ഗര്‍ഭിണിയായ ശേഷം വണ്ണം കൂടിയ കാജലിനെ ഇതിന്റെ പേരില്‍ പലരും കളിയാക്കുകയും ട്രോളുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിശദമായ പ്രതികരണവുമായി കാജലും രംഗത്തെത്തി

തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെയെല്ലാം ഇഷ്ടനടിയാണ് കാജല്‍ അഗര്‍വാള്‍ ( Kajal Aggarwal ). ബോളിവുഡിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് ( Tamil Films ) കാജല്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായത്. 

തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം സിനിമ ചെയ്ത കാജല്‍ വിവാഹശേഷവും ഫീല്‍ഡില്‍ സജീവമായിരുന്നു. 2020 ഒക്ടോബറിലായിരുന്നു കാജലിന്റെയും വ്യവസായിയായ ഗൗതം കിച്‌ലുവിന്റെയും വിവാഹം. 

ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് കാജല്‍. ഗര്‍ഭിണിയാണെന്ന വിവരം കാജലും ഗൗതമും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അതിന് ശേഷം പുറത്തുവന്ന കാജലിന്റെ ഒരു വീഡിയോ ചെറിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. 

ഗര്‍ഭിണിയായ ശേഷം വണ്ണം കൂടിയ കാജലിനെ ഇതിന്റെ പേരില്‍ പലരും കളിയാക്കുകയും ട്രോളുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിശദമായ പ്രതികരണവുമായി കാജലും രംഗത്തെത്തി. 

ജീവിതത്തിലെ ഏറ്റവും മനേഹരമായൊരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിനും മനസിനും സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാത്തത് മൂലമായിരിക്കും വിഡ്ഢികളായ പലരും തന്നെ ഈ അവസരത്തില്‍ പരിഹസിക്കുന്നതെന്നും കാജല്‍ തുറന്നടിച്ചു. 

View post on Instagram

ശേഷം ഗര്‍ഭാവസ്ഥയില്‍ താന്‍ നേരിടുന്ന ശാരീരിക- മാനസിക വ്യതിയാനങ്ങളെ കുറിച്ചും കാജല്‍ പങ്കുവച്ചു. ഹോര്‍മോണ്‍ അളവില്‍ മാറ്റം വരുന്നതിന് അനുസരിച്ച് സ്തനങ്ങളും വയറുമെല്ലാം വലുതാകുമെന്നും ഇതെല്ലാം ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമാണെന്നും കാജല്‍ പറഞ്ഞു. ഒരുപക്ഷേ പ്രസവത്തിന് ശേഷം സ്ത്രീക്ക് പഴയ രൂപത്തിലേക്ക് തിരികെ പോകാന്‍ ഒരിക്കലും സാധിക്കാതെയും ഇരിക്കാം. അതെല്ലാം പ്രകൃതിയുടെ നിയമങ്ങളാണ്. അതില്‍ പ്രശ്‌നം കാണേണ്ട കാര്യമില്ലെന്നും താന്‍ എല്ലാത്തിനോടും 'ഓ ക്കെ' ആണെന്നും കാജല്‍ കുറിച്ചു. 

സ്ത്രീകളടക്കം നിരവധി പേരാണ് കാജലിന്റെ കുറിപ്പ് ഏറ്റെടുത്തത്. സംഭവം വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കെല്ലാം ശേഷം വീണ്ടും ഗര്‍ഭകാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കാജല്‍. 

View post on Instagram

'നമ്മളിലുള്ള, നമ്മളറിയാത്ത ശക്തിയെ കുറിച്ച് പഠിച്ചും ഒരിക്കലും ഉള്ളതായി തോന്നിയിട്ടില്ലാത്ത ഭയങ്ങളെ കൈകാര്യം ചെയ്തും അമ്മയാകാനുള്ള പരിശീലനത്തിലാണ്..'- എന്ന അടിക്കുറിപ്പുമായാണ് പട്ടുപുടവ ധരിച്ചുനില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ കാജല്‍ പങ്കുവച്ചിരിക്കുന്നത്. ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. നേരത്തെ ചടങ്ങില്‍ നിന്ന് ഗൗതമിനൊപ്പം എടുത്ത ചിത്രങ്ങളും കാജല്‍ പങ്കുവച്ചിരുന്നു. 

പ്രസവത്തിന് ശേഷം ചില സ്ത്രീകളില്‍ പിടിപെടുന്ന വിഷാദരോഗത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്ന ഒരു വര്‍ഷമായിരുന്നു ഇക്കഴിഞ്ഞത്. അതോടൊപ്പം തന്നെ ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ശരീരത്തിന്റെ പ്രകൃതം അടിസ്ഥാനപ്പെടുത്തി നേരിടുന്ന ബോഡി ഷെയിമിംഗ് പോലുള്ള വിഷയങ്ങളെല്ലാം സജീവമായി ചര്‍ച്ചയിലുണ്ടായിരുന്നു. ഇതിനോടെല്ലാം ചേര്‍ത്തുവയ്ക്കാവുന്നതാണ് ഇത്തരം വിഷയങ്ങളില്‍ സെലിബ്രിറ്റികള്‍ നടത്തുന്ന പരസ്യപോരാട്ടം. ആളുകളില്‍ അവബോധമുണ്ടാക്കുന്നതിനും ഇത് ഏറെ ഉപകരിക്കും.

Also Read:- സന്തോഷവാര്‍ത്ത പങ്കുവച്ച് കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതമും