പ്രമുഖ മോഡലും നടനും ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമന്‍റെ അമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തന്‍റെ 81-ാം പിറന്നാളിന് ഉഷ സോമന്‍ പുഷ്അപ് എടുക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.   

വീഡിയോ മകൻ മിലിന്ദ് തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പതിനഞ്ച് പുഷ്അപുകളെടുത്ത് അങ്കിത ബേക് ചെയ്ത ജാഗരി വാനില ആല്‍മണ്ട് കേക്ക് കഴിച്ച് അമ്മ പിറന്നാള്‍ ആഘോഷിച്ചു എന്ന കുറിപ്പോടെയാണ് മിലിന്ദ് വീഡിയോ പങ്കുവച്ചത്.
 

 

പ്രായത്തെ വെല്ലുന്ന പ്രകടനം എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. ജൂലൈ മൂന്നിനായിരുന്നു ഉഷ സോമന്‍റെ പിറന്നാള്‍. ഇത്തവണ സാംബിയയില്‍ ബംജീ ജംപിങ് ചെയ്യണമെന്നതായിരുന്നു ഉഷയുടെ ആഗ്രഹം. എന്നാല്‍ കൊറോണ പടര്‍ന്നതോടെ അതു നടന്നതുമില്ല. അങ്ങനെ വീട്ടില്‍ മകന്‍ മിലിന്ദിനും മരുമകൾ അങ്കിതയ്ക്കുമൊപ്പമായിരുന്നു ഉഷയുടെ പിറന്നാള്‍ ആഘോഷം.

 

 

കാലിൽ ചെരുപ്പിടാതെ കിലോമീറ്ററുകളോളം മാരത്തോൺ ഓട്ടം നടത്തി മുൻപും ഉഷ സോമൻ വൈറലായിട്ടുണ്ട്.  അമ്മയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോകള്‍  പലപ്പോഴായി മിലിന്ദ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. കൊവിഡ് കാലത്ത് വീടിനുള്ളില്‍ കഴിയുമ്പോഴും  വ്യായാമത്തിന്‍റെ കാര്യത്തില്‍ മിലിന്ദിനും കുടുംബത്തിനും ഒരു വിട്ടുവീഴ്ചയുമില്ല.  കുടുംബവുമൊത്ത് വീട്ടില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകള്‍ താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. 
 

 

Also Read: ഇതാണ് 'സൂപ്പര്‍മാന്‍ പുഷ് അപ്‌സ്'; വീട്ടില്‍ പരീക്ഷിക്കല്ലേ...