ഹാജറ, ഷഫിയ, നസീമ, സകീന നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളെ... എന്താ രസം... അടിപൊളിയല്ലേ വന്നോളീ മക്കളെ...! എന്നു തുടങ്ങുന്ന നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ നിങ്ങളും കണ്ടുകാണും
മണാലിയിൽ പോയി മഞ്ഞ് വാരി എറിയുന്ന വീഡിയോയിലൂടെ വൈറലായ നബീസുമ്മയെ നിങ്ങൾ ആരും മറന്നിട്ടുണ്ടാകില്ല. ഹാജറ, ഷഫിയ, നസീമ, സകീന നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ... എന്ന് പറഞ്ഞുകൊണ്ട് നിലത്ത് കിടന്ന് മഞ്ഞ് വാരിയെറിയുന്ന നബീസമ്മയുടെ വീഡിയോ ആണ് കുറച്ച് ദിവസങ്ങൾക്ക് മുന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. നാല് ലക്ഷത്തിലേറെ ആളുകൾ ലൈക്ക് ചെയ്ത വീഡിയോ 51 ലക്ഷം പേരാണ് ഒറ്റ ദിവസം കൊണ്ട് കണ്ടത്. നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ നബീസുമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. തന്റെ ജീവിതകഥകളും അനുഭവങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് നബീസുമ്മ.
മണാലിയിലേക്കുള്ള യാത്ര
ഡിസംബർ 11 -നാണ് മണാലിയിലേക്ക് യാത്ര തിരിക്കുന്നത്. രണ്ട് ദിവസത്തെ യാത്രക്കൊടുവിലാണ് ദില്ലിയിലെത്തുന്നത്. പിന്നീട് അവിടെ നിന്നും മണാലിയിലേക്ക് ബസ് കയറി. ഒടുവിൽ 11 ദിവസത്തെ ട്രിപ്പും കഴിഞ്ഞ് സ്വന്തം നാടായ കുറ്റിയാടി കടിയങ്ങാടിലേക്കെത്തി. 55 വയസിനിടെ ആദ്യമായാണ് നബീസുമ്മ കശ്മീരിലെത്തുന്നത്. ഇളയ മകൾ ജിഫ്നയാണ് ട്രിപ്പിന്റെ ആശയം മുന്നോട്ട് വെക്കുന്നത്. കൂട്ടുകാർക്കൊപ്പം 'പ്ലാൻ ടു ഗോ' എന്ന യാത്ര സംഘത്തിനൊപ്പമാണ് യാത്ര പോകുന്നത്. യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഫയാസ് എന്ന വ്യക്തിയാണ് മഞ്ഞ് വാരി കളിക്കുന്ന നബീസുമ്മയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പങ്കുവെക്കുമ്പോൾ ഇത്ര ഫെയ്മസാകുമെന്ന് നബീസുമ്മ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

അവിടെ എത്തിയതിന് ശേഷം മനസ്സ് ആകെപ്പാടെ മാറിപ്പോയി. ആഹ്ളാദം കൊണ്ട് തണുപ്പൊന്നും അറിഞ്ഞതേയില്ല. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമാണ് അപ്പോൾ തോന്നിയത്. എല്ലാരും എന്നെ പോലെ ഇവിടെ വന്ന് സന്തോഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. ഒപ്പം ഉണ്ടായിരുന്നതെല്ലാം തന്റെ മക്കളുടെ പ്രായത്തിലുള്ള കുട്ടികളായിരുന്നു. അവർക്കൊപ്പമുള്ള യാത്ര ഏറെ പ്രിയപ്പെട്ടതായിരുന്നു. അത്രയ്ക്കും സപ്പോർട്ട് ആണ് അവർ തന്നത്. ഇങ്ങനെയൊരു നാട്ടിൽ എത്തിപ്പെടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നാണ് 'പൂതി'യെന്നും നബീസുമ്മ പറയുന്നു.

ജനറൽ കംപാർട്മെന്‍റിൽ കയറി അജ്മീരിലേക്ക്
ആദ്യമായി നബീസുമ്മ ഒരു ദൂരയാത്ര ചെയ്തത് അജ്മീരിലേയ്ക്കായിരുന്നു. മക്കൾക്കൊപ്പം കൊച്ചി വരെ പോയപ്പോഴാണ് അജ്മീരിലേക്ക് പോകണമെന്ന് ആഗ്രഹം തോന്നുന്നത്. കിട്ടിയ ട്രെയിനിൽ കയറി അജ്മീരിലേക്ക് യാത്ര തിരിച്ചു. എന്നാൽ കിട്ടിയതോ ജനറൽ ടിക്കറ്റും. ദിവസങ്ങളോളം ഉറങ്ങാതെ ട്രെയിനിന്‍റെ നിലത്തിരുന്ന് കഴിച്ചുകൂട്ടിയത് നബീസുമ്മ ഇന്നും ഓർക്കുന്നു. അത്രയേറെ കഷ്ടപ്പെട്ട് അജ്മീർ കാണാൻ പോയപ്പോഴും യാത്രയെ പഴിചാരിയിരുന്നില്ല. ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നാണ് അന്നും തോന്നിയതെന്ന് നബീസുമ്മ പറയുന്നു.
യാത്രയ്ക്ക് വേണ്ടി കൊതിച്ച കുട്ടിക്കാലം, പക്ഷേ...
പ്രായമുള്ള ഉമ്മയ്ക്കും ഉപ്പയ്ക്കും ഒപ്പം 10 വയസ് മുതലേ ജോലിക്ക് പോയി തുടങ്ങിയതാണ് നബീസുമ്മ. ഉമ്മയ്ക്കും ഉപ്പയ്ക്കും ഒറ്റ മകളാണ്. ചെറുപ്പം മുതലേ നന്നേ കഷ്ടപ്പെട്ടിരുന്നു. ആവശ്യത്തിനുള്ള ഭക്ഷണമോ, മാറ്റാൻ വസ്ത്രങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 22 വർഷങ്ങൾക്ക് മുമ്പ് മഞ്ഞപിത്തം ബാധിച്ച് ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റക്കാണ് മൂന്ന് പെണ്മക്കളെയും വളർത്തിയത്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു. ചെറുപ്പം മുതലേ യാത്ര പോകണമെന്നും ട്രെയിനിൽ കേറണമെന്നുമൊക്കെ ആഗ്രഹമുണ്ട്. എന്നാൽ കൊണ്ട് പോകാൻ അന്ന് ആരുമുണ്ടായിരുന്നില്ല. അതിനുള്ള സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല. ഇന്ന് തൊഴിലുറപ്പ് പദ്ധതിക്ക് പോയാണ് നബീസുമ്മ തന്‍റെ സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്കാവശ്യമായ പണത്തില്‍ കുറച്ചെങ്കിലും കണ്ടെത്തുന്നത്.

ഇനി മലേഷ്യയിലേക്ക്
ഇനിയും യാത്രകൾ പോകാൻ ഭയങ്കര പൂതിയുണ്ട്. കാണാത്ത സ്ഥലങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. ഇനി മലേഷ്യ ഒന്ന് കാണണമെന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തികം കൂടെ നോക്കേണ്ടി വരുന്നത് കൊണ്ട് അതിന്‍റെതായ ബുദ്ധിമുട്ടുകളുണ്ടെന്ന് നബീസുമ്മ പറയുന്നു.
ഉറക്കം വിട്ടുണരൂ, സധൈര്യം മുന്നോട്ട്...
നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടേണ്ടവരല്ല സ്ത്രീകളെന്നാണ് നബീസുമ്മയുടെയും അഭിപ്രായം. ഒരു കാലത്ത് വീടുകളിൽ ഒതുങ്ങി കൂടിയത് കൊണ്ടാണ് ലോകത്തെപ്പറ്റി സ്ത്രീകൾക്ക് അറിവില്ലാത്തത്. കുടുംബശ്രീയും മറ്റ് ബോധവത്കരണ പരിപാടികളും വന്നതിന് ശേഷമാണ് സ്ത്രീകളിൽ ഇത്രയും മാറ്റങ്ങൾ വന്നുതുടങ്ങിയതെന്നും നബീസുമ്മ കൂട്ടിച്ചേര്‍ക്കുന്നു. ഒരു കാലത്ത് കുടുംബക്കാരെ പേടിച്ച് നടന്നിരുന്നു. അപ്പോഴൊക്കെ മക്കൾ പറയുമായിരുന്നു എല്ലാവരെയും ഇങ്ങനെ പേടിച്ച് നടന്നത് കൊണ്ടാണ് നമ്മളെ അവർ അധിക്ഷേപിക്കുന്നതെന്ന്. അതുകൊണ്ട് തന്നെ സധൈര്യം മുന്നോട്ട് പോകാനാണ് നബീസുമ്മ പറയുന്നത്. ഇപ്പോൾ പരിചയക്കാരോടും കുടുംബക്കാരോടുമൊക്കെ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് നബീസുമ്മ. ഇത്രയും കാലം സ്ത്രീകളൊക്കെ ഉറങ്ങുകയായിരുന്നുവെന്ന് നബീസുമ്മ പറയുന്നു.

മതപണ്ഡിതന്‍റെ പരാമർശം
ഒരു സംഭവം ഉണ്ടായാൽ അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ഇനിയും യാത്ര പോകും. കാരണം നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. അത്തരം പരാമർശങ്ങൾ ആദ്യം ചെറിയ വിഷമം ഉണ്ടാക്കിയിരുന്നു. എന്നാൽ, ഒരു ചെവിയിൽ കൂടെ കേട്ട് മറ്റൊരു ചെവിയിൽ കൂടെ അത് വിട്ടുകളയുകാണ് ചെയ്തത്. അതിലൊന്നും ഒരു പ്രശ്നവും തോന്നിയിട്ടില്ല. ഇനിയും അത്തരത്തിൽ ആളുകൾ വരാം. പക്ഷേ, അതൊന്നും ചെവിക്കൊള്ളില്ലെന്ന് നബീസുമ്മ പറയുന്നു. ജീവിതം ഒന്നേയുള്ളൂ. ആരെയും ബോധിപ്പിക്കാതെ സ്വന്തം സന്തോഷങ്ങൾക്ക് വില കൊടുക്കണം. പൈസ കൈയിലുള്ളത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. നമ്മൾ മുന്നിട്ടിറങ്ങണം. അല്ലാതെ വയസായി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. തന്‍റെ യാത്രകൾ മറ്റുള്ളവര്‍ക്ക് ഒരു പാഠമാവണമെന്നും രണ്ട് സെന്‍റ് വിറ്റിട്ടാണെങ്കിലും യാത്ര പോകണമെന്നാണ് നബീസുമ്മ പറയുന്നത്.

രണ്ട് തയ്യൽ മെഷീനുമായി 'മിഴി' തുറന്ന സോന; ഇതൊരു സ്ത്രീ സംരംഭകയുടെ വിജയകഥ
