ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കൂബ ഡൈവർ കവരത്തി സ്വദേശിനിയായ മിർസാന ബീ​ഗം അനുഭവങ്ങൾ പങ്കുവെക്കുന്നു 

കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ എപ്പോഴും കൗതുകമാണ്. അത് കാണാനുള്ള അവസരം കൊതിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു തവണയെങ്കിലും സ്കൂബ ഡൈവിങ് ചെയ്യണമെന്ന് ആ​ഗ്രഹിക്കാത്തവർ വിരളമായിരിക്കും. എത്ര കണ്ടാലും മതിവരാത്ത കടലിനടിയിലെ ലോകത്തെപ്പറ്റി പറയുമ്പോൾ മിർസാനയ്ക്കും നൂറ് നാവാണ്. ലക്ഷദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കൂബ ഡൈവറാണ് കവരത്തി സ്വദേശിനിയായ മിർസാന ബീ​ഗം...

അഞ്ചാം ക്ലാസ് മുതൽ സ്നോർകലിങ് ചെയ്താണ് മിർസാന കടലിനെ കൂടുതൽ അറിയാൻ തുടങ്ങിയത്. സ്കൂബ ഡൈവിങ് പഠിക്ക​ണമെന്നായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ തടസ്സമായത് അവളുടെ പ്രായമായിരുന്നു. പത്ത് വയസ്സ് പൂർത്തിയായാൽ മാത്രമേ സ്കൂബ ഡൈവിങ് പഠിക്കാൻ കഴിയുമായിരുന്നുള്ളു. ഉപ്പ ഷഹാബുദ്ദീനാണ് സ്കൂബ ഡൈവിങ് പഠിക്കുന്നതിന് മിർസാനയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയത്.

സ്കൂബ ഡൈവിങ് രംഗത്തേക്കിറങ്ങുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്. കവരത്തിയിലെ ലക്ഷദ്വീപ് സ്കൂബ അഡ്വഞ്ചേഴ്സ് അക്കാദമിയും പരിശീലകനായ നജീമുദ്ദീനുമാണ് സ്കൂബ ഡൈവിങ്ങിനെപ്പറ്റി കൂടുതലായി പറഞ്ഞുതന്നത്. ആദ്യം ​ഗസ്റ്റിനെപോലെയാണ് കടലിനടിയിലെത്തിയത്. ആദ്യ ഡൈവിങ്ങിൽ കണ്ട കാഴ്ചകളും അനുഭവവുമാണ് സ്കൂബ ഡൈവിങ് കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചത്. സ്കൂബ ഡൈവിങ് പഠിക്കാനിറങ്ങിയപ്പോൾ കുടുംബത്തിൽ പലരും വേണ്ടെന്ന് പറഞ്ഞു. ബാപ്പയെപ്പോ​ലെതന്നെ ഉമ്മ ഹബീബ ബീഗവും സ​ഹോദരി ജിസ്ന ഹിബയും വലിയ പിന്തുണയാണ് നൽകിയത് - മിർസാന പറയുന്നു.

കോഴ്സ് തുടങ്ങിയപ്പോൾ തിയറി ഭാഗം പഠിച്ചെടുക്കാനാണ് മിർസാന ബുദ്ധിമുട്ടിയത്. ആദ്യം സീ സിക്ക്നെസ്സ് പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പക്ഷേ സ്കൂബ ഡൈവിങ് പഠിക്കണമെന്ന അടങ്ങാത്ത ആ​ഗ്രഹം തടസ്സങ്ങളെ കാറ്റിൽ പറത്തുകയായിരുന്നു. തന്നെ കുറ്റപ്പെടുത്തിയവർക്ക് മുന്നിൽ ജയിച്ച് കാണിക്കണമെന്ന വാശിയായിരുന്നു പിന്നീട് മിർസാനയുടെ മനസ്സിൽ ഉണ്ടായിരുന്നത്. കഠിനമായാണെങ്കിലും എല്ലാം പഠിച്ചെടുത്തു. മിർസാന ഒരു വർഷം മുൻപാണ് സ്കൂബ ഡൈവിങ്ങിൽ റെസ്ക്യൂ കോഴ്സ് ചെയ്തത്. ഇതിൽ റെസ്ക്യൂ എക്സർസൈസുകളാണ് പ്രധാനമായും ഉണ്ടായിരുന്നത്. വാട്ടർ, അണ്ടർവാട്ടർ, സർഫസ് റെസ്ക്യൂ തുടങ്ങിയവയാണ് പഠിക്കുന്നത്. മൂന്ന് മാസം മുൻപ് ഡൈവ് മാസ്റ്റർ എന്ന കോഴ്സും പൂർത്തിയാക്കി. ഇതിൽ ചലഞ്ചസ്, സ്കിൽസ്, തിയറി എന്നിവ കൂടുതലായിരിക്കും. ഡൈവ് മാസ്റ്റർ ചെയ്തപ്പോൾ നന്നായി പേടിച്ചിരുന്നെന്നും മിർസാന പറയുന്നു.

നിലവിൽ ബാം​ഗ്ലൂർ മൗണ്ട് കാർമൽ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് മിർസാന. പഠനം കാരണം സ്കൂബ ഡൈവിങ് ചെയ്യാൻ സമയം കിട്ടുന്നത് വളരെ കുറവാണെന്നും വെക്കേഷൻ സമയത്ത് നാട്ടിലെത്തുമ്പോഴാണ് ഡൈവിങ് ചെയ്യാൻ സമയം കിട്ടുന്നതെന്നും മിർസാന പറയുന്നു. ബാം​ഗ്ലൂരിലെ ജീവിതത്തിൽ മിർസാന ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും സ്കൂബ ഡൈവിങ് തന്നെയാണ്.