ഐഎഎസ് ഓഫീസർ പരി ബിഷ്‌ണോയിക്ക് സിവിൽ സർവീസ് നേടിയെടുക്കുക അത്ര എളുപ്പമല്ലായിരുന്നു. തോൽവി മാത്രമല്ല അതുമൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ, സങ്കടങ്ങൾ, ആരോഗ്യ പ്രശ്നങ്ങളെല്ലാം നമ്മൾ തരണം ചെയ്യേണ്ടി വരുമെന്ന് പരി തുറന്ന് പറയുന്നു.

ജീവിതത്തിൽ പലതരം പ്രതിസന്ധികൾ നമ്മൾ നേരിടേണ്ടതായി വരുന്നു. ചിലത് മാനസികമായി നമ്മളെ അങ്ങേയറ്റം ഇല്ലാതാക്കുന്നതാവാം. അവിടെ തോറ്റുകൊടുക്കാനും വിജയിക്കാനും നിങ്ങൾക്ക് സാധിക്കും. തീർച്ചയായും അത് നിങ്ങളുടെ കൈകളിൽ തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. അത്തരത്തിൽ തോൽ‌വിയിൽ നിന്നും വിജയത്തിൽ എത്തിയ ഐഎഎസ് ഓഫീസറുടെ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

രാജസ്ഥാൻ സ്വദേശിയായ ഐഎഎസ് ഓഫീസർ പരി ബിഷ്‌ണോയിക്ക് സിവിൽ സർവീസ് നേടിയെടുക്കുക അത്ര എളുപ്പമല്ലായിരുന്നു. തോൽവി മാത്രമല്ല അതുമൂലം ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ, സങ്കടങ്ങൾ, ആരോഗ്യ പ്രശ്നങ്ങളെല്ലാം തരണം ചെയ്യേണ്ടി വരുമെന്ന് പരി തുറന്ന് പറയുന്നു. സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിലാണ് ഐഎഎസ് ഓഫിസർ തന്റെ സിവിൽ സർവീസ് യാത്രയെക്കുറിച്ച് പറയുന്നത്.

View post on Instagram

2017ലാണ് പരി ആദ്യമായി സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ തോൽവിയാണ് പരിയെ തേടിയെത്തിയത്. ഒരുപാട് ആഗ്രഹിച്ച എഴുതിയ പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കാത്തതിന്റെ വിഷമം തന്നിൽ സമ്മർദ്ധവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കി. അങ്ങനെ മാനസികമായും ശാരീരികമായും തളർന്ന സമയത്താണ് തന്നെ അഭിമുഖത്തിന് വിളിക്കുന്നത്. അത് ജീവിതത്തിലെ വഴിത്തിരിവായി. വെറും റാങ്കിന് വേണ്ടി മാത്രമല്ല തനിക്കുവേണ്ടി തന്നെയാണ് താൻ പൊരുതേണ്ടതെന്ന് പരി തിരിച്ചറിഞ്ഞു.

ഇതോടെ പരി കൃത്യമായ ജീവിതശൈലി പിന്തുടരാൻ തുടങ്ങി. ഭക്ഷണ ക്രമീകരണത്തിലും മാനസിക സന്തോഷത്തിനും കൂടുതൽ മുൻഗണന നൽകി. ഇത് പഠനത്തിൽ കൂടുതൽ ശ്രദ്ധയും ഊർജ്ജവും ലഭിക്കാൻ സഹായിച്ചെന്ന് പരി പറയുന്നു. ഒടുവിൽ 2019ൽ പരി പരീക്ഷയിൽ വിജയിച്ചു. കഷ്ടപ്പാടുകൾ തരണം ചെയ്താൽ മാത്രമേ വിജയം കൈവരിക്കാൻ നമുക്ക് സാധിക്കുകയുള്ളുവെന്ന് വ്യക്തമാക്കുന്നതാണ് ഐഎഎസ് ഓഫിസർ പരി ബിഷ്ണോയുടെ ജീവിതം തരുന്ന പാഠം. 

ഇപ്പോൾ ഇരുട്ടിലാണെങ്കിൽ ജീവിതം മാറ്റാൻ നിങ്ങൾക്ക് സാധിക്കും. അത് പൂർണമായും നിങ്ങളുടെ കൈകളിൽ തന്നെയാണെന്നും പരി ഉറച്ച് പറയുന്നു. അതേസമയം നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. 'പരീക്ഷയിൽ വിജയിക്കാത്തതോടെ, ജീവിതത്തിൽ എന്നും തോൽവി മാത്രമാണ് എനിക്ക് അർഹിച്ചിട്ടുള്ളതെന്ന് കരുതിയിരുന്ന ആളാണ് ഞാൻ. എന്നാലിപ്പോൾ താങ്കളുടെ വാക്കുകൾ കൂടുതൽ പ്രചോദനം നൽകി.' ' ആർക്കും പ്രതീക്ഷകൾ നൽകുന്നതാണ് നിങ്ങളുടെ വാക്കുകൾ.' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.