ആകെ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമങ്ങളില്‍ ഒരു ലക്ഷത്തി, പതിനൊന്നായിരത്തിലധികം കേസുകളില്‍ ഭര്‍ത്താക്കന്മാരും ബന്ധുക്കളും ആണ് പ്രതികള്‍. സ്ത്രീധനമരണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യമുള്ളൊരു വിവരവും എന്ഡസിആര്‍ബി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട് 

പോയ വര്‍ഷം രാജ്യത്ത് സ്ത്രീകള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി). ദിവസത്തില്‍ ശരാശരി 77 ബലാത്സംഗം രാജ്യത്ത് പലയിടങ്ങളിലായി നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആകെ 28,046 ബലാത്സംഗങ്ങളാണ് 2020ല്‍ രേഖപ്പെടുത്തപ്പെട്ടതായി നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ആകെ സ്ത്രീകള്‍ക്കെതിരായി 3,71,503 അതിക്രമങ്ങള്‍ 2020ല്‍ നടന്നു. 2019ലെയും 2018ലെയും കണക്കുകള്‍ വച്ച് താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 2019ല്‍ 4,05,326ഉം 2018ല്‍ 3,78,236ഉം ആയിരുന്നു കണക്ക്. 

ബലാത്സംഗക്കേസുകളിലും 2020ല്‍ കുറവ് കാണുന്നുണ്ട്. 2019ല്‍ 32,033ഉം 2018ല്‍ 33,356ഉം 2017ല്‍ 32,559ഉം ബലാത്സംഗക്കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 

2020ലെ കണക്ക് പ്രകാരമുള്ള 28,046 ബലാത്സംഗക്കേസുകളില്‍ 25,498 ഇരകളും പ്രായപൂര്‍ത്തിയായവരാണ്. 2,655 പേര്‍ 18 വയസിന് താഴെയുള്ളരും. ഏറ്റവുമധികം റേപ് കേസുകള്‍ വന്നതാകട്ടെ രാജസ്ഥാനില്‍ നിന്നാണ്. 5,310 കേസുകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

രാജസ്ഥാന് പിന്നില്‍ 2,769 കേസുകളുമായി ഉത്തര്‍ പ്രദേശ്, 2,339 കേസുകളുമായി മദ്ധ്യപ്രദേശ്, 2,061 കേസുകളുമായി മഹാരാഷ്ട്ര, 1,657 കേസുകളുമായി അസം എന്നീ സംസ്ഥാനങ്ങളും. രാജ്യതലസ്ഥാനമായ ദില്ലിയില്‍ 997 റെയ്പ് കേസുകളാണ് പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 

ആകെ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമങ്ങളില്‍ ഒരു ലക്ഷത്തി, പതിനൊന്നായിരത്തിലധികം കേസുകളില്‍ ഭര്‍ത്താക്കന്മാരും ബന്ധുക്കളും ആണ് പ്രതികള്‍. അറുപത്തിരണ്ടായിരത്തിലധികം കേസുകള്‍ തട്ടിക്കൊട്ടുപോകല്‍ ആണ്. ഇതിന് പുറമെ ലൈംഗികാതിക്രമങ്ങളായി എണ്‍പത്തി അയ്യായിരത്തിലധികം കേസുകളും, ബലാത്സംഗ ശ്രമത്തിലായി 3,741 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

105 ആസിഡ് ആക്രമണങ്ങളും 2020ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സ്ത്രീധനമരണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യമുള്ളൊരു വിവരവും എൻസിആര്‍ബി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. പോയ വര്‍ഷം 6,966 സ്ത്രീകള്‍ക്ക് സ്ത്രീധനത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോ‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Also Read:- അവിഹിതബന്ധമെന്ന് സംശയം; ഭാര്യയുടെ ജനനേന്ദ്രിയം തുന്നിക്കൂട്ടി ഭര്‍ത്താവ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona