Asianet News MalayalamAsianet News Malayalam

ആത്മവിശ്വാസത്തോടെ 'നോ' പറയാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ?

എന്തിനും ഏതിനും നോ പറയുന്ന പ്രവണത അല്ല, പകരം മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ അല്ലെങ്കിൽ ജോലികൾക്ക് തടസ്സമാകുന്നതോ ആയ കാര്യങ്ങളിൽ നോ പറയേണ്ടത് ആവശ്യമാണ്.

how to say no to people without feeling guilty
Author
First Published Aug 27, 2024, 1:01 PM IST | Last Updated Aug 27, 2024, 1:55 PM IST

ജീവിതത്തിൽ ആരോടെങ്കിലും നോ പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല പലർക്കും. പ്രിയപ്പെട്ടവരോട് പ്രത്യേകിച്ചും. "വേണ്ട," "പറ്റില്ല," "സാധ്യമല്ല" എന്നതിനെപ്പറ്റി ആലോചിക്കാൻ കൂടി ചിലർക്ക് ഏറെ പ്രയാസമാണ്. ജീവിതത്തിൽ പറയേണ്ട സാഹചര്യം വന്നാൽ നോ പറയുക തന്നെ വേണം. നോ പറയാൻ മടിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് വർ​ഗീസ് എഴുതുന്ന ലേഖനം.

'നോ' പറയാൻ മടിക്കുന്നതിന്റെ കാരണങ്ങൾ:

●    ഞാൻ നോ പറഞ്ഞാൽ എന്നോട് ആ വ്യക്തി പിണങ്ങുമോ
●    എന്നെക്കുറിച്ചു മോശമായ ഒരു അഭിപ്രായം ഉണ്ടാകുമോ
●    കേൾക്കുന്ന വ്യക്തിക്ക് എന്തുതോന്നും, ഞാൻ അയാളെ വിഷമിപ്പിക്കുകയല്ലേ 
●    ഞാൻ കാരണം ആരും വിഷമിക്കാൻ പാടില്ല എന്ന നിർബന്ധം 
●    എനിക്ക് മറ്റുള്ളവരുടെ സന്തോഷം മാത്രമാണ് പ്രധാനം, എനിക്ക് അല്പം ബുദ്ധിമുട്ടുണ്ടായാലും കുഴപ്പമില്ല എന്ന ചിന്ത 

ഒരു വ്യക്തി തന്റെ അനുഭവം പറഞ്ഞത് ഇങ്ങനെ- അയാൾ കടയിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പോയതാണ്. സാമ്പത്തികമായി അയാൾക്ക് അല്പം ബുദ്ധിമുട്ടുള്ള സമയമായിരുന്നു.

വീട്ടിൽ അത്യാവശ്യമായ സാധനങ്ങൾ മാത്രം വാങ്ങാനുള്ള പൈസയെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പോകുംവഴി ഒരു അയൽവാസി അയാളോട് പണം തരാമോ അത്യാവശ്യമാണ് എന്ന് ചോദിച്ചു. പക്ഷേ ഇന്നുവരെ ആരോടും നോ പറഞ്ഞു ശീലമില്ലാത്ത അയാൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ആ അയൽക്കാരൻ മദ്യത്തിന് അടിമയാണ് എന്നും ജോലി ചെയ്യാൻ തയ്യാറല്ലാത്ത ആളാണ് എന്നും അയാൾക്കറിയാം. പക്ഷേ പണം തരാൻ കഴിയില്ല എന്ന് പറയാൻ അയാൾക്ക് ധൈര്യമുണ്ടായില്ല.

അയാൾ നോക്കി നിൽക്കെ അയൽക്കാരൻ ആ പണവുമായി ഓടി മദ്യം വാങ്ങുന്ന കടയിലേക്ക് പോകുന്നതാണ് കണ്ടത്. അയാൾക്ക് വലിയ സങ്കടം തോന്നി. വീട്ടിൽ ഇനി എന്തു പറയും. ഇദ്ദേഹത്തിന്റെ ഈ രീതി പലപ്പോഴും വീട്ടിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായി. ഈ ഒരു ബുദ്ധിമുട്ട് അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞു പിന്നീടിത് മാറ്റിയെടുക്കാൻ സൈക്കോളജിസ്റ്റിനെ സമീപിച്ചു.

നോ പറഞ്ഞു ശീലമില്ലാത്തവരിൽ ഇതെങ്ങനെ സാധ്യമാകും എന്നതിൽ ഒരു ധാരണയും ഇല്ലാത്ത അവസ്ഥയുണ്ട്. ഏറ്റവും ആദ്യമായി നാം മനസ്സിലാക്കേണ്ടത് നോ പറയുന്നത് ഒരു തെറ്റല്ല എന്നതാണ്. പലപ്പോഴും നമുക്ക് ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ചെയ്യാനാവാതെ നീണ്ടുപോകുന്നതും, നമ്മൾ അധ്വാനിച്ചു സമ്പാദിച്ച പൈസ കൃത്യമായി ഉപകാരപ്പെടാൻ കഴിയാതെപോകുന്നതും, നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാൻ കഴിയാത്തപോകുന്നതും എല്ലാം നോ പറയാൻ മടിക്കുന്നത് കാരണമാകാം. 

