മൂത്രാശയ അണുബാധയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ വളരെ മുമ്പിലാണ് സ്ത്രീകളിലെ സാധ്യതകള്‍. സമയത്തിന് മൂത്രം പുറന്തള്ളപ്പെടാതെ കെട്ടിക്കിടക്കുന്ന അവസ്ഥ മൂലമാണ് മിക്കവാറും സ്ത്രീകളില്‍ മൂത്രാശയ അണുബാധ പിടിപെടുന്നത്. ഇത് സമയത്തിന് ചികിത്സിച്ച് ഭേദപ്പെടുത്തിയില്ലെങ്കില്‍ വൃക്കയെ വരെ ഗുരുതരമായി ബാധിച്ചേക്കാവുന്ന അസുഖമാണ്. 

മൂത്രം പിടിച്ചുവയ്ക്കുന്നതിന് പുറമെ, വൃത്തിഹീനമായ കക്കൂസുകള്‍ ഉപയോഗിക്കുന്നതും ശുചിത്വമില്ലായ്മയുമെല്ലാം മൂത്രാശയത്തിലെ അണുബാധയ്ക്ക് കാരണമാകാറുണ്ട്. ഇതിനെല്ലാം പുറമെ മറ്റ് ചില ഘടകങ്ങള്‍ കൂടി സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

യോനീപരിസരങ്ങള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിനായി പല തരം ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന സ്ത്രീകളുണ്ട്. ഇത് ക്രീമുകളോ, സാനിറ്റൈസിംഗ് ഉപകരണങ്ങളോ, വൈപ്പുകളോ ഒക്കൊകാം. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളുടെ പതിവായ ഉപയോഗം യോനീഭാഗത്തെ ചര്‍മ്മത്തിന്റെ 'പി എച്ച് ലെവല്‍' വ്യത്യാസപ്പെടുത്തിയേക്കാം. അതുപോലെ തന്നെ സാധാരണഗതിയില്‍ ശരീരത്തില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ അളവിനേയും വ്യത്യാസപ്പെടുത്താം. 

ഇതെല്ലാം ക്രമേണ അണുബാധയിലേക്ക് നയിക്കുന്നു. ആദ്യഘട്ടത്തില്‍ മൂത്രാശയത്തിലും തുടര്‍ന്ന് കൂടുതല്‍ അകത്തേക്കുമായി അണുബാധ പടര്‍ന്നേക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ നേരത്തേ സൂചിപ്പിച്ചത് പോലെ ഗൗരവമുള്ള പ്രശ്‌നങ്ങളിലേക്ക് എത്തിക്കാനും ഇത് മതി. 

രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ കഴിവതും യോനീപരിസരങ്ങളിലോ, അകത്തോ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ സോപ്പും ഉപയോഗിക്കാം. എന്നാല്‍ ഇതിലധികമുള്ള ഒന്നും ഉപയോഗിക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഇവര്‍ പറയുന്നത്. 

Also Read:- സ്ത്രീകൾ ശ്രദ്ധിക്കാതെ പോകരുത്; 'യോനിയിലെ പൂപ്പൽ ബാധ' ഉണ്ടാകുന്നതിന്റെ കാരണങ്ങൾ അറിയാം...

ഫംഗല്‍- ബാക്ടീരിയല്‍ ബാധകള്‍ വന്നിട്ടുള്ളവരാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതുപോലെ തന്നെ വസ്ത്രം ധരിക്കുമ്പോള്‍ മൃദുവായതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.