രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി കരീന കപൂർ. ​ഗർഭം എന്നത് ഒരസുഖമല്ല, ഗർഭിണിയാണെന്നു കരുതി ചടഞ്ഞിരിക്കാന്‍ തന്നെ കിട്ടില്ലെന്നും ക്വിന്റിനു നൽകിയ അഭിമുഖത്തില്‍ കരീന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. 

ജോലി ചെയ്യുന്ന അമ്മ എന്നതില്‍ ഏറെ അഭിമാനിക്കുന്ന വനിതയാണ് താനെന്ന് പറയുകയാണ് കരീന. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കരീന ഇക്കാര്യം പറഞ്ഞത്. 

'എല്ലാ കാര്യങ്ങളും പ്ലാനിങ്ങോടെ ചെയ്യുന്ന ആളല്ല താന്‍. ഇനി വീട്ടിലിരുന്ന് വിശ്രമിക്കാം എന്നൊന്നും കരുതുന്ന ആളേയല്ല. അതിനു ഗര്‍ഭകാലമെന്നോ പ്രസവശേഷമുള്ള കാലമെന്നോ ഉള്ള വ്യത്യാസമില്ല. ഗര്‍ഭിണികള്‍ക്ക് ജോലി ചെയ്യാനാവില്ല എന്നത് എപ്പോഴാണ് ആരെങ്കിലും പറഞ്ഞിട്ടുള്ളത്'- കരീന പറയുന്നു. 

കുഞ്ഞിന് വേണ്ടി സമയം നല്‍കുന്നതോടൊപ്പം ജോലിക്ക് വേണ്ടിയും നിങ്ങള്‍ക്ക് വേണ്ടിയും സമയം കണ്ടെത്തണമെന്നും കരീന പറയുന്നു. കൂടാതെ ജോലി ചെയ്യുന്ന അമ്മ എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നയാളാണ് താന്‍ എന്നും കരീന കൂട്ടിച്ചേര്‍ത്തു. ഗര്‍ഭകാലത്തുടനീളം തനിക്ക് മാനസിക പിന്തുണയുമായി കൂടെയുള്ളത് ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍ ആണെന്നും കരീന പറയുന്നു. 
 

Also Read:  നിറവയറുമായി പിങ്കില്‍ തിളങ്ങി കരീന കപൂര്‍; ചിത്രം പങ്കുവച്ച് താരം...