എന്തിനും ഏതിനും നോ പറയുന്ന പ്രവണത അല്ല, പകരം മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ അല്ലെങ്കിൽ ജോലികൾക്ക് തടസ്സമാകുന്നതോ ആയ കാര്യങ്ങളിൽ നോ പറയേണ്ടത് ആവശ്യമാണ്. അതിനായുള്ള ചില വഴികൾ ഇതൊക്കെയാണ്:

1.  മുഖത്തുനോക്കി നോ എന്നു പറയുന്നത് ചിലപ്പോൾ അത്ര എളുപ്പമല്ല എന്ന് തോന്നുമ്പോൾ ഈ വഴി ഉപയോഗിക്കാം. ഉദാ: എനിക്ക് പണം തന്നു നിന്നെ സഹായിക്കണം എന്ന് ആഗ്രഹമുണ്ട്, പക്ഷേ വീടിന്റെ പണി നടക്കുന്ന സമയമായതുകൊണ്ട് ഇപ്പോൾ പണം തരാൻ ഒരു നിവർത്തിയുമില്ല. നിനക്കെന്നോട് ദേഷ്യം ഒന്നും തോന്നരുത്”- കാരണം എന്താണെന്നു  വ്യക്തമാക്കാം.

2.  ഒരു സുഹൃത്തോ ബന്ധുവോ നിങ്ങളെ വിളിച്ചു ഒരു കാര്യം ആവശ്യപെട്ടെന്നിരിക്കട്ടെ. നിങ്ങൾക്ക് അത് സാധ്യമാക്കുക വലിയ ബുദ്ധിമുട്ടാണ്. അതു നിങ്ങളുടെ സമാധാനത്തെ നഷ്ടപ്പെടുത്തും എന്നിരിക്കട്ടെ. ഉടനെ മറുപടി പറയാൻ നിങ്ങളെ അവർ സമ്മർദ്ദത്തിലാക്കിയേക്കാം. എന്നാൽ നിങ്ങൾ ഉടനെ തന്നെ ഉത്തരം നൽകണം എന്നില്ല. ഞാൻ എന്റെ അടുത്ത ദിവസങ്ങളിലെ ജോലികൾ എന്തൊക്കെ എന്ന് നോക്കിയതിനുശേഷം, അല്ലെങ്കിൽ വീട്ടിൽ എല്ലാവരോടും ഒന്നു ചർച്ച ചെയ്തതിനുശേഷം പറയാം എന്ന് പറയുക. അതും നോ പറയുന്നതിന് തുല്യമായ മറ്റൊരു മാർഗ്ഗമാണ്.

3.  കൂടെ ജോലി ചെയ്യുന്ന ഒരാൾ ഒരു സഹായം ആവശ്യപ്പെട്ടു എന്നിരിക്കട്ടെ. അയാൾ നാളെ ഓഫീസിൽ എത്താൻ വൈകും, അയാൾ എത്തുന്നതുവരെ അയാളുടെ ചില ജോലികൾ കൂടി ശ്രദ്ധിക്കണം എന്ന് പറയുന്നു  എന്നിരിക്കട്ടെ. ചില നിബന്ധനകൾ മുന്നോട്ടു വെക്കാം. ഉദാ: നാളെ ഞാൻ ഈ പറയുംപോലെ ചെയ്യാം, പക്ഷേ അടുത്ത ആഴ്ചയും ഇതേപോലെ വൈകുമെന്നു പറഞ്ഞിരുന്നില്ലേ, അപ്പോൾ എനിക്ക് സഹായിക്കാൻ സാധിച്ചെന്നു വരില്ല എന്ന് പറയുക.

4.  നോ പറയാൻ നിങ്ങൾക്കു സാവധാനം ധൈര്യം ഉണ്ടാക്കിയെടുക്കാൻ മുൻപ് പറഞ്ഞ മാർഗ്ഗങ്ങൾ ശീലമാക്കാം. പതിയെ നേരായ രീതിയിൽ ഭയമില്ലാതെ നോ എന്ന് പറയാൻ തുടങ്ങാം. നിങ്ങൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങളോട് ഒരുപാട് ഒഴിവുകഴിവുകൾ പറഞ്ഞു മുന്നോട്ടു പോകുന്ന രീതിക്കു മാറ്റം വരുത്താം. പകരം ധൈര്യമായി നോ- എനിക്ക് താല്പര്യമില്ല എന്ന് പറയുമ്പോൾ നിങ്ങളുടെ മാനസികാരോഗ്യം വർദ്ധിക്കും. 

(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)

' എപ്പോഴും ഞാൻ ഒരു പരാജയമാണ് എന്ന് ചിന്തിച്ചു സമയം കളയുന്നതിൽ അർത്ഥമില്ല'

 

Latest Videos
Follow Us:
Download App:
  • android
  • ios