പതിനേഴുകാരിയായ മകളെ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് അമ്മയും സഹോദരനും ചേര്‍ന്ന് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. മൂന്ന് തവണയും പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ സ്വന്തം വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ( Minor Girls) വിവാഹം കഴിപ്പിക്കുന്നത് നിയമപരമായി ( Illegal Act ) കുറ്റമാണെന്നിരിക്കെ ഇന്നും നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ ധാരാളമായി നടക്കുന്നു. പ്രത്യേകിച്ച് ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലും ( Rural India വിദ്യാഭ്യാസം നേടാത്ത സമുദായങ്ങള്‍ക്കിടയിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലുമെല്ലാമാണ് ഇത് കാണപ്പെടുന്നത്. 

ഏത് കാരണത്താല്‍ ആയാലും പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. വിദ്യാഭ്യാസം നേടേണ്ട പ്രായത്തില്‍ കുട്ടികള്‍ക്ക് അതിനുള്ള സാഹചര്യമാണ് നല്‍കേണ്ടത്. സാമ്പത്തികമായി പിന്നാക്കമാണെങ്കില്‍ അതൊരു കാരണമായി കണ്ട് പെണ്‍കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ചയപ്പിക്കുന്നതും ന്യായീകരിക്കുക സാധ്യമല്ല. 

ഏതായാലും അത്തരമൊരു വാര്‍ത്തയാണിപ്പോള്‍ മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. പതിനേഴുകാരിയായ മകളെ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് അമ്മയും സഹോദരനും ചേര്‍ന്ന് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. 

മൂന്ന് തവണയും പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ സ്വന്തം വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു. തുടര്‍ന്ന് നാലാം തവണയും വിവാഹാലോചനകള്‍ മുറുകിയപ്പോള്‍ പെണ്‍കുട്ടി തന്നെ ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ച് പൊലീസിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 

പൊലീസെത്തി ഇടപെട്ടാണ് പെണ്‍കുട്ടിയെ നാലാം വിവാഹത്തില്‍ നിന്ന് രക്ഷപെടുത്തിയത്. ഇതോടെയാണ് പുറംലോകം വാര്‍ത്തയറിഞ്ഞത്. വിവാഹം ചെയ്ത പുരുഷന്മാരില്‍ നിന്ന് ശാരീരികമായോ മാനസികമായോ ആയ പീഡനങ്ങള്‍ പെണ്‍കുട്ടി നേരിട്ടിട്ടുണ്ടോ എന്നതും, ഏതെങ്കിലും വിധത്തിലുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടോയെന്നതും പൊലീസ് പരിശോദിച്ചുവരികയാണ്. 

പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും അടക്കം പന്ത്രണ്ട് പേര്‍ക്കെതിരെ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നിയമപരമായി കുറ്റമായതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ അറിവില്‍ വരുന്ന പക്ഷം അത് പൊലീസിനെ അറിയിക്കേണ്ടത് പൗരബോധമുള്ള ഓരോരുത്തരുടെയും കടമയാണ്.

Also Read:- വരൻ ആശുപത്രിയിൽ; വിവാഹ ദിനം വധു ആഘോഷമാക്കിയത് ഇങ്ങനെ...