കാളിയാണ്, ഫൈറ്ററാണ്. എന്നാൽ കഥയല്ലിത്, ജീവിതമാണ്. ജീവിതത്തിൽ പ്രതിസന്ധികളോട് ഫൈറ്റ് ചെയ്യേണ്ടി വന്ന 'കാളി'യെന്ന ലേഡി ഫൈറ്റ് മാസ്റ്ററുടെ കരുത്തുറ്റ ജീവിതത്തെക്കുറിച്ച് അറിയാം.       

ജീവിത സാഹചര്യങ്ങൾകൊണ്ട് വഴിമുട്ടി എങ്ങനെ ജീവിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ഉഴലുന്നവര്‍ നിരവധി നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാഹചര്യങ്ങൾ എത്ര കഠിനമാണെങ്കിലും അതിനെയൊക്കെ ചിരിച്ചുകൊണ്ട് തരണം ചെയ്യണമെന്ന് 'കാളി' എന്ന മിടുക്കി നമ്മെ പഠിപ്പിക്കുന്നു. മലയാള സിനിമയിലെ തന്നെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് ‘കാളി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ധന്യ. ഫൈറ്റ് മാസ്റ്ററെന്ന് വെറുതെ പറയാൻ സാധിക്കില്ല. ജീവിതത്തിൽ പ്രതിസന്ധികളോട് ഫൈറ്റ് ചെയ്യേണ്ടി വന്ന അതേ റോൾ ജോലിയാക്കി മാറ്റുകയായിരുന്നുവെന്ന് കാളി പറയുന്നു.

ജീവിതത്തിലും ഫൈറ്റർ

എല്ലാവരെയും പോലെ തന്നെ ജീവിത സാഹചര്യങ്ങളാണ് കാളിയേയും ഫൈറ്റ് മാസ്റ്റർ എന്ന രംഗത്തേക്ക് എത്തിച്ചത്. 18-ാം വയസിലാണ് ബന്ധുക്കളുടെ നിർബന്ധ പ്രകാരം ആദ്യമായി വിവാഹിതയാവുന്നത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. കുട്ടികളുടെയും തന്റെയും ജീവിതം പെരുവഴിയിലാകുമെന്ന് തോന്നിയ സമയത്താണ് അവിചാരിതമായി ഫൈറ്റ് മാസ്റ്റർ റോളിലേക്ക് എത്തുന്നത്. സിനിമയിൽ അത് ആദ്യമായാണ് ചെയ്യുന്നതെങ്കിലും ജീവിതത്തിൽ ശരിക്കും ഫൈറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് കാളി തുറന്നു പറയുന്നു. ബാല്യകാലം മുതൽ മോശമായ പല പേരുകളിലും തന്നെ ബന്ധുക്കളും നാട്ടുകാരും വിളിക്കുമായിരുന്നു. വളരുന്നതിന് അനുസരിച്ച് ശല്യം കൂടുകയും ചെയ്തു. വാക്കുകൾക്കൊണ്ടും പ്രവർത്തികൾകൊണ്ടും ആളുകൾ വേദനിപ്പിക്കാൻ തുടങ്ങി. ബസ് സ്റ്റോപ്പിലും ബസിനുള്ളിലും വരെ ശല്യം സഹിക്കാൻ വയ്യാതായി. ഒരു പെൺകുട്ടിക്ക് നേരിടേണ്ടി വരുന്നതിലും അപ്പുറമായിരുന്നു അത്. ഒടുവിൽ അതിനെതിരെ ശരിക്കും ഫൈറ്റ് ചെയ്തു, പ്രതികരിക്കാൻ തുടങ്ങി. സ്വന്തമായി ബൈക്ക് ഓടിക്കാൻ പഠിച്ചു. ബസ് നിർത്തി യാത്രകൾ ബൈക്കിലാക്കി. ഇന്ന് ആരും ഒന്നിനും വരില്ല. അവർക്ക് പേടിയാണെന്നും കാളി പറയുന്നു.

ബാല്യത്തെക്കുറിച്ച്

തന്റെ 15-ാം വയസ്സിൽ തുടങ്ങിയ ഒഴിയാത്ത ദുരിതങ്ങൾ. കാവലും കരുതലും ആകേണ്ടിയിരുന്ന വളർത്തച്ഛനും വളർത്തമ്മയും സമ്മാനിച്ചത് ദുരിതമേറിയ ജീവിത അനുഭവങ്ങൾ മാത്രം. നല്ല സ്നേഹമോ, വാത്സല്യമോ ലഭിക്കാത്ത ബാല്യം. വളരെ ചെറുപ്പത്തിലേ തന്നെ പീഡനത്തിന് ഇരയാകേണ്ടിയും വന്നു. അപ്പോഴും ചേർത്തുപിടിക്കേണ്ടവർ കുറ്റം പറഞ്ഞു, കുറ്റക്കാരിയാക്കി. പിന്നീട് അങ്ങോട്ട് അവസരം കാത്തിരിക്കുന്ന കഴുകന്മാരിൽ നിന്നും ഓടിയൊളിക്കേണ്ട തിരക്കിലായിരുന്നു കാളി. അപ്പോഴേക്കും ജീവിതം ഇരുട്ടുമൂടിയിരുന്നു. പ്രകാശത്തിന്റെ ഒരു കണികപോലും അന്ന് എവിടെയും കണ്ടില്ല. കുറഞ്ഞത് 10 തവണയെങ്കിലും താൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് കാളി പറയുന്നു. എന്നാൽ അതിൽനിന്നുമൊക്കെ രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ വേദനകൾ നിറഞ്ഞ ജീവിതം കാളി ആസ്വദിക്കാൻ തുടങ്ങി. അതിൽനിന്നും ജീവിതം എന്താണെന്നും ജീവിക്കേണ്ടത് എങ്ങനെയാണെന്നും പഠിച്ചു.

ധന്യയിൽനിന്നും കാളിയിലേക്ക്

ശരിക്കുമുള്ള തന്റെ പേര് ധന്യ എന്നാണ്. പേര് തനിക്ക് ഇഷ്ടമായിരുന്നെങ്കിലും ഈ പേരുള്ള സമയത്താണ് താൻ ഏറ്റവും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുള്ളതെന്ന് കാളി പറയുന്നു. ഒരു സ്ത്രീക്ക് കാളി എന്നൊക്കെ പേരിടുമോ എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ ഒരു പേരിനും അപ്പുറം കാളി എന്ന വാക്കിന് ആഴമേറിയ അർത്ഥമുണ്ടെന്നും ആ കഥാപാത്രത്തെ ശരിക്കും അറിയുന്നവർക്ക് മാത്രമേ അത് മനസിലാകുകയുള്ളു എന്നും കാളി പറയുന്നു. സിനിമ മേഖലയിൽ പൊതുവെ സ്ത്രീകൾ ഫൈറ്റ് മാസ്റ്റർ റോളിലേക്ക് വരാറില്ല. അതിനാൽ തന്നെ ഈ രംഗത്ത് വന്നപ്പോൾ തനിക്കൊരു പേര് അനിവാര്യമായിരുന്നു. ഫൈറ്റ് മാസ്റ്റർ എന്ന റോളിനും തന്റെ ജീവിത പോരാട്ടത്തിനും ചേരുന്ന പേര് 'കാളി' തന്നെയാണെന്ന് തോന്നിയതുകൊണ്ടാണ് ഈ പേര് തെരഞ്ഞെടുത്തത്. തന്റെ ജീവിത സാഹചര്യങ്ങളും അതിന്റെ അനുഭവങ്ങളും പ്രതിരോധങ്ങളും എല്ലാം ഈ ഒറ്റ വാക്കിൽ ഉൾകൊള്ളുന്നുണ്ടെന്നും കാളി അഭിമാനത്തോടെ പറയുന്നു.

വസ്ത്രധാരണം കണ്ട്‌ മോശക്കാരിയാക്കി

സമൂഹം എത്രയൊക്കെ വളർന്നിട്ടുണ്ടെന്ന് പറഞ്ഞാലും ചില കാര്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നു. ആളുകളുടെ നിറവും അവർ ധരിച്ചിരിക്കുന്ന വസ്ത്രവും ആഭരണങ്ങളും നോക്കിയാണ് ഒരു വ്യക്തിയെ മറ്റുള്ളവർ വിലയിരുത്തുന്നത്. അതുവച്ച് ആളുകളെ മോശക്കാരാക്കും, അവർ മോശപ്പെട്ട സ്വഭാവം ഉള്ളവരാണെന്ന് മുദ്രകുത്തും. തന്റെ വസ്ത്രധാരണം നോക്കി, 'നീ ഇങ്ങനെയുള്ളവൾ അല്ലേ' എന്ന് പലപ്പോഴും പൊലീസുകാർ വരെ ചോദിച്ചിട്ടുണ്ട്. ഞാൻ അത് ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഇത്തരം രീതികളിലൊക്കെ മാറ്റങ്ങൾ വരേണ്ടത് അത്യാവശ്യമാണെന്നും കാളി പറയുന്നു.

സിനിമയിൽ അഭിനയിക്കണം

സിനിമയിൽ നല്ലൊരു വേഷം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. സാധ്യമെങ്കിൽ തന്റെ ജീവിത അനുഭവങ്ങൾ വെച്ചുതന്നെ ഒരു സിനിമ ചെയ്യാൻ താൽപര്യപ്പെടുന്നുണ്ട്. തന്നെപോലെ നിരവധി സ്ത്രീകൾ ഈ ലോകത്തിന്റെ പല കോണുകളിലുമുണ്ട്. എല്ലാവർക്കും അവരുടെ ദുരിത ജീവിതങ്ങൾ സമൂഹത്തോട് തുറന്ന് പറയാൻ കഴിയുകയില്ല. അത്തരം സ്ത്രീകൾക്കായി ഒരു സിനിമ വരേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ സമൂഹത്തിൽ അവബോധം സൃഷിടിക്കാൻ സാധിക്കുകയുള്ളു. അതേസമയം നിലവിൽ ഒരു സിനിമയിൽ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും കാളി വ്യക്തമാക്കി. ജീവിതത്തിന്റെ മറ്റൊരു റോളിലേക്ക് വേഷമിടാൻ ഒരുങ്ങുകയാണ് കാളി.