ബ്രസീലിയൻ യാത്രയിൽ ചോദ്യവുമായി ഇന്ത്യൻ ഇൻഫ്ലുവൻസർ. ബിക്കിനി ടോപ്പും, ബാക്ക്പാക്കും, തൊപ്പിയും ധരിച്ച് അവർ തെരുവുകളിലൂടെ നടക്കുന്ന വീഡിയോയും പങ്കുവെച്ചായിരുന്നു ചോദ്യം
ഇന്ത്യൻ നഗരങ്ങളായ ദില്ലിയിലും മുംബൈയിലും തെരുവിലൂടെ തുറിച്ച് നോട്ടത്തിന് വിധേയമാകാതെ ഇങ്ങനെ നടക്കാനാകുമോ എന്ന് നടിയും ട്രാവൽ ഇൻഫ്ലുവനസറുമായ ഷെനാസ് ട്രെഷറീസ്. ബ്രസീലിലേക്കുള്ള തന്റെ യാത്രയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ ചോദ്യം. ബിക്കിനി ടോപ്പും, ബാക്ക്പാക്കും, തൊപ്പിയും ധരിച്ച് അവർ തെരുവുകളിലൂടെ നടക്കുന്ന വീഡിയോയും പങ്കുവെച്ചായിരുന്നു ചോദ്യം. പോസ്റ്റിന് പിന്നാലെ സ്ത്രീ ശരീരത്തോടും സ്വാതന്ത്ര്യത്തോടുമുള്ള മനോഭാവങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി.
ബ്രസീലിൽ തുറിച്ചു നോട്ടങ്ങളോ മുൻവിധികളോ നേരിടാതെ സ്വതന്ത്രമായി സഞ്ചരിക്കുന്നത് എത്ര വ്യത്യസ്തമാണെന്ന് ഷെനാസ് പറഞ്ഞു. ബ്രസീലിൽ, ഒരു ശരീരം വെറുമൊരു ശരീരം മാത്രമാണ്. ഇന്ത്യൻ സ്ത്രീകൾ മുൻവിധിയിൽ നിന്നോ ആളുകളുടെ നോട്ടങ്ങളിൽ നിന്നോ സ്വതന്ത്രരാകുന്നത് എങ്ങനെയാണെന്ന് അനുഭവിക്കണം. ഇവിടെ ഒരു സ്ത്രീയായിരിക്കുമ്പോൾ സുരക്ഷിതത്വവും സ്വാതന്ത്ര്യവും തോന്നുന്നുവെന്നും അവർ കുറിച്ചു. ഡൽഹിയിലോ മുംബൈയിലോ ഞാൻ ഇങ്ങനെ നടന്നാൽ സങ്കൽപ്പിക്കൂ, വോ!" ഇന്ത്യയിൽ സ്ത്രീകൾ പലപ്പോഴും അവരുടെ വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി സൂക്ഷ്മപരിശോധനയും ആവശ്യപ്പെടാത്ത ശ്രദ്ധയും നേരിടുന്നതെങ്ങനെയെന്നും അവർ പറഞ്ഞു. നിരവധി ഉപയോക്താക്കൾ ഷെനാസിനെ പിന്തുണച്ചു. ചിലർ വിമർശനവുമായി രംഗത്തെത്തി. ഗോവയിൽ താൻ ആസ്വദിച്ച പോലെ ഭാര്യക്ക് സാധിച്ചില്ലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. വസ്ത്രധാരണത്തെക്കാൾ സുരക്ഷയെയും ബഹുമാനത്തെയും കുറിച്ചാണ് ഷെനാസിന്റെ പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി പിന്തുണക്കാർ രംഗത്തെത്തി. കുറച്ച് വസ്ത്രം ധരിക്കുന്തോറും കൂടുതൽ സ്വതന്ത്രരാകാം എന്ന ഈ പ്രത്യയശാസ്ത്രം ഇന്ന് ആളുകൾ പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് സ്വാതന്ത്ര്യമല്ലെന്നും വിമർശകർ കുറിച്ചു.
സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ഭയമോ വിധിയോ ഇല്ലാതെ വസ്ത്രം ധരിക്കാനുള്ള അവകാശത്തെക്കുറിച്ചുമാണ് തന്റെ പോസ്റ്റെന്ന് ഷെനാസ് മറുപടി നൽകി. ഈ 'സ്വാതന്ത്ര്യ'ത്തെക്കുറിച്ച് അസ്വസ്ഥരായ പുരുഷന്മാരാണ് കമന്റ് വിഭാഗത്തിൽ നിറഞ്ഞിരിക്കുന്നതെന്നും അവർ പറഞ്ഞു.
