരത്തില്‍ പുരുഷന്മാർ സ്ത്രീകളുടെ പേര് കൂടെ കൂട്ടുന്നത് സ്വാ​ഗതാർഹമായ കാര്യമാണെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. 

 

Also Read: വിവാഹിതനാകാന്‍ പോകുന്ന മകനുവേണ്ടി ഇങ്ങനെയൊരു 'ലിസ്റ്റ്' ഒരു അമ്മയും തയ്യാറാക്കി കാണില്ല; വൈറല്‍ പോസ്റ്റ്