'ഒത്തിരി കറി കൂട്ടി, ഇച്ചിരി ചോറുണ്ണാൻ കൊതിയാവുന്നെടീ ചേച്ചി'
അവരുടെ മഞ്ഞയിൽ വെളുത്ത പൂക്കൾ വിതറിയ അയഞ്ഞ വസ്ത്രം. ഉയർത്തി കെട്ടിയ മുടി. പ്രാരാബ്ദത്തിന്റെ നിഴൽ വീണ തെളിച്ചമില്ലാത്ത മുഖം. അവർ നന്നേ ചെറുപ്പത്തിൽ വിവാഹിതയായവളായിരുന്നു

ചഞ്ചലയ്ക്ക്, തേങ്ങയും മുളകും ചെറുള്ളിയും ചതച്ചു ചേർത്ത, പച്ചവെളിച്ചണ്ണ തൂവിയ പപ്പായ തോരന്റെ മണമാണെന്ന് തോന്നാൻ മറ്റൊരു കാരണവുമില്ല. അവളെ പകർത്തി വെയ്ക്കാൻ, ഓർമ്മിക്കാൻ മറ്റൊന്നും തന്നെയില്ല.
ചഞ്ചലയുടെ ഇടിഞ്ഞു തൂങ്ങിയ വീട്ടിലെ അടുക്കളയെന്ന് പറയാവുന്നതായിയൊന്നുമില്ല. ചായപ്പൊടിയും മുളകുമൊക്കെ സൂക്ഷിക്കുന്ന ശൂന്യമായ ടിന്നുകൾ. അവസാനത്തെ, പഞ്ചാരത്തരിയും ചില്ലുകുപ്പിയിൽ പരതുന്ന ഉറുമ്പുകൾ. തട നിവർത്തിയ ചോറിന്റെ വെന്ത മണം നിറഞ്ഞ അടുക്കള.
ചഞ്ചലയുടെ സഹോദരി പച്ച പപ്പായയുടെ തൊലി ചെത്തി അരിയുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. അവരുടെ മഞ്ഞയിൽ വെളുത്ത പൂക്കൾ വിതറിയ അയഞ്ഞ വസ്ത്രം. ഉയർത്തി കെട്ടിയ മുടി. പ്രാരാബ്ദത്തിന്റെ നിഴൽ വീണ തെളിച്ചമില്ലാത്ത മുഖം. അവർ നന്നേ ചെറുപ്പത്തിൽ വിവാഹിതയായവളായിരുന്നു. പ്രേമത്തിന്റെ മധുരം കയ്ച്ചു തുടങ്ങിയപ്പോൾ ഒക്കത്തൊരു കുഞ്ഞുമായി, തന്റെ ഇടിഞ്ഞു തൂങ്ങിയ വീടിന്റെ നരച്ച മുറിയിലേക്ക് വന്നു ചേർന്നവൾ.
ചഞ്ചല, ഞാൻ ചോദിച്ച പുസ്തകം, കട്ടിലിന് കീഴെയും മറ്റും പരതി നിന്ന നേരം കൊണ്ട് അവർ പപ്പായ അരിഞ്ഞെടുത്തു. തേങ്ങ ചിരവി, കാന്താരിയും ഉപ്പും മഞ്ഞളും ചേർത്ത് തിരുമ്മി അടുപ്പിൽ കയറ്റി. അല്പസമയത്തിനകം തേങ്ങ വെന്ത മണം അവിടമാകെ നിറഞ്ഞു. പുസ്തകം പരതുന്നതിനിടെ ചഞ്ചല മൂക്കു വിടർത്തി മണം പിടിച്ചു കൊണ്ട് ചോദിച്ചു.
"ഞാനിച്ചിരി ചോറ് തിന്നേച്ച് നിന്റെ ബുക്ക് നോക്കി തന്നാ മതിയോ."
"ഹാ..."
ഞാൻ ഇളകി തുടങ്ങിയ ബെഞ്ചിന്റെ ഒരറ്റത്ത് വീഴുമോയെന്ന് പേടിച്ചിരുന്നു. കഴുകി വെച്ച പാത്രങ്ങളിലൊന്നെടുത്ത് ചഞ്ചലയ്ക്ക് ചോറു വിളമ്പി നൽകുന്നതിനിടെ അവർ പറഞ്ഞു.
" ഞാനെടുത്തു തരാം. ഇച്ചിരി കറിയേയുള്ളു. അമ്മയ്ക്ക് വേണം."
ചഞ്ചല പറഞ്ഞു.
" എനിക്ക് ഇച്ചിരി കൂടി താടീ."
"പോ പെണ്ണേ... "
ചഞ്ചല പരവേശത്തോടെ ചോറു കഴിയ്ക്കുന്നതിടെ വല്ലായ്മയോടെ അവർ പറഞ്ഞു.
" ഇവിടെ ഒന്നും ഇല്ലായിരുന്നു. ഇന്നലെയാണ് ആഴ്ചകൾ കൂടി ഇച്ചിരി എണ്ണേം ചായപ്പൊടിയും വാങ്ങുന്നേ. കൊച്ചിന് ഇത്തിരി ചോറെടുക്കട്ടെ..."
ആ ഇല്ലായ്മയിൽ നിന്നും പങ്കു പറ്റാൻ എനിക്ക് തോന്നിയില്ല. തിരിഞ്ഞു നടക്കുമ്പോൾ ചഞ്ചലയുടെ സ്വരം എന്റെ കാതിൽ വീണു.
" ഒത്തിരി കറി കൂട്ടി ഇച്ചിരി ചോറുണ്ണാൻ കൊതിയാവുന്നെടീ ചേച്ചി... നീയെനിക്ക് ഇച്ചിരി കൂടി കറി താ....താടീ..."
ഓർമ്മകൾക്കിപ്പോൾ തേങ്ങ വേവുന്ന മണമാണ്...
'ഭർത്താക്കൻമാരെ ബഹുമാനിക്കണം, എവിടെ പോയാലും നമ്മൾ അവരോട് അനുവാദം ചോദിക്കണം'